Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭ്രൂണത്തിൽ ജീൻ എഡിറ്റിങ്; ഗവേഷകനെതിരെ ലോകം

gene

ഹോങ്കോങ്∙ ഭ്രൂണത്തിൽ ജീൻ എഡിറ്റിങ് നടത്തി ചൈനയിൽ ഇരട്ടകൾ പിറന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ഗവേഷകനെ നിർത്തിപ്പൊരിച്ച് ശാസ്ത്രലോകം. ഗവേഷണഫലത്തിൽ ഉറച്ചുനിന്ന ഹി ജിയാൻകൂ, ഇത്തരത്തിൽ ഒരു സ്ത്രീ കൂടി ഗർഭിണിയായെന്നു വെളിപ്പെടുത്തി. അതേക്കുറിച്ചു വീണ്ടും ചോദിച്ചപ്പോൾ ആ ഗർഭം അലസി എന്നായിരുന്നു മറുപടി.

അതേസമയം, ധാർമികതയ്ക്കു വിരുദ്ധമായി വിഡിയോ പുറത്തുവന്നതിൽ ഹി ഖേദം പ്രകടിപ്പിച്ചു. എച്ച്ഐവി രോഗം ബാധിക്കാത്ത തരത്തിൽ ഭ്രൂണത്തിൽ ജീൻ എഡിറ്റിങ് നടത്തിയ ലോകത്തെ ആദ്യ ഇരട്ടപ്പെൺകുട്ടികൾ പിറന്നതായി ഷെൻചെൻ സതേൺ യൂണിവേഴ്സിറ്റിയിലെ ഹി ജിയാൻകൂ തന്നെയാണ് വിഡിയോ വഴി അറിയിച്ചത്. ഇതേത്തുടർന്നാണ് ഹോങ്കോങ് ബയോ മെഡിക്കൽ കോൺഫറൻസിൽ വൈദ്യശാസ്ത്ര സമൂഹം അദ്ദേഹത്തെ ചോദ്യം ചെയ്തത്. ചൈനയിലെ നിയമങ്ങൾക്കും ധാർമികതയ്ക്കും വിരുദ്ധവുമായ നടപടി എന്നായിരുന്നു വിമർശനം. എല്ലാ നവജാതശിശുക്കളെയും അടുത്ത 18 വർഷത്തേക്ക് നിരീക്ഷിക്കാനും തീരുമാനമായി.

രോഗമുക്തമായ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നതിൽ തന്റെ ഗവേഷണം വൻ വിജയമാണ് എന്ന കാര്യത്തിൽ ഹി ഉറച്ചു നിന്നു. പരീക്ഷണം നടത്തിയ 8 ദമ്പതികളിൽ പുരുഷന്മാരെല്ലാവരും എച്ച്ഐവി ബാധിതരും സ്ത്രീകൾ അല്ലാത്തവരുമായിരുന്നു. ഇവരുടെ സമ്മതപത്രം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹിയുടെ ഗവേഷണങ്ങൾക്കു വേദിയായ ഷെൻചെൻ ഹാർമണികെയർ മെഡിക്കൽ ഹോൾഡിങ്സിനോട് ജീൻ എഡിറ്റിങ് ഉൾപ്പെടെയുള്ള പരീക്ഷണങ്ങളിൽനിന്നു വിട്ടുനിൽക്കാൻ നിർദേശമുണ്ട്. ഷെൻചെൻ സിറ്റി അധികൃതരും ഹെൽത് കമ്മിഷനും സംഭവം അന്വേഷിക്കും.