വാഷിങ്ടൻ∙ മനുഷ്യൻ ഇതാദ്യമായി അന്യഗ്രഹത്തിലെ ശബ്ദം കേട്ടു. നാസയുടെ ചൊവ്വപര്യവേഷണ വാഹനമായ ഇൻസൈറ്റ് ലാൻഡർ ‘ചുവന്ന ഗ്രഹ’ത്തിലെ കാറ്റിന്റെ ശബ്ദം റിക്കോർഡ് ചെയ്തു.
സെക്കൻഡിൽ 5 മുതൽ 7 മീറ്റർ വേഗമുളള കാറ്റ് ഇൻസൈറ്റിന്റെ സോളർ പാനലുകളിലൂടെ കടന്നു പോകുന്ന ശബ്ദമാണ് നവംബർ 26നു ചൊവ്വയിലിറങ്ങിയ വാഹനത്തിലെ സെൻസറുകൾ പിടിച്ചെടുത്തത്. ‘ചെറിയ കൊടി കാറ്റിലിളകുന്ന ശബ്ദം പോലെ’ എന്നാണു പഠനസംഘത്തിലെ ഗവേഷകൻ തോമസ് പൈക് പറഞ്ഞത്.
1976ൽ ഇറങ്ങിയ നാസയുടെ വൈക്കിങ് ഒന്ന്, രണ്ട് വാഹനങ്ങൾ കാറ്റിന്റെ ശബ്ദം പിടിച്ചെടുത്തിട്ടുണ്ടെങ്കിലും മനുഷ്യർക്കു കേൾക്കാനാവുന്ന ഉച്ചത്തിലായിരുന്നില്ല. താൽപര്യമുള്ളവർക്കു ചൊവ്വയിലെ കാറ്റിന്റെ ശബ്ദം കേൾക്കാം. ലിങ്ക്: www.nasa.gov/insightmarswind