ജക്കാർത്ത ∙ ഇന്തൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്നുണ്ടായ സൂനാമി മൂലം മരിച്ചവരുടെ എണ്ണം 429 ആയി. 1,400 പേർക്കു പരുക്കേറ്റു. 128 പേരെ കാണാതായി. ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരായി. 16,000 പേരെ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്തൊനീഷ്യയിൽ വിവിധ ക്രിസ്തീയ സഭകൾ ക്രിസ്മസ് ആഘോഷങ്ങൾ വേണ്ടെന്നുവച്ചു. പകരം പള്ളികളിൽ സൂനാമി മൂലം അപകടത്തിലായവർക്കു വേണ്ടി പ്രത്യേക പ്രാർഥനകൾ നടന്നു.
പട്ടാള സംഘങ്ങളും സന്നദ്ധ സംഘടനകളും ഉദ്യോഗസ്ഥരും മൃതദേഹങ്ങൾക്കും പരുക്കേറ്റവർക്കും വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. വീടുകളുടെ നഷ്ടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇന്നലെ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു.