ദോഹ ∙ ഖത്തറിലെ പ്രവാസികൾക്കു രാജ്യത്തിനു പുറത്തുപോകുന്നതിന് ഇനി തൊഴിലുടമയിൽ നിന്ന് എക്സിറ്റ് പെർമിറ്റ് ആവശ്യമില്ല. ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അംഗീകാരം നൽകി. തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിർണായക ഭേദഗതിയാണിത്.
ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് അവധിക്കുപോലും രാജ്യം വിട്ടു പോകണമെങ്കിൽ ഇതുവരെ എക്സിറ്റ് പെർമിറ്റ് ആവശ്യമായിരുന്നു. പെർമിറ്റ് നൽകാതെ തൊഴിലാളിയുടെ നാട്ടിലേക്കുള്ള യാത്ര തടയാൻ തൊഴിലുടമയ്ക്കു കഴിയുമായിരുന്നു.
തൊഴിലിന്റെ സ്വഭാവമനുസരിച്ച് തുടർന്നും ‘എൻഒസി’ ആവശ്യമുള്ള ജീവനക്കാരുടെ പേരുകൾ തൊഴിലുടമ തൊഴിൽ, സാമൂഹികക്ഷേമ മന്ത്രാലയത്തിനു സമർപ്പിക്കണം. ഇത്തരം ജീവനക്കാരുടെ എണ്ണം മൊത്തം ജീവനക്കാരുടെ അഞ്ചു ശതമാനത്തിൽ ഏറെയാകരുതെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.
അതിനിടെ, തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ട് സഹായ നിധി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പരാതികളുണ്ടാകുമ്പോൾ തൊഴിൽ തർക്ക പരിഹാര കമ്മിറ്റിയുടെ തീരുമാന പ്രകാരം അർഹതപ്പെട്ട തുക ഈ ഫണ്ടിൽ നിന്നു തൊഴിലാളിക്കു നൽകും. ഇതു പിന്നീടു തൊഴിലുടമയിൽ നിന്നു തിരിച്ചു പിടിക്കും.
സ്ഥിരം താമസത്തിനും അനുമതി
ദോഹ ∙ ഖത്തറിൽ വിദേശികൾക്കു സ്ഥിരം താമസാനുമതി നൽകാനുള്ള നിയമത്തിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അംഗീകാരം നൽകി. സാധാരണ റസിഡൻസി പെർമിറ്റിൽ ഖത്തറിൽ 20 വർഷം പൂർത്തിയാക്കിയ പ്രവാസിക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ സ്ഥിരം താമസാനുമതി(പെർമനന്റ് റസിഡൻസി പെർമിറ്റ്) നൽകുന്നതാണ് ഈ നിയമം. പ്രതിവർഷം നൂറു പേർക്കു മാത്രമാണ് സ്ഥിരം താമസാനുമതി അനുവദിക്കുക.
രാജ്യത്തിന് വലിയ സംഭാവനകൾ നൽകിയ പ്രവാസികൾക്കും പ്രത്യേക പദവികൾ ഉള്ളവർക്കും സ്ഥിരം റസിഡൻസി ഐഡി നൽകാൻ ഈ നിയമം ആഭ്യന്തര മന്ത്രിക്ക് അധികാരം നൽകുന്നു. രാജ്യത്തിനു പുറത്തുനിന്നുള്ളയാളെ വിവാഹം കഴിച്ച ഖത്തരി വനിതയുടെ കുട്ടിക്കും സ്ഥിരം റസിഡൻസി ഐഡി ലഭിക്കും. വിദ്യാഭ്യാസം, ചികിൽസ തുടങ്ങിയവയിൽ ഖത്തരികൾക്കൊപ്പം പരിഗണന, സ്വത്തുക്കളുടെ ഉടമസ്ഥാവകാശം എന്നിവ ഇതിലൂടെ ലഭിക്കും. ഖത്തരികളുടെ പങ്കാളിത്തമില്ലാതെ സ്വന്തം നിലയിൽ വാണിജ്യ സ്ഥാപനങ്ങൾ നടത്താനും സാധിക്കും.