ന്യൂയോർക്ക് ∙ അക്രമത്തെ പ്രോൽസാഹിപ്പിക്കുന്നുവെന്നാരോപിച്ച് യുഎൻ പൊതുസഭയിൽ ഹമാസിനെതിരെ യുഎസ് കൊണ്ടുവന്ന പ്രമേയം മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടാൻ കഴിയാഞ്ഞതിനെ തുടർന്ന് പരാജയപ്പെട്ടു. വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഹമാസിനെ ഭീകരസംഘടനയായി ചിത്രീകരിക്കുന്ന പ്രമേയത്തിന് 87 പേരുടെ പിന്തുണ ലഭിച്ചപ്പോൾ 57 രാജ്യങ്ങൾ എതിർത്തു.
33 രാഷ്ട്രങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യൂറോപ്യൻ യൂണിയനിലെ 28 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. എതിർത്ത് വോട്ടു ചെയ്തവരിൽ സൗദി അറേബ്യ, കുവൈത്ത്, ഇറാൻ തുടങ്ങിയവ ഉൾപ്പെടുന്നു. ഇത്തരം പ്രമേയങ്ങൾക്കു കേവല ഭൂരിപക്ഷം മതിയെന്ന യുഎസ് പ്രതിനിധി നിക്കി ഹേലിയുടെ വാദം സഭ അംഗീകരിച്ചില്ല. പരാജയപ്പെട്ടെങ്കിലും ഹമാസിനെതിരെ ആദ്യമായി യുഎന്നിൽ പ്രമേയം കൊണ്ടുവന്നതിനെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സ്വാഗതം ചെയ്തു.
ഇസ്രയേലിനെതിരെ റോക്കറ്റാക്രമണം നടത്തുന്ന ഹമാസ് അക്രമത്തെ പ്രോൽസാഹിപ്പിക്കുന്നതായും സാധാരണ ജനങ്ങളുടെ ജീവനു നേരെ ഭീഷണി ഉയർത്തുന്നതായും യുഎസ് കുറ്റപ്പെടുത്തിയിരുന്നു. ഹമാസും അൽ ഖായിദയും ബൊക്കോ ഹറാമും ഒരുപോലെ അക്രമത്തെ പ്രോൽസാഹിപ്പിക്കുന്ന ഭീകരസംഘടനകളാണെന്ന് യുഎന്നിലെ ഇസ്രയേൽ സ്ഥാനപതി ഡാനി ഡാനോൻ അഭിപ്രായപ്പെട്ടു. ഇതേസമയം, പ്രമേയം പരാജയപ്പെട്ടത് ട്രംപ് ഭരണകൂടത്തിനു ലഭിച്ച തിരിച്ചടിയാണെന്ന് ഹമാസ് ചൂണ്ടിക്കാട്ടി.