ഹാരി രാജകുമാരന്റെ വിവാഹത്തിനു ക്ഷണിക്കപ്പെട്ടവർ ഭക്ഷണം കൊണ്ടുവരണമെന്നു നി‍ർദേശം

ലണ്ടൻ ∙ വിളിച്ചുവരുത്തിയിട്ട് ഊണില്ലെന്നു പറഞ്ഞെന്ന ആരോപണം ഇനിയുണ്ടാകില്ല. 19നു നടക്കുന്ന ഹാരി–മേഗൻ വിവാഹത്തിനെത്തുന്ന സാധാരണക്കാരായ അതിഥികൾ വീട്ടിൽനിന്നു ഭക്ഷണപ്പൊതി കൊണ്ടുവരണമെന്ന നിർദേശം മുൻകൂറായി നൽകി ഞെട്ടിച്ചിരിക്കുകയാണു രാജകുടുംബം. ക്ഷണം കിട്ടിയ 2640 പേരിൽ സാധാരണക്കാരായ 1200 അതിഥികളുണ്ട്. ഭക്ഷണമുണ്ടാകില്ലെന്ന കാര്യം ക്ഷണക്കത്തിൽ സൂചിപ്പിക്കാൻ വിട്ടുപോയതുകൊണ്ടാണു പ്രത്യേക അറിയിപ്പും തൊട്ടുപിന്നാലെ വിവാദവും.

വിൻസർ കൊട്ടാരവളപ്പിനുള്ളിലെ സെന്റ് ജോർജ് ചാപ്പലിൽ നടക്കുന്ന വിവാഹം കാണാനുള്ള ഭാഗ്യം വിഐപി അതിഥികൾക്കു മാത്രമാണ്. ബാക്കിയുള്ളവർ കൊട്ടാരവളപ്പിലെ മൈതാനത്തിരിക്കണം. ഇവർക്കു ശീതളപാനീയവും ലഘുഭക്ഷണവും മാത്രമാണു കൊട്ടാരം വകയായി ഒരുക്കിയിരിക്കുന്നത്. വിവാഹച്ചടങ്ങു നാലുമണിക്കൂറിലേറെ നീളുമെന്നതിനാൽ ഊണിനുള്ള പൊതി വീട്ടിൽനിന്നു കൊണ്ടുവരുന്നതായിരിക്കും നല്ലതെന്നാണ് അറിയിപ്പ്. ഹാരി–മേഗൻ വിവാഹച്ചെലവിനത്തിൽ 40 കോടി പൗണ്ട് വകയിരുത്തിയ രാജകുടുംബം സാധാരണക്കാർക്കു മാന്യമായ ഭക്ഷണം കൊടുക്കാൻ പിശുക്കുകാട്ടുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.