Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കംപ്യൂട്ടർ വിവരം ചോർത്തുന്ന സംഘത്തിനെതിരെ യുഎസിന്റെ നടപടി; സ്പെയിനിൽ പിടിയിലായത് ഹാക്കർ സംഘത്തലവൻ

hacker

വാഷിങ്ടൻ∙ റഷ്യൻ ഹാക്കർ പീറ്റർ ലെവഷോവ് (36) സ്പെയിനിൽ പിടിയിലായതോടെ, ലോകമെമ്പാടും കംപ്യൂട്ടറുകളിൽനിന്നു വൻതോതിൽ വ്യക്തിവിവരങ്ങൾ ചോർത്തുന്ന നുഴഞ്ഞുകയറ്റ സംഘത്തിനെതിരെ യുഎസ് നടപടി ശക്തമാക്കി.

പതിനായിരക്കണക്കിനു സ്വകാര്യ കംപ്യൂട്ടറുകളിൽ നുഴഞ്ഞുകയറി വിവരങ്ങൾ മോഷ്ടിക്കുകയും ലക്ഷക്കണക്കിനു തട്ടിപ്പ് ഇ–മെയിലുകൾ അയയ്ക്കുകയും കംപ്യൂട്ടർ ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന ഹാക്കർമാരുടെ സംഘത്തലവനാണു പിടിയിലായ പീറ്റർ.

ഹാക്കിങ് ലോകത്തു പീറ്റർ സീവേറ എന്നും അറിയപ്പെടുന്ന ഇയാളാണു വൈറസ് ബാധിത കംപ്യൂട്ടർശൃംഖല കെലിഹോസ് നിയന്ത്രിക്കുന്നത്. എന്നാൽ, കഴിഞ്ഞവർഷം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ ഡമോക്രാറ്റിക് പാർട്ടിയുടെ വെബ്‌സൈറ്റിൽ നുഴഞ്ഞുകയറിയത് അടക്കമുള്ള റഷ്യൻ ഇടപെടലുകൾക്കു കെലിഹോസുമായി ബന്ധമില്ലെന്നു യുഎസ് അധികൃതർ പറഞ്ഞു.

ഇതേസമയം, പീറ്ററിന്റെ അറസ്റ്റ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകാല ഹാക്കിങ് കേസുമായി ബന്ധപ്പെട്ടതാണെന്നാണു പീറ്ററുടെ ഭാര്യ റഷ്യൻ മാധ്യമങ്ങളോടു പറഞ്ഞത്. സെന്റ് പീറ്റേഴ്സ്‌ബർഗ് സ്വദേശിയായ പീറ്റർ 2010 മുതൽ കെലിഹോസ് വൈറസ് ശൃംഖല നടത്തുന്നു.

മൈക്രോസോഫ്റ്റ് വിൻഡോ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള സ്വകാര്യ കംപ്യൂട്ടറുകളിലാണു കെലിഹോസ് വിളയാട്ടം. കംപ്യൂട്ടറുകളിൽ നുഴഞ്ഞുകയറുന്ന വൈറസ്, ഉടമകളറിയാതെ കംപ്യൂട്ടറിന്റെ വിദൂര നിയന്ത്രണമേറ്റെടുക്കും. ഇങ്ങനെയാണു വിവരങ്ങൾ ചോർത്തുക.

വ്യാജ മരുന്നുകളുടെയും മറ്റും തട്ടിപ്പുപരസ്യങ്ങളും സന്ദേശങ്ങളുമടങ്ങിയ ലക്ഷക്കണക്കിനു വ്യാജ ഇ–മെയിലുകൾ അധോലോകങ്ങൾക്കു കെലിഹോസ് വിൽക്കുകയും ചെയ്യുന്നു. എഫ്‌ബിഐ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ബാർസിലോനയിലാണു പീറ്ററെ അറസ്റ്റ് ചെയ്തത്.

Your Rating: