ബാർസിലോന∙ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ തുടർന്നു യൂറോപ്പിൽ കോളിളക്കം സൃഷ്ടിച്ച കാറ്റലോണിയ–സ്പെയിൻ രാഷ്ട്രീയ യുദ്ധത്തിനു പരിഹാരം തേടിയുള്ള തിരഞ്ഞെടുപ്പ് ഇന്ന്. മേഖലാ ഭരണകൂടത്തെ പിരിച്ചുവിട്ടു സ്പെയിൻ കേന്ദ്രഭരണമേർപ്പെടുത്തിയ കാറ്റലോണിയയിൽ ഇന്നത്തെ തിരഞ്ഞെടുപ്പ് ത്രിശങ്കു സഭയിൽ കലാശിക്കുമെന്നാണു സൂചന.
കാറ്റലോണിയ മുൻ പ്രസിഡന്റ് കാർലസ് പുജമോണ്ട് ഉൾപ്പെടെ സ്വാതന്ത്ര്യവാദികളായ നേതാക്കളെല്ലാം ബെൽജിയത്തിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയോ ജയിൽവാസത്തിലോ ആണ്. മധ്യ–ഇടതു പാർട്ടി നേതാവ് ഒറിയോൾ ജങ്കെറാസ്, ജോർഡി കിക്സാർട്, ജോർഡി സാൻചെസ് എന്നിവരാണു സ്വാതന്ത്ര്യവാദികളായ മറ്റു പ്രമുഖ സ്ഥാനാർഥികൾ. മധ്യ–വലതു പക്ഷ സിറ്റിസൺസ് പാർട്ടി നേതാവ് ഇനെസ് അരിമഡാസാണു പുജമോണ്ടിന്റെ മുഖ്യ എതിരാളി.
കാറ്റലോണിയ സ്വാതന്ത്ര്യവാദത്തെ എതിർക്കുന്ന സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി പിഎസ്‌സി, യാഥാസ്ഥിതിക പാർട്ടി പിപി തുടങ്ങിയവയുടെ സ്ഥാനാർഥികളും ഉശിരൻ പോരാട്ടവുമായി മുൻനിരയിലുണ്ട്. സ്വാതന്ത്ര്യവാദത്തെയും സ്പെയിൻ ഭരണത്തെയും ഒരേസമയം തള്ളുന്ന ഇടതു പാർട്ടി സിഇസിക്കും സ്ഥാനാർഥികളുണ്ട്. അഭിപ്രായ സർവേകളിൽ എല്ലാ പാർട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവയ്ക്കുന്ന സ്ഥിതിക്ക് ഒറ്റക്കക്ഷി ഭൂരിപക്ഷത്തിനു സാധ്യതയില്ലെന്നും ത്രിശങ്കുസഭ പ്രതീക്ഷിക്കാമെന്നുമാണു നിഗമനം.
വേർപെടാൻ കാറ്റലോണിയ; പിടിച്ചുനിർത്താൻ സ്പെയിൻ
സ്പെയിനിന്റെ വടക്കുകിഴക്കുള്ള അതിസമ്പന്ന മേഖലയാണു കാറ്റലോണിയ. 1939ൽ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിനു ശേഷം ജനറൽ ഫ്രാങ്കോയുടെ ഏകാധിപത്യ ഭരണകാലത്ത് കാറ്റലോണിയയുടെ സ്വാതന്ത്ര്യത്തെയും സംസ്കാരത്തെയും അടിച്ചമർത്താൻ ശ്രമിച്ചതാണു കാറ്റലോണിയക്കാരെ സ്വാതന്ത്ര്യമോഹികളാക്കിയത്. സ്വാതന്ത്ര്യ ഹിതപരിശോധന ഒക്ടോബർ ഒന്നിനു നടന്നു. അനുകൂല ഫലം വന്നതോടെ ഒക്ടോബർ 27നു സ്വാതന്ത്ര്യപ്രഖ്യാപനം. തൊട്ടുപിന്നാലെ, ഭരണഘടനയുടെ 155–ാം വകുപ്പനുസരിച്ചു സ്പെയിൻ കാറ്റലോണിയയിൽ കേന്ദ്രഭരണം ഏർപ്പെടുത്തി. തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.