ബ്രസൽസ്∙ ബൽജിയത്തിലെ ലീജിൽ ചൊവ്വാഴ്ച രണ്ടു വനിതാ പൊലീസ് ഓഫിസർമാർ ഉൾപ്പെടെ മൂന്നുപേരെ വെടിവച്ചുകൊന്നതു ഭീകരാക്രമണമാണെന്നു സ്ഥിരീകരിച്ചു. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആഹ്വാനപ്രകാരമാണു കൊല നടത്തിയതെന്നും ഫെഡറൽ മജിസ്ട്രേട്ട് വെങ്കെ റോജൻ അറിയിച്ചു.
നഗരത്തിലെ ജയിലിൽ നിന്നു രണ്ടുദിവസത്തെ പരോളിൽ പുറത്തിറങ്ങിയ ബെഞ്ചമിൻ ഹെർമൻ (36) ആണ് വഴിയിൽ കണ്ട രണ്ടു വനിതാ പൊലീസ് ഓഫിസർമാരെ പിന്നിൽ നിന്നു കുത്തിക്കൊന്ന് തോക്കുകൾ അപഹരിച്ചത്. തുടർന്നു സമീപത്തു നിർത്തിയിട്ടിരുന്ന കാറിൽ ഇരുന്ന യുവാവിനെ വെടിവച്ചു കൊന്നു. സമീപത്തെ സ്കൂളിലേക്ക് ഓടിക്കയറി ജീവനക്കാരിയെ ബന്ദിയാക്കിയ ഇയാൾ, സ്ഥലത്തെത്തിയ പൊലീസിനെ നേരിട്ടു.
ഒട്ടേറെ പൊലീസുകാർക്കു പരുക്കേറ്റ ഏറ്റുമുട്ടലിനൊടുവിൽ ബെഞ്ചമിൻ വെടിയേറ്റുവീണു. ഇതിന്റെ തലേരാത്രി ഇയാൾ ജയിലിൽ നേരത്തേ ഒപ്പമുണ്ടായിരുന്ന ഒരാളെ കൊലപ്പെടുത്തിയിരുന്നതായും പിന്നീടു കണ്ടെത്തി.