സൂര്യന്റെ രഹസ്യം പഠിക്കാൻ നാസ ബഹിരാകാശ പേടകം അയയ്ക്കും

വാഷിങ്ടൻ ∙ സൂര്യന്റെ രഹസ്യം പഠിക്കാൻ ബഹിരാകാശ പേടകം അയയ്ക്കുമെന്ന് നാസ. റോബട് നിയന്ത്രിത പേടകത്തെ അടുത്ത വർഷത്തോടെ അയയ്ക്കാനാണ് അമേരിക്കൻ ഗവേഷണ കേന്ദ്രത്തിന്റെ തീരുമാനം. ഭൂമിയിൽ നിന്ന് 15 കോടി കിലോമീറ്ററോളം അകലെയാണ് സൂര്യൻ. 60 ലക്ഷം കിലോമീറ്റർ അടുത്തുവരെ പോയി നിരീക്ഷണങ്ങൾ നടത്താൻ കഴിയുമെന്നാണ് കരുതുന്നത്.

മൂന്നു കാര്യങ്ങളാണ് പ്രധാനമായും പഠിക്കാൻ ഉദ്ദേശിക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തെ അപേക്ഷിച്ച് ഉപരിതലത്തിൽ ചൂടു കുറവായിരിക്കുന്നത് എന്തുകൊണ്ടെന്ന കുഴക്കുന്ന ചോദ്യമാണ് ആദ്യത്തേത്. കൊറോണ എന്ന് അറിയപ്പെടുന്ന അന്തരീക്ഷം 20 ലക്ഷം ഡിഗ്രി സെൽഷ്യസ് ആണെങ്കിൽ ഉപരിതലമായ ഫോട്ടോസ്ഫിയറിലെ താപം 5500 ഡിഗ്രി സെൽഷ്യസ് മാത്രമാണ്. സൂര്യനിൽ നിന്ന് എല്ലാ ദിക്കുകളിലേക്കും മണിക്കൂറിൽ പത്തുലക്ഷം മൈൽ വേഗത്തിൽ പ്രസരിക്കുന്ന ഊർജകണങ്ങളുണ്ട്. എന്നാൽ ഇവയ്ക്ക് ഈ പ്രസരണവേഗം എവിടെ നിന്നു കിട്ടുന്നു എന്നതും ഉത്തരംകിട്ടാത്ത ചോദ്യമാണ്. സൂര്യനിൽ നിന്ന് ഇടയ്ക്കിടയ്ക്ക് അപകടകാരികളായ ഊർജകണങ്ങൾ തെറിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനും ഉത്തരം തേടും. 1370 ഡിഗ്രി സെൽഷ്യസ് ചൂടുവരെ താങ്ങുന്ന ബഹിരാകാശ പേടകമാണ് നാസ തയാറാക്കുന്നത്.