വാഷിങ്ടൻ ∙ യുഎസിൽ ഭാഗിക ഭരണസ്തംഭനം തുടരുന്നതിനിടെ, ഇറാഖിൽ മിന്നൽ സന്ദർശനം നടത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭാര്യ മെലനിയയെയും കൂട്ടിയാണു ട്രംപ് പോയത്. ‘മധ്യപൂർവദേശത്ത് 7 ലക്ഷം കോടി ഡോളർ ചെലവഴിച്ചിട്ടും ചുറ്റും വിമാനങ്ങളുടെ അകമ്പടിയോടെ പാത്തും പതുങ്ങിയും വേണം ഇവിടെ വരാൻ. മുൻകൂട്ടി തീരുമാനിച്ചിരുന്ന പരിപാടികൾ പലതും വേണ്ടെന്നു വയ്ക്കേണ്ടി വന്നു.’– സുരക്ഷയെക്കുറിച്ചുള്ള ആശങ്കയുമായി ഇറാഖിൽ വന്നിറങ്ങിയ ട്രംപ് അസംതൃപ്തിയോടെ പറഞ്ഞു.
അമേരിക്കയുടെ മികച്ച സൈനികരാണ് ഇറാഖിന്റെ മണ്ണിൽ പോരാടുന്നതെന്നും അവരോടുള്ള ബഹുമാന സൂചകമായാണു സന്ദർശനമെന്നും ബഗ്ദാദിനു പടിഞ്ഞാറുള്ള അൽ അസദ് എയർ ബേസിലെ യോഗത്തിൽ വ്യക്തമാക്കിയ ട്രംപ് പക്ഷേ, ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി.
യുഎസ് സൈനികനേതൃത്വവുമായും സൈനികരുമായും മാത്രം സംസാരിച്ച ശേഷം പുതുവൽസരാശംസ നേർന്നു നാട്ടിലേക്കു തിരിച്ചു പറന്നു. ഏതാനും മണിക്കൂറുകൾ മാത്രം നീണ്ട സന്ദർശനം. ഇതാദ്യമാണു ട്രംപ് ഇറാഖിലെത്തുന്നത്. സ്വന്തം കാര്യം ഓർത്തല്ല, ഭാര്യ മെലനിയയുടെ സുരക്ഷയുടെ കാര്യത്തിലായിരുന്നു തനിക്ക് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.