വിന്നി മണ്ടേല: നായിക; പ്രതിനായിക

വിന്നി മണ്ടേല 1999ൽ കേരളത്തിലെത്തിയപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരെ ആലിംഗനം ചെയ്യുന്നു.(ഫയൽ ചിത്രം)

1977 ൽ അന്നത്തെ ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ സർക്കാർ വിന്നി മണ്ടേലയെ നാടുകടത്തി. ഒരു ദിവസം പെട്ടെന്നു പൊലീസ് ലോറിയുമായി വന്ന് അവരെ വിദൂരമായ ബ്രന്റ്ഫോർട് എന്ന ചെറുഗ്രാമത്തിലേക്കു മാറ്റുകയായിരുന്നു. വിന്നിക്ക് അന്ന് ആ നാട്ടിലെ ഭാഷ പോലും അറിയില്ല. വിന്നിയോടു സംസാരിക്കുന്നതിൽനിന്ന് ഗ്രാമവാസികളെ പൊലീസ് വിലക്കുകയും നിരീക്ഷണം എർപ്പെടുത്തുകയും ചെയ്തു.

വെള്ളമോ വൈദ്യുതിയോ വാഹനസൗകര്യമോ ഇല്ലാത്ത നരകതുല്യമായ ജീവിതം. ആരും അറിയാതെ തന്റെ ജീവിതം അവിടെ അവസാനിക്കുമെന്നു വിന്നി കരുതി.

എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അവർ നാട്ടുകാരുമായി ബന്ധം സ്ഥാപിച്ചു. അവർക്കു വേണ്ടി പ്രവർത്തിച്ചു തുടങ്ങി. കുട്ടികളെ പഠിപ്പിച്ചു. ഇതിനിടെ, വിന്നിയെ നാടുകടത്തിയതറിഞ്ഞ ലോകമെങ്ങുംനിന്ന് അവർക്കു സഹായം പ്രവഹിക്കാൻ തുടങ്ങി. വസ്ത്രവും പണവും ഭക്ഷണവുമൊക്കെ എത്തി. അതെല്ലാം ഗ്രാമവാസികളുമായി അവർ പങ്കിട്ടു. പത്രപ്രവർത്തകർ വിന്നിയെ തേടി ആ വിദൂര ഗ്രാമത്തിലെത്തി. വിന്നി ലോകത്തിന്റെ മുഴുവൻ നായികയായി മാറി. 

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ നാളുകളിലൊന്നിൽ ഒളിവിൽ പോകുന്നതിനു മുൻപു വിന്നിയോടു നെൽസൺ മണ്ടേല പറഞ്ഞു: ‘കരയരുത്, ഞാനൊരു സമരത്തെയാണു വിവാഹം കഴിച്ചിട്ടുള്ളത്.’

മണ്ടേല പറഞ്ഞതു കിറുകൃത്യമായിരുന്നു. തോൽക്കാത്ത സമരം തന്നെയായിരുന്നു വിന്നി. അവരുടെ തീപ്പൊരി പ്രസംഗങ്ങൾ ദക്ഷിണാഫ്രിക്കയെ ഇളക്കിമറിച്ചു. ആഫ്രിക്കൻ നാഷനൽ കോൺഗ്രസിനു പോലും നിയന്ത്രിക്കാനാകാത്ത നായികയായി അവർ വളർന്നു. അവരുടെ വീഴ്ചയിലേക്കു നയിച്ച വഴികളിലൊന്ന് ആ നിയന്ത്രണമില്ലായ്മ തന്നെയായിരുന്നു.

വിന്നിയുടെ നേതൃത്വത്തിലുള്ള ഫുട്ബോൾ ടീമും മറ്റു സംഘങ്ങളും കൊടുംക്രൂരമായ ആക്രമണങ്ങളിലേക്കു തിരിഞ്ഞു. വെള്ളക്കാരുടെ കഴുത്തിൽ ടയർ ഇട്ട് തീകൊളുത്തി കൊലപ്പെടുത്തി. 

‘നെക്‌ലേസിങ്’ എന്നു കുപ്രസിദ്ധമായ ആ രീതിയെ ന്യായീകരിച്ചു വിന്നി ചെയ്ത പ്രസംഗം ‍ഞെട്ടിക്കുന്നതായിരുന്നു, ‘ടയറും തീപ്പെട്ടിയുമുണ്ടെങ്കിൽ ഇവരെ ഇല്ലായ്മ ചെയ്യും’ എന്ന അർഥത്തിലായിരുന്നു പ്രസംഗം.

സ്‌റ്റോംപി എന്ന 14 വയസ്സുകാരനെ തട്ടിയെടുത്തു പീഡിപ്പിച്ചുകൊന്നതു വിന്നിയുടെ ഫുട്ബോൾ സംഘമായിരുന്നു. ചാരൻ എന്നാരോപിച്ചായിരുന്നു ഈ അരുംകൊല. മരിക്കും മുൻപു വിന്നിയുടെ വീട്ടിൽ വച്ച് ഈ ബാലനെ പരിശോധിച്ച ഡോക്ടറും പിന്നീടു ദുരൂഹസാഹചര്യത്തിൽ മരിച്ചു. ഇത്തരത്തിൽ ഒട്ടേറെ കൊലപാതകങ്ങൾ സംബന്ധിച്ച ആരോപണങ്ങൾ വിന്നിയെ പ്രതിനായികയാക്കി മാറ്റി.

ജയിലിൽനിന്നു പുറത്തുവന്ന മണ്ടേല വിന്നിക്കൊപ്പം നിന്നു. എന്നാൽ വിന്നിയുടെ മറ്റു ചില ബന്ധങ്ങൾ കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി. പിന്നാലെ വിവാഹമോചനം.