Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്തൊനീഷ്യയെ തകർത്ത് സൂനാമി; 281 മരണം, 1000 പേർക്ക് പരുക്ക്

indonesia-tsunami സുനാമിയിൽ തകർന്ന വീട്ടിൽനിന്ന് സാധനങ്ങൾ ശേഖരിക്കുന്ന യുവാവ്

ജക്കാർത്ത∙ ഇന്തൊനീഷ്യയിലുണ്ടായ സൂനാമിയിൽ മരണം 281 ആയി. ആയിരത്തിലേറെ പേർക്കു പരുക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30നാണ് സൂനാമിയുണ്ടായത്. തെക്കൻ‌ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളിൽ ആഞ്ഞടിച്ച സൂനാമിത്തിരകളിൽപെട്ടു നിരവധി കെട്ടിടങ്ങളും തകർന്നു.

മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. സൂനാമിയെ തുടർന്ന് തിരമാലകൾ 65 അടിയോളം ഉയർന്നു. അനക് ക്രാക്കത്തൂവ അഗ്നിപർവത ദ്വീപിൽ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ മാറ്റങ്ങളുമാണ് സൂനാമിക്കു കാരണമെന്നാണു കരുതുന്നത്.

ക്രാക്കത്തൂവ അഗ്നിപർവതത്തിനു സമീപത്തായി വർഷങ്ങൾക്കു മുൻപ് രൂപപ്പെട്ട ദ്വീപാണ് ഇത്. സ്ഫോടനമുണ്ടായി 24 മിനിറ്റുകൾക്കു ശേഷമായിരുന്നു സുനാമിത്തിരകൾ ആഞ്ഞടിച്ചത്. ബാന്തെൻ പ്രവിശ്യയിലെ പാൻഡെങ്‍ലാങ്ങിനെയാണു സൂനാമി ഏറ്റവും കൂടുതൽ ബാധിച്ചത്.

സൂനാമിയിൽ നിരവധി ഹോട്ടലുകളും വീടുകളും തകർന്നു. അടുത്തിടെ പാലുവിലും സുലവേസി ദ്വീപിലും ഉണ്ടായ ഭൂചലനത്തിലും സൂനാമിയിലും ആയിരത്തിലധികം പേരാണ് ഇന്തൊനീഷ്യയിൽ മരിച്ചത്.