ഒളിവിൽ പോകുന്നതിനു മുൻപ് ഒരുദിവസം വിന്നിയോടു മണ്ടേല പറഞ്ഞു:
‘കരയരുത്, ഞാനൊരു സമരത്തെയാണു വിവാഹം കഴിച്ചിട്ടുള്ളത് ’.
തടവറയ്‌ക്കുള്ളിൽനിന്നു മണ്ടേലയും പ്രക്ഷോഭകർക്കൊപ്പംനിന്നു വിന്നിയും നയിച്ച യുദ്ധങ്ങളാണു വർണവെറിയുടെ സാമ്രാജ്യത്തെ തകർത്തെറിഞ്ഞത്. ലോകമെമ്പാടുമുള്ള ജനാധിപത്യപ്രേമികൾക്ക് ഇരുവരും പ്രിയപ്പെട്ടവരായതും അങ്ങനെയാണ്. ദക്ഷിണാഫ്രിക്കയുടെ അമ്മയായാണ് ആദ്യകാലത്തു വിന്നി അറിയപ്പെട്ടത്. എന്നും വിവാദനായിക. ശത്രുക്കളെ സൃഷ്‌ടിക്കുന്ന കാര്യത്തിലാണു വിന്നി മിടുക്കി എന്നും പരിഹസിക്കപ്പെട്ടു. ബുദ്ധിയും കഴിവും വിവേകവുമുണ്ടായിരുന്നെങ്കിലും അതൊന്നും വിന്നിയെ പിൽക്കാലത്തു രക്ഷിച്ചില്ല. സ്വതന്ത്രനായി പുറത്തുവന്നു രാജ്യത്തെ സ്വാതന്ത്യ്രത്തിലേക്കു നയിച്ച മണ്ടേലയുടെ പിന്നിലേക്കു പ്രതിച്‌ഛായ നഷ്‌ടമായി പിൻവാങ്ങാനായിരുന്നു വിന്നിയുടെ വിധി.
മണ്ടേലയുടെ രണ്ടാം ഭാര്യയായിരുന്നു വിന്നി. ജൊഹാനസ്‌ബർഗിലെ വിറ്റ് വാട്ടർ സ്‌റ്റാൻഡ് യൂണിവേഴ്‌സിറ്റിയിലെ നിയമവിദ്യാർഥിയായിരിക്കേയാണു നെൽസൻ മണ്ടേല ആദ്യഭാര്യ ഈവ്‌ലിനെ റജിസ്‌റ്റർ വിവാഹം കഴിച്ചത്. പോരാളിയായ ഭർത്താവിനെ പിന്തുണയ്‌ക്കാൻ ഈവ്‌ലിൻ തന്റെ ക്രിസ്‌തീയ വിശ്വാസങ്ങൾ മാറ്റിവച്ചു. മണ്ടേലയ്‌ക്കു താങ്ങും തണലും എന്ന നിലയിൽനിന്ന് ഒപ്പംനിൽക്കുന്ന പോരാളിയായി ഈവ്‌ലിൻ വളർന്നു. ഇതിനിടയിൽ നാലു മക്കളുണ്ടായി. എന്നാൽ, കാറും കോളും നിറഞ്ഞതായിരുന്നു അവരുടെ ദാമ്പത്യം. ആദ്യകാലങ്ങളിൽ ഒന്നും പുറത്തറിഞ്ഞില്ലെന്നു മാത്രം.
ഇതിനിടയിലായിരുന്നു വിന്നി എന്ന സുന്ദരിയായ പോരാളി മണ്ടേലയുടെ ജീവിതത്തിലേക്കു കടന്നുവന്നത്. ഈവ്‌ലിനിൽനിന്നു വിവാഹമോചനം നേടിയശേഷം 1958ൽ വിന്നിയെ വിവാഹം കഴിച്ചു. പതിനേഴു മാസം നീണ്ട ഏകാന്തവാസം അനുഭവിക്കേണ്ടി വന്ന ചരിത്രമുണ്ട് വിന്നിക്കും.
1936ൽ ജനിച്ച വിന്നി എഎൻസിയുടെ പ്രവർത്തക എന്ന നിലയിലാണു മണ്ടേലയെ കണ്ടുമുട്ടുന്നത്. 1958ൽ അറസ്‌റ്റ് ചെയ്യപ്പെട്ടു. എന്നാൽ, അത് അവരുടെ പ്രവർത്തനങ്ങളുടെ തീവ്രത കൂട്ടി. ഒപ്പം ജയിൽവാസങ്ങളുടെയും. 1975ൽ എഎൻസിയുടെ വിമൻസ് ലീഗിന്റെ നേതാവായി. എന്നും സമരങ്ങളുടെ മുൻനിരയിലായിരുന്നു വിമൻസ് ലീഗും വിന്നിയും. തീപ്പൊരി ചിതറുന്ന പ്രസംഗങ്ങളും അനുതാപമുള്ള പെരുമാറ്റവും അവരെ ജനങ്ങളുടെ പ്രിയപ്പെട്ടവളാക്കി. മണ്ടേല യുണൈറ്റഡ് ഫുട്‌ബോൾ ടീം ആണു വിന്നിയുടെ ജീവിതത്തിൽ കരിപുരട്ടിയത്. ഈ ടീം ഒരു ഗുണ്ടാസംഘമായി അധഃപതിച്ചു. സ്‌റ്റോംപി സിപി എന്ന 14 വയസ്സുകാരനെ തട്ടിയെടുത്തു പീഡിപ്പിച്ചുകൊന്നത് ഈ സംഘമായിരുന്നു. ഈ സംഭവം നടന്നതു മണ്ടേല ജയിൽ മോചിതനാകുന്നതിനു തൊട്ടുമുൻപായിരുന്നു.
ജയിലിൽനിന്നു വന്ന മണ്ടേല വിന്നിക്കൊപ്പം നിന്നു. കേസിൽ വിന്നി നിരപരാധിയാണെന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാൽ വിന്നിയുടെ മറ്റു ചില ബന്ധങ്ങൾ കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി. പിന്നാലെ വിവാഹമോചനം. ആദ്യ പ്രസിഡന്റായി മണ്ടേല സത്യപ്രതിജ്‌ഞ ചെയ്‌ത ചടങ്ങിലേക്കു വിന്നിയെ ക്ഷണിക്കുക പോലും ചെയ്‌തില്ല. വിമൻസ് ലീഗ് അധ്യക്ഷയെന്ന നിലയിൽ പിന്നെയും ശക്‌തയായി തുടർന്നെങ്കിലും വിന്നി ക്രമേണ അപ്രസക്‌തയായി.
2010 ഫെബ്രുവരി 11നു മണ്ടേലയെ മോചിപ്പിച്ചതിന്റെ ഇരുപതാം വാർഷികം ആഘോഷിക്കുമ്പോൾ മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചുകൊണ്ടു മണ്ടേലയുടെ സമീപം വിന്നി ഇരുന്നു; മുൻ ഭാര്യയെന്ന നിലയിലല്ല, എഎൻസി നേതാവ് എന്ന നിലയിൽ.