ഹവാന ∙ ക്യൂബയുടെ പുതിയ പ്രസിഡന്റായി ഒന്നാം വൈസ് പ്രസിഡന്റായിരുന്ന മിഗ്വേൽ കാനലിനെ (57) പാർലമെന്റ് ഇന്നലെ തിരഞ്ഞെടുത്തു. ഇതോടെ ക്യൂബയിൽ കാസ്ട്രോ യുഗത്തിനു വിരാമമായി. എൺപത്താറുകാരനായ റൗൾ കാസ്ട്രോയ്ക്കു പകരമാണു ക്യൂബയിൽ ആറു ദശകത്തിനുശേഷം പേരിൽ കാസ്ട്രോ എന്ന അനുബന്ധമില്ലാത്ത മിഗ്വേൽ കാനൽ പ്രസിഡന്റു പദവിയിലെത്തുന്നത്.
മിഗ്വേൽ കാനലിനു പ്രസിഡന്റുസ്ഥാനത്ത് അഞ്ചുവർഷം വീതമുള്ള രണ്ടുവട്ടം ഇരിക്കാൻ കഴിയും. 1959ലെ ക്യൂബൻ വിപ്ലവത്തിനുശേഷം ജനിച്ച കാനൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ ഉന്നതനാണ്. ഇദ്ദേഹം 2013ൽ ഒന്നാം വൈസ് പ്രസിഡന്റായി. ദേശീയ അസംബ്ലിയിൽ ഇന്നലെ കാനൽ വോട്ടെടുപ്പിൽ ജയിച്ചതായ പ്രഖ്യാപനം വന്നപ്പോൾ റൗൾ കാസ്ട്രോ പുഞ്ചിരിയോടെ തന്റെ പിൻഗാമിയുടെ കരംപിടിച്ചുയർത്തി. ദേശീയ അസംബ്ലിയിൽ ഹർഷാരവം ഉയർന്നു. പിറന്നാളിന്റെ തൊട്ടുതലേന്നാണു മിഗ്വേൽ കാനൽ പുതിയ പ്രസിഡന്റായത് എന്ന പ്രത്യേകതയുമുണ്ട്.