ഹോങ്കോങ്∙ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകി ശ്രദ്ധേയയായ ആഗ്നെസ് ചോവിന്റെ നാമനിർദേശപത്രിക തള്ളി ചൈനയുടെ അടിച്ചമർത്തൽ തന്ത്രം വീണ്ടും. ഹോങ്കോങ്ങിൽ സ്വയംനിര്‍ണയാവകാശത്തിനുവേണ്ടി വാദിക്കുന്നെന്ന് ആരോപിച്ചാണു ചോവിന്റെ പത്രിക തള്ളിയത്. ചൈനീസ് ഭരണകൂടത്തെ എതിര്‍ക്കുന്നവര്‍ ലെജിസ്ലേറ്റിവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനു ഹോങ്കോങ് ഭരണകൂടത്തിന്റെ വിലക്കുണ്ട്. മാര്‍ച്ചിലാണ് ഉപതിരഞ്ഞെടുപ്പ്.
2014ൽ ലോകശ്രദ്ധനേടിയ ‘അംബ്രല മൂവ്മെന്റി’ന്റെ നേതാക്കളിലൊരാളാണ് ഇരുപത്തൊന്നുകാരിയായ ആഗ്നെസ് ചോ. ഹോങ്കോങ് സ്വാതന്ത്ര്യപ്രക്ഷോഭത്തെ അന്നു ചൈനീസ് ഭരണകൂടം അടിച്ചമർത്തി. ഹോങ്കോങ്ങിന്റെ സ്വയംനിര്‍ണയാവകാശത്തിനു വേണ്ടി വാദിക്കുന്നവര്‍ തിരഞ്ഞെടുപ്പിൽ മല്‍സരിക്കാന്‍ അയോഗ്യരാണെന്നും ചോവിന്റെ പത്രിക തള്ളുകയാണെന്നും ഭരണകൂടം പ്രഖ്യാപിച്ചു. സ്വാതന്ത്ര്യപ്രക്ഷോഭം നയിച്ചു ജയിലിലായ വിമതനേതാവ് ജോഷ്വ വോങ്ങിനൊപ്പം ചേർന്ന് ഡമൊസിസ്റ്റോ എന്ന പാര്‍ട്ടി ചോ രൂപീകരിച്ചിരുന്നു.
സ്വാതന്ത്ര്യത്തിനല്ല, പകരം സ്വയംനിര്‍ണയാവകാശത്തിനുവേണ്ടിയാണു പാര്‍ട്ടി നിലകൊള്ളുന്നതെന്നു പത്രിക നിരാകരിക്കപ്പെട്ടശേഷം അവര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഹോങ്കോങ് കൗൺസിലിലെ ആറു പ്രതിപക്ഷ അംഗങ്ങളെ ചൈന അയോഗ്യരാക്കിയതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പു നടക്കുന്നത്.