Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്തൊനീഷ്യയിൽ സൂനാമി; 222 മരണം

Indonesia Tsunami ദുരന്തം ബാക്കിവച്ചത്: ഇന്തൊനീഷ്യയിലെ ബാന്റൻ തീരത്തു സൂനാമി നാശം വിതച്ചപ്പോൾ. ചിത്രം: എപി

∙ ഭൂകമ്പം ഉണ്ടായില്ല; ഒരു മുന്നറിയിപ്പുമില്ലാതെ കുതിച്ചുയർന്ന് തിരമാലകൾ

∙ കാരണം അഗ്നിപർവത സ്ഫോടനത്തെത്തുടർന്നുള്ള സമുദ്രാന്തര മണ്ണിടിച്ചിൽ

∙ അഗ്നിപർവത ദ്വീപ് സ്ഫോടനം ഉണ്ടായത് പടിഞ്ഞാറൻ ജാവയ്ക്കും തെക്കൻ സുമാത്രയ്ക്കും ഇടയിലെ സുൺഡ കടലിടുക്കിൽ. 

∙ 222 മരണം; 28 പേരെ കാണാതായി. 843 പേർക്കു പരുക്ക്; മരണസംഖ്യ ഉയർന്നേക്കും.

∙ 15 –20 മീറ്റർ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചു; തീരത്തെ ജനവാസ, വിനോദസ‍ഞ്ചാരകേന്ദ്രങ്ങളിൽ നൂറുകണക്കിനു കെട്ടിടങ്ങൾ തകർന്നു. 

∙ ഏറ്റവുമധികം നഷ്ടം ബാന്റൻ പ്രവിശ്യയിൽ; തീരത്ത് സംഗീതപരിപാടി നടത്തിക്കൊണ്ടിരുന്ന ‘സെവന്റീൻ’ പോപ് ബാൻഡിലെ കലാകാരന്മാരെ കാണാതായി

സൂനാമി: മരണസംഖ്യ ഉയർന്നേക്കും

ജക്കാർത്ത ∙ ഇന്തൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്നുണ്ടായ സൂനാമിയിൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്ക. പടിഞ്ഞാറൻ ജാവയ്ക്കും തെക്കൻ സുമാത്രയ്ക്കും ഇടയിലെ സുൺഡ കടലിടുക്കിലാണു അഗ്നിപർവത സ്ഫോടനവും തുടർന്ന് സൂനാമിയും ഉണ്ടായത്. ശനിയാഴ്ച രാത്രി 9 ന് അനക് ക്രാക്കട്ടോവ (‌‌‌ക്രാക്കട്ടോവയുടെ കുട്ടി) എന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് 9.30ന് വൻ തിരമാലകൾ ആഞ്ഞടിച്ചത്. തീരപ്രദേശത്തെ നൂറുകണക്കിനു കെട്ടിടങ്ങൾ തകർന്നു. 15 –20 മീറ്റർ ഉയരത്തിൽ തിരകൾ ആഞ്ഞടിക്കുകയായിരുന്നു.

ജാവയിലെ പടിഞ്ഞാറൻ തീരത്തുള്ള ബാന്റൻ പ്രവിശ്യയിലാണ് ഏറ്റവുമധികം നാശം. ഇവിടെ പ്രമുഖ പോപ് ബാൻഡായ ‘സെവന്റീൻ’ സംഗീതപരിപാടിക്കിടെയായിരുന്നു സൂനാമിത്തിരകൾ ആഞ്ഞടിച്ചത്. ബാൻഡിലെ ഒരു കലാകാരനും മാനേജരും കൊല്ലപ്പെട്ടു. സംഗീതസംഘത്തിലെ ചിലരെ കാണാതായിട്ടുമുണ്ട്. 2004 ഡിസംബർ 26 ന് സുമാത്രദ്വീപ് പ്രഭവസ്ഥാനമായ ഭൂകമ്പത്തിന്റെ ഫലമായി ഇന്ത്യൻ സമുദ്രത്തിൽ രൂപംകൊണ്ട വൻ സൂനാമിയിൽ വിവിധ രാജ്യങ്ങളിലായി ഏതാണ്ട് 2,30,000 പേരുടെ ജീവനാണു കവർന്നത്. ഇന്ത്യയിലെ മരണസംഖ്യ പതിനായിരത്തിലധികവും.

അഗ്നിയിൽനിന്ന് വൻ തിര

അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് സൂനാമി ഉണ്ടാകുന്നത് അപൂർവമായി സംഭവിക്കുന്ന പ്രതിഭാസമാണെന്ന് രാജ്യാന്തര സൂനാമി വിവരകേന്ദ്രം പറയുന്നു. ഭൂചലനത്തെ തുടർന്നുണ്ടാകുന്ന സൂനാമിയിൽനിന്നു വ്യത്യസ്തമായി കടൽ കയറുകയോ ഇറങ്ങുകയോ ചെയ്യുന്നതു പോലെയുള്ള സൂചനകൾ ഇവിടെ ഉണ്ടാകാറില്ല. അതുകൊണ്ടു മുന്നറിയിപ്പ് നൽകാൻ അവസരം ലഭിക്കാറുമില്ല.

ക്രാക്കട്ടോവയുടെ കുട്ടി

സുൺഡ കടലിടുക്കിലെ ‘അനക് ക്രാക്കോട്ടോവ’ അഥവ ‘ക്രാക്കട്ടോവയുടെ കുട്ടി’ എന്നറിയപ്പെടുന്ന അഗ്നിപർവതദ്വീപ് ഏതാനും നാളുകളായി പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. 1883ൽ ക്രാക്കോട്ടോവ അഗ്നിപർവതത്തിന്റെ സ്ഫോടനത്തെ തുടർന്നുള്ള സൂനാമിയിൽ 36,000 പേർ മരിച്ചിരുന്നു. അന്നു സ്ഫോടനത്തിനുശേഷം ദ്വീപ് ഇടിഞ്ഞുതാഴ്ന്നു. പിന്നീട് 1927ൽ വീണ്ടും ഉയർന്നുവന്ന ദ്വീപാണു ‘അനക് ക്രാക്കോട്ടോവ’എന്നറിയപ്പെട്ടത്. അഗ്നിപർവത സ്ഫോടനം ദ്വീപ് കടലിലേക്ക് ഇടിഞ്ഞുതാഴുമ്പോഴുണ്ടായ ആഘാതത്തിലാണു സൂനാമി രൂപം കൊണ്ടത്.

ദുരന്തങ്ങൾ വേട്ടയാടി ഇന്തൊനീഷ്യ

Indonesia-Tsunami-3 ഇന്തൊനീഷ്യയിലെ കാരിറ്റ ബീച്ചിൽ സൂനാമി മൂലം തകർന്ന അതിഥി മന്ദിരം. ചിത്രം: റോയിട്ടേഴ്സ്

ജക്കാർത്ത ∙ ശനിയാഴ്ചത്തെ സൂനാമി, ഇന്തൊനീഷ്യയിൽ ഈ വർഷം തന്നെയുണ്ടാകുന്ന മൂന്നാമത്തെ വലിയ ദുരന്തം. ഓഗസ്റ്റിൽ ലോംബോക്കിലുണ്ടായ ഭൂകമ്പത്തിൽ 565 പേർ കൊല്ലപ്പെട്ടിരുന്നു. സുലവേസി ദ്വീപിലെ പാലു നഗരത്തിൽ സെപ്റ്റംബർ 28നുണ്ടായ ഭൂകമ്പത്തിലും സൂനാമിയിലും രണ്ടായിരത്തിലേറെ പേരാണ് മരണമടഞ്ഞത്; 5000 പേരെ കാണാതായി. 2004 ഡിസംബർ 26ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബാധിച്ച ഇന്ത്യൻ സമുദ്രത്തിലെ സൂനാമിക്ക് കാരണമായത് പടിഞ്ഞാറൻ ഇന്തൊനീഷ്യയിലെ സുമാത്രയിലുണ്ടായ ഭൂകമ്പമാണ്. 2006ൽ ജാവയിലെ യോഗ്യാകർത്തായിൽ ഉണ്ടായ 6.3 തീവ്രതയുള്ള ഭൂകമ്പത്തിൽ ആറായിരത്തോളം പേർ കൊല്ലപ്പെട്ടു.