Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പവിഴപ്പുറ്റു ഗവേഷക റൂത്ത് ഗേറ്റ്സിന് വി‍‍ട

Ruth Gates റൂത്ത് ഗേറ്റ്സ്

ഹൊനോലുലു ∙ കടൽനീലയിലെ പവിഴപ്പുറ്റുകൾ തിരയിളക്കത്തിലാടുന്നതുപോലെയായിരുന്നു റൂത്ത് ഗേറ്റ്സ് എന്ന ഗവേഷകയുടെ ജീവിതം. ഊർജം പരത്തുന്ന, പ്രസന്ന സാന്നിധ്യം. കാലാവസ്ഥാമാറ്റമുൾപ്പെടെ ആശങ്കകളുടെ ആഴക്കടലിൽ പവിഴപ്പുറ്റുകളുടെ അരക്ഷിത ജീവിതം പോലെ തന്നെ, അർബുദത്തോടു പൊരുതി റൂത്തിനു പക്ഷേ വിട പറയേണ്ടി വന്നു. ഹവായിയിൽ അവർ തുടങ്ങിവച്ച പദ്ധതികൾക്ക് ആയുസ്സുണ്ടാകുമെന്നു പ്രതീക്ഷിക്കാമെങ്കിലും പവിഴപ്പുറ്റുകളെ കൃഷ്ണമണി പോലെ കാത്ത രക്ഷകയാണ് 56–ാം വയസ്സിൽ ഓർയായത്. പവിഴപ്പുറ്റു പഠനങ്ങൾക്കായുള്ള രാജ്യാന്തര സമിതി അധ്യക്ഷയുമായിരുന്നു.

കാലാവസ്ഥാമാറ്റം അതിജീവിക്കാൻ ശേഷിയുള്ള ‘സൂപ്പർ കോറൽ’ പവിഴപ്പുറ്റുകൾ വികസിപ്പിച്ചെടുക്കുന്ന സ്വപ്നപദ്ധതിയിൽ മുഴുകിയിരിക്കെയാണു കഴിഞ്ഞ മേയിൽ തലച്ചോറിൽ അർബുദം സ്ഥിരീകരിച്ചത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ഈയിടെ അന്തരിച്ച പോൾ അലൻ, റൂത്തിന്റെ പദ്ധതികൾക്കു സാമ്പത്തിക പിന്തുണ നൽകിയിരുന്നു. ഇവരുടെ അസാധാരണ ഗവേഷണ ജീവിതം ആധാരമാക്കി നെറ്റ്ഫ്ലിക്സ് കഴിഞ്ഞ വർഷം ഡോക്യുമെന്ററിയെടുത്തിരുന്നു– ‘ചേസിങ് കോറൽ’.