മഡ്രിഡ്∙ സ്പെയിനിന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായി സോഷ്യലിസ്റ്റ് നേതാവ് പെഡ്രോ സാഞ്ചസ് അധികാരമേറ്റു. അവിശ്വാസ വോട്ടെടുപ്പിൽ മരിയാനോ രജോയി അപ്രതീക്ഷിതമായി പുറത്തായതോടെയാണു 350 അംഗ പാർലമെന്റിൽ 84 സീറ്റു മാത്രമുള്ള സോഷ്യലിസ്റ്റുകൾ അധികാരത്തിലെത്തുന്നത്.
1999 മുതൽ 2005 വരെ കാലയളവിൽ സർക്കാരിന്റെ കരാറുകൾ നൽകുന്നതിനു രജോയിയുടെ പോപ്പുലർ പാർട്ടി നേതാക്കൾ കൈക്കൂലി വാങ്ങിയതായി കോടതി കണ്ടെത്തിയിരുന്നു. ഇതെ തുടർന്നാണു കഴിഞ്ഞയാഴ്ച സോഷ്യലിസ്റ്റ് പാർട്ടി അവിശ്വാസം കൊണ്ടുവന്നത്. ചെറുപാർട്ടികൾ ഉൾപ്പെടെ 180 പേർ തുണച്ചതോടെ 2011ൽ അധികാരമേറ്റ രജോയിക്കു സ്ഥാനം ഒഴിയേണ്ടിവന്നു.
ഫിലിപ് ആറാമൻ രാജാവിനു മുൻപാകെ ഭരണഘടനയിൽ കൈവച്ചായിരുന്നു സാഞ്ചസിന്റെ സത്യപ്രതിജ്ഞ. ഇതാദ്യമായാണ് സ്പെയിനിൽ ഒരു പ്രധാനമന്ത്രി ബൈബിളിലോ ക്രൂശിതരൂപത്തിലോ കൈവയ്ക്കാതെ അധികാരമേൽക്കുന്നത്. ഭൂരിപക്ഷമില്ലാത്തതിനാൽ ചെറുപാർട്ടികളുടെ പിന്തുണയോടെ ഭരണം മുന്നോട്ടു കൊണ്ടുപോകുക എന്നതാണു സാഞ്ചസിന്റെ വെല്ലുവിളി. നാൽപത്താറുകാരനായ സാഞ്ചസ് സാമ്പത്തിക വിദഗ്ധനും മുൻ ബാസ്കറ്റ്ബോൾ കളിക്കാരനുമാണ്.
കാറ്റലോണിയയിൽ ക്വിം ടോറ സർക്കാർ
ബാർസിലോന∙ സ്പെയിനിൽനിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയയിലും പുതിയ പ്രവിശ്യാ സർക്കാർ സ്ഥാനമേറ്റു. മുൻ പ്രസിഡന്റ് കാർലസ് പുജമോണ്ടിന്റെ അടുത്ത അനുയായി ക്വിം ടോറയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യവാദികളാണു സർക്കാർ രൂപീകരിച്ചത്. കേന്ദ്രസർക്കാരിന്റെ ഏഴുമാസം നീണ്ട ഭരണം ഇതോടെ അവസാനിച്ചു.
കഴിഞ്ഞ വർഷം പുജമോണ്ട് കാറ്റലോണിയയിൽ നടത്തിയ ഹിതപരിശോധനയും സ്വാതന്ത്ര്യ പ്രഖ്യാപനവും നിയമവിരുദ്ധമാണെന്നു കോടതി വിധിച്ചിരുന്നു. തുടർന്നു കഴിഞ്ഞ ഒക്ടോബർ മുതൽ സ്പെയിനിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു കാറ്റലോണിയ. സ്പാനിഷ് ഭരണഘടനാപ്രകാരം പുതിയ പ്രാദേശിക സർക്കാർ രൂപവൽക്കരിക്കുന്ന അന്ന് കേന്ദ്രസർക്കാരിന്റെ നിയന്ത്രണം അവസാനിക്കും.
ഡിസംബറിൽ തിരഞ്ഞെടുപ്പു നടന്നെങ്കിലും പാർലമെന്റിന്റെ അംഗീകാരത്തോടെ മന്ത്രിസഭ അധികാരമേൽക്കാൻ മാസങ്ങളെടുത്തു. പൂർണ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുമെന്നു ക്വിം ടോറ പറഞ്ഞു.