ട്രംപ്, പുടിൻ വിരുദ്ധ റിപ്പോർട്ടുകൾക്ക് പുലിറ്റ്സർ സമ്മാനം

റിപ്പോർട്ടിങ്ങിനുള്ള പുലിറ്റ്സര്‍ പുരസ്കാരം നേടിയ വാഷിങ്ടൻ പോസ്റ്റിലെ ഡേവിഡ് ഫാറന്റ്ഹോൽഡ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം.

ന്യൂയോർക്ക്∙ ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണം നിശിതമായി റിപ്പോർട്ട് ചെയ്ത വാഷിങ്ടൻ പോസ്റ്റിനും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടൽ തുറന്നുകാട്ടിയ ന്യൂയോർക്ക് ടൈംസിനും പുലിറ്റ്സർ സമ്മാനം.

അന്വേഷണാത്മക പത്രപ്രവർത്തനത്തിനു ഡെയ്‌ലി ന്യൂസ് ഓഫ് ന്യൂയോർക്കും പ്രോപബ്ലിക്ക വെബ്സൈറ്റും പുരസ്കാരം നേടി. പാനമ രേഖകൾ വെളിച്ചത്തുകൊണ്ടുവന്ന 300 റിപ്പോർട്ടർമാരുടെ രാജ്യാന്തര കൂട്ടായ്മയും സമ്മാനം നേടി.

വാഷിങ്ടൻ പോസ്റ്റിലെ ഡേവിഡ് ഫാറന്റ്ഹോൽഡിന്റെ ട്രംപ് റിപ്പോർട്ടുകൾ റിപ്പോർട്ടിങ്ങിനുള്ള ദേശീയ പുരസ്കാരമാണു നേടിയത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി റഷ്യൻ പ്രസിഡന്റ് പുടിൻ നടത്തിയ ഗൂഢമായ ഇടപെടലുകൾ വെളിപ്പെടുത്തിയ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിനാണു രാജ്യാന്തര റിപ്പോർട്ടിങ് പുരസ്കാരം.

മറ്റു സമ്മാനങ്ങൾ: പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കയിലെ അടിമജീവിതം ആവിഷ്കരിക്കുന്ന കോൾസൻ വൈറ്റ്ഹെഡിന്റെ നോവൽ ‘ദി അണ്ടർഗ്രൗണ്ട് റെയിൽറോഡ് (നോവൽ), ലിൻ നോട്ടജിന്റെ ‘സ്വെറ്റ്’ (നാടകം), ഹിഷാം മത്തർ: ദ് റിട്ടേൺ (ആത്മകഥ), മാത്യു ഡെസ്‌മണ്ട്: എവിക്റ്റഡ് (കഥേതര ഗദ്യം). വിവിധ വിഭാഗങ്ങളിൽ ആകെ 21 പുലിറ്റ്സർ സമ്മാനങ്ങളാണു നൽകുന്നത്.