ന്യൂയോർക്ക്∙ ഇസ്രയേലും പലസ്തീനും രണ്ടു രാജ്യങ്ങളായി തുടരുന്നതാണ് ഏറ്റവും ഉത്തമമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യമായി സമ്മതിച്ചു. യുഎൻ സമ്മേളനത്തിനിടയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലാണു ട്രംപ് മനസ്സു തുറന്നത്.
നേരത്തേ ഈ വിഷയത്തെക്കുറിച്ചു വ്യക്തതയില്ലാത്തതു പോലെയാണു ട്രംപ് സംസാരിച്ചിരുന്നത്. എന്നാൽ ‘രണ്ടു രാജ്യങ്ങൾ എന്ന പ്രശ്നപരിഹാരമാണു ഞാൻ ഇഷ്ടപ്പെടുന്നത്. അതാണ് ഉത്തമമെന്നും ഞാൻ കരുതുന്നു. നിങ്ങൾക്കു വ്യത്യസ്ത അഭിപ്രായമാണുണ്ടായിരിക്കുക. ഇതാണു നല്ലതെന്നാണു ഞാൻ കരുതുന്നത്’– ട്രംപ് നെതന്യാഹുവിനോടു പറഞ്ഞു. പിന്നീടു മാധ്യമങ്ങളുടെ മുന്നിലും ട്രംപ് നിലപാട് ആവർത്തിച്ചു.