ബെയ്ജിങ് ∙ ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങിനെ രൂക്ഷമായി വിമർശിച്ചു ടെലിഫോൺ ഇന്റർവ്യൂ നൽകുന്നതിനിടെ ചൈനയിലെ രാഷ്ട്രീയ നിരീക്ഷകനെ പൊലീസ് വീട്ടിൽക്കയറി പിടിച്ചുകൊണ്ടുപോയി. സർവകലാശാല റിട്ട. പ്രഫസർ സുൺ വെൻഗുയാങ്ങിനെയാണ്, വോയ്സ് ഓഫ് അമേരിക്കയുടെ (വിഒഎ) കീഴിലുള്ള ചൈനീസ് ടിവി ചാനൽ പരിപാടിക്കിടെ പൊലീസ് പിടികൂടിയത്.
ബുധനാഴ്ച, കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലുള്ള ജിനാനിലെ വീട്ടിൽ, ടിവി ചാനലിന്റെ ടെലിഫോൺ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു എൺപതുകാരനായ സുൺ. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ രൂക്ഷവിമർശനം തുടരുന്നതിനിടെ വീട്ടിലേക്കു പൊലീസ് ഇരച്ചു കയറി.
ഇതിന്റെ ബഹളങ്ങൾ ശബ്ദരേഖയിൽ വ്യക്തമാണ്. ‘നിങ്ങൾക്ക് എന്റെ വീട്ടിൽ അതിക്രമിച്ചു കയറാൻ അവകാശമില്ല, അഭിപ്രായ സ്വാതന്ത്ര്യം എന്റെ അവകാശമാണ്, അതു നിഷേധിക്കരുത്’– ഇത്രയും ഉച്ചത്തിൽ പറയുന്ന സുണിന്റെ ശബ്ദം ചാനൽ തൽസമയം സംപ്രേഷണം ചെയ്തു. തുടർന്ന് ഫോൺ നിലച്ചു. അപ്പോൾ മുതൽ ടെലിവിഷൻ അധികൃതരും ചൈനയിലെ മറ്റു വിദേശ വാർത്താ ഏജൻസികളും സുണിനെ ബന്ധപ്പെടാൻ വിവിധ മാർഗങ്ങളിലൂടെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ചെറുത്തുനിൽപ്പിന്റെ പ്രതീകം : സുൺ വെൻഗുയാങ്
1934–ജനനം
1957–ഷാൻഡോങ് സർവകലാശാലയിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ഉന്നതബിരുദം. അവിടെ അധ്യാപകനായി.
1978–രാഷ്ട്രനായകൻ മാവോയെ വിർശിച്ചതിന് ഏഴുവർഷം ജയിൽ ശിക്ഷ
1982–ജയിൽ മോചനം, ഷാൻഡോങ് സർവകലാശാലയിൽ വീണ്ടും ജോലി
1994–അധ്യാപക ജോലിയിൽനിന്ന് വിരമിച്ചു
2004–‘ദുരന്തങ്ങളുടെ നൂറ്റാണ്ട്–മാവോ മുതൽ ജിയാങ് സെമിൻ വരെ’ എന്ന പുസ്തകം ഹോങ്കോങ്ങിൽനിന്ന് പ്രസിദ്ധീകരിച്ചു
2005–പാസ്പോർട് നിഷേധിച്ചു; വിദേശയാത്രാ വിലക്ക് 2018–പെൻഷൻ വെട്ടിക്കുറച്ചു
2018 ഓഗസ്റ്റ് ഒന്ന്: ടെലിഫോൺ അഭിമുഖത്തിനിടെ അറസ്റ്റ്