പ്രധാനമന്ത്രിയായിരുന്ന ആള്‍ മറ്റൊരാളുടെ കീഴില്‍ മന്ത്രിയാവുന്നത് ബ്രിട്ടനില്‍ നടക്കാത്ത കാര്യമല്ല. പക്ഷേ, അപൂര്‍വമാണ്. അരനൂറ്റാണ്ടു കാലത്തിനുശേഷം ആദ്യമായിട്ടാണ് ഇപ്പോള്‍ അത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നതും. മുന്‍പ് രണ്ടു തവണയായി ഏഴു വര്‍ഷം പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറണാണ് ബ്രിട്ടനിലെ പുതിയ

പ്രധാനമന്ത്രിയായിരുന്ന ആള്‍ മറ്റൊരാളുടെ കീഴില്‍ മന്ത്രിയാവുന്നത് ബ്രിട്ടനില്‍ നടക്കാത്ത കാര്യമല്ല. പക്ഷേ, അപൂര്‍വമാണ്. അരനൂറ്റാണ്ടു കാലത്തിനുശേഷം ആദ്യമായിട്ടാണ് ഇപ്പോള്‍ അത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നതും. മുന്‍പ് രണ്ടു തവണയായി ഏഴു വര്‍ഷം പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറണാണ് ബ്രിട്ടനിലെ പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാനമന്ത്രിയായിരുന്ന ആള്‍ മറ്റൊരാളുടെ കീഴില്‍ മന്ത്രിയാവുന്നത് ബ്രിട്ടനില്‍ നടക്കാത്ത കാര്യമല്ല. പക്ഷേ, അപൂര്‍വമാണ്. അരനൂറ്റാണ്ടു കാലത്തിനുശേഷം ആദ്യമായിട്ടാണ് ഇപ്പോള്‍ അത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നതും. മുന്‍പ് രണ്ടു തവണയായി ഏഴു വര്‍ഷം പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറണാണ് ബ്രിട്ടനിലെ പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാനമന്ത്രിയായിരുന്ന ആള്‍ മറ്റൊരാളുടെ കീഴില്‍ മന്ത്രിയാവുന്നത് ബ്രിട്ടനില്‍ നടക്കാത്ത കാര്യമല്ല. പക്ഷേ, അപൂര്‍വമാണ്. അരനൂറ്റാണ്ടു കാലത്തിനുശേഷം ആദ്യമായിട്ടാണ് ഇപ്പോള്‍ അത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നതും. 

മുന്‍പ് രണ്ടു തവണയായി ഏഴു വര്‍ഷം പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറണാണ് ബ്രിട്ടനിലെ പുതിയ വിദേശമന്ത്രി. തികച്ചും അപ്രതീക്ഷിതമായ ഈ നിയമനവും അതിനു വഴിയൊരുക്കുന്ന വിധത്തില്‍ പ്രധാനമന്ത്രി ഋഷി സുനക് ഇക്കഴിഞ്ഞ തിങ്കളാഴ്ച (നവംബര്‍ 13) നടത്തിയ മന്ത്രിസഭാ പുനഃസംഘടനയും ബ്രിട്ടനെ ഞെട്ടിക്കുകയും പിടിച്ചുകുലുക്കുകയും ചെയ്തു.

ADVERTISEMENT

ബ്രിട്ടനില്‍ ഇതിനു മുന്‍പ് നടന്ന ഇത്തരമൊരു കഥയിലെ നായകന്‍ അലക് ഡഗ്ളസ്-ഹ്യൂമായിരുന്നു. 1963-1964 കാലത്ത് അദ്ദേഹം പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്‍റെ കീഴില്‍ മന്ത്രിയായിരുന്നു എഡ്വേഡ് ഹീത്ത്. 1970ല്‍ ഹീത്ത് പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്‍റെ കീഴില്‍ ഡഗ്ളസ്-ഹ്യൂം വിദേശമന്ത്രിയാവുകയും ചെയ്തു. രണ്ടു സംഭവങ്ങളിലെയും പാര്‍ട്ടി ഒന്നുതന്നെ - കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. ഒരു വര്‍ഷമായി അവരുടെ നേതാവും പ്രധാനമന്ത്രിയുമാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനക് (43). 

അന്‍പത്താറുകാരനായ ഡേവിഡ് കാമറണ്‍ എന്ന ഡേവിഡ് വില്യം ഡോണള്‍ഡ് കാമറണ്‍ 43-ാം വയസ്സില്‍ 2010ല്‍ ആദ്യമായി പ്രധാനമന്ത്രിയായത് ബ്രിട്ടന്‍റെ 198 വര്‍ഷത്തിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന പേരോടുകൂടിയായിരുന്നു. ദീര്‍ഘകാലം പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്ന വലതുപക്ഷ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ 2010ല്‍ അധികാരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത് അദ്ദേഹമാണ്. 

പക്ഷേ, രണ്ടാമത്തെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം അധികനാളുകള്‍ കഴിയുന്നതിനുമുന്‍പ് രാജിവയ്ക്കേണ്ടിവന്നു. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാനുള്ള ബ്രിട്ടന്‍റെ തീരുമാനം അഥവാ ബ്രെക്സിറ്റ് ആയിരുന്നു അതിനു കാരണം. ബ്രെക്സിറ്റിന് എതിനെതിരായിരുന്നു കാമറണ്‍. എങ്കിലും, സ്വന്തം പാര്‍ട്ടിയില്‍നിന്നു തന്നെയുണ്ടായ സമ്മര്‍ദ്ദത്തിനു വഴങ്ങി ഹിതപരിശോധ നടത്താന്‍ സമ്മതിച്ചു. 2016 ജൂണില്‍ നടന്ന ഹിതപരിശോധനയുടെ ഫലം ബ്രെക്സിറ്റിന് അനുകൂലമായപ്പോള്‍ ഞെട്ടുകയും രാജിവയ്ക്കുകയും ചെയ്തു. 

മനംമടുത്ത കാമറണ്‍ പാര്‍ലമെന്‍റ് അംഗത്വവും (പാര്‍ലമെന്‍റിന്‍റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സ് അഥവാ പൊതുജന സഭയിലെ സീറ്റ്) ഉപേക്ഷിക്കുകയുണ്ടായി. ഓര്‍മ്മക്കുറിപ്പുകളുടെ രചനയും ലോബിയിങ് പ്രവര്‍ത്തനങ്ങളുമായി ഒരു സാധാരണ പൗരനായി കഴിയുകയായിരുന്നു. ബിസിനസ് സ്ഥാപനങ്ങളെയും മറ്റും ഗവണ്‍മെന്‍റുമായുള്ള ഇടപാടുകളില്‍ സഹായിക്കുന്നതിനെയാണ് ലോബിയിങ് എന്നു പറയുന്നത്. 

ADVERTISEMENT

കനത്ത ശമ്പളത്തോടെ ഒരു ധനകാര്യ സ്ഥാപനത്തിന്‍റെ ഉപദേഷ്ടാവായും പ്രവര്‍ത്തിക്കുകയായിരുന്നു  കാമറണ്‍. സ്ഥാപനം തകരുകയും നിക്ഷേപകര്‍ക്കു നഷ്ടം സംഭവിക്കുകയും ചെയ്തത് അദ്ദേഹത്തിനു ചീത്തപ്പേരുണ്ടാക്കി. മറവിരോഗം സംബന്ധിച്ച് ഗവേഷണം നടത്തുന്ന ഒരു സംഘടനയുടെ തലവനായും സേവനം ചെയ്യുകയായിരുന്നു. എന്നെങ്കിലും അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ തിരിച്ചെത്തുമെന്ന ഒരു സൂചനയും ആര്‍ക്കും ലഭിച്ചിരുന്നില്ല. 

പക്ഷേ, അതിനിടയില്‍ പ്രധാനമന്ത്രി സുനകിനു തന്‍റെ മന്ത്രിസഭ അടിയന്തരമായി അഴിച്ചുപണിയേണ്ട ആവശ്യം നേരിട്ടു. നിരന്തരമായി തന്നെ ധിക്കരിക്കുകയും വിവാദം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്ന ആഭ്യന്തരമന്ത്രി സുവല്ല ബ്രാവര്‍മാനെ ഒഴിവാക്കുന്ന കാര്യം ആലോചിക്കുകയായിരുന്നു അദ്ദേഹം. സുവല്ലയും ഇന്ത്യന്‍ വംശജയാണ്. 

അവരെ അദ്ദേഹം പുറത്താക്കുകയും വിദേശമന്ത്രി ജയിംസ് ക്ളവര്‍ലിക്കു ആഭ്യന്തര വകുപ്പ് നല്‍കുകയും ചെയ്തു. ക്ളവര്‍ലിക്കു പകരമായിട്ടാണ് കാമറണിനെ പുതിയ വിദേശമന്ത്രിയായി നിയമിച്ചത്. മറ്റു ചില മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റാനും സുനക് ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി.    

കാമറണ്‍ ഇപ്പോള്‍ പാര്‍ലമെന്‍റ് അംഗമല്ലാത്തതിനാല്‍ അത്തരം ഒരാള്‍ക്കു മന്ത്രിയാകാന്‍ പറ്റുമോയെന്ന ചോദ്യം ഉയരുകയുണ്ടായി. ബ്രിട്ടന്‍റെ അലിഖിത ഭരണഘടനയില്‍ അതിനെപ്പറ്റി ഒന്നും പറയുന്നില്ല. എങ്കിലും, പ്രധാനമന്ത്രി സുനക് അതു സംബന്ധിച്ച് വിവാദത്തിനൊന്നും ഇട നല്‍കിയില്ല. 

ADVERTISEMENT

പാര്‍ലമെന്‍റിന്‍റെ ഉപരിസഭയായ പ്രഭുസഭയില്‍ (ഹൗസ് ഓഫ് ലോഡ്സ്) കാമറണിന് അംഗത്വം ലഭിക്കുന്നതിനുവേണ്ടി അദ്ദേഹത്തിനു ആജീവനാന്ത പ്രഭുപദവി നല്‍കാന്‍ സുനക് ചാള്‍സ് രാജാവിനോട് ശുപാര്‍ശ ചെയ്യുകയും രാജാവ് അതിനു സമ്മതിക്കുകയും ചെയ്തു. തുടര്‍ന്നു പ്രഭുസഭയിലേക്കു നോമിനറ്റ് ചെയ്യപ്പെട്ടതോടെ കാമറണ്‍ എംപിയാവുകയും ചെയ്തു. അദ്ദേഹത്തെ ആളുകള്‍ കാമറണ്‍ പ്രഭുവെന്നു വിളിക്കാനും തുടങ്ങിക്കഴിഞ്ഞു.

പ്രഭുസഭയില്‍ അംഗമായിരുന്നുകൊണ്ട് വിദേശമന്ത്രിപദം വഹിച്ച മറ്റൊരാള്‍ ബ്രിട്ടന്‍റെ സമീപകാല ചരിത്രത്തിലുണ്ട്-പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ കീഴില്‍ വിദേശമന്ത്രിയായിരുന്ന പീറ്റര്‍ കാരിങ്ടണ്‍ എന്ന കാരിങ്ടണ്‍ പ്രഭു. ഏറ്റവും പ്രശസ്തരായ ബ്രിട്ടീഷ് വിദേശമന്ത്രിമാരില്‍ ഒരാളായി അദ്ദേഹം എണ്ണപ്പെടുന്നു. 

പന്ത്രണ്ട് വര്‍ഷത്തോളം രാജ്യം ഭരിച്ച താച്ചര്‍ കഴിഞ്ഞാല്‍ സമീപ കാലത്തു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഏറ്റവും വിജയകരമായ നേതൃത്വം നല്‍കിയതു കാമറണായിരുന്നു. എതിരാളികളായ ലേബര്‍ പാര്‍ട്ടിയുടെ തുടര്‍ച്ചയായുള്ള 13 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് അദ്ദേഹം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ 2010ല്‍ അധികാരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. അതിന് അഞ്ചു വര്‍ഷം മുന്‍പ്തന്നെ പാര്‍ട്ടിയുടെ തലവനായിക്കഴിഞ്ഞിരുന്നു. 

പൊതുജന സഭയില്‍ കേവല ഭൂരിപക്ഷം കിട്ടാതിരുന്നതിനാല്‍ ആദ്യതവണ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സഹായം സ്വീകരിക്കേണ്ടിവന്നു. 2015ല്‍ വ്യക്തമായ ഭൂരിപക്ഷം നേടിയെങ്കിലും പാര്‍ട്ടിയിലെ അന്തഃഛിദ്രം കാരണം കാമറണിന് ഇരിക്കപ്പൊറുതി കിട്ടിയില്ല. കുഴപ്പങ്ങള്‍ക്കു മുഖ്യ കാരണം ബ്രെക്സിറ്റായിരുന്നു.

സുനക് ഉള്‍പ്പെടെയുള്ള ബ്രെക്സിറ്റ് അനുകൂലികളുടെ സമ്മര്‍ദത്തിനു വഴങ്ങി ഹിതപരിശോധന നടത്താന്‍ സമ്മതിച്ച കാമറണ്‍ ബ്രെക്സിറ്റ് വിരുദ്ധ വികാരം മുതലാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. വെറും നാലു ശതമാനം വോട്ടുകളുടെ വ്യത്യാസത്തോടെയാണ് (52-48) ഹിതപരിശോധനയില്‍ ബ്രെക്സിറ്റ് അനുകൂല വിധിയുണ്ടായത്.

അതിനുശേഷമുള്ള ഏഴു വര്‍ഷത്തിനിടയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഗ്രൂപ്പിസം മൂര്‍ഛിക്കുകയും ഓരോന്നായി നാലു പേര്‍ അതിന്‍റെ നേതാവാകുകയും പ്രധാനമന്ത്രിപദം വഹിക്കുകയും ചെയ്തു. നാലാമത്തെ ആളാണ് ഒരു വര്‍ഷമായി ആ പദവികള്‍ വഹിച്ചുവരുന്ന ഋഷി സുനക്. അതിനു മുന്‍പ് അദ്ദേഹം പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ഗവണ്‍മെന്‍റില്‍ രണ്ടേകാല്‍ വര്‍ഷം ധനമന്ത്രിയായിരുന്നു. എംപിയായിട്ട് എട്ടു വര്‍ഷമാകുന്നതേയുള്ളൂ.

മിക്കവാറും രാഷ്ട്രീയ വനവാസത്തിലായിരുന്ന കാമറണിനെ പാര്‍ലമെന്‍റ് അംഗമല്ലാതിരുന്നിട്ടും ഒരു സുപ്രധാന വകുപ്പ് നല്‍കി അദ്ദേഹം തന്‍റെ ക്യാബിനറ്റിലേക്കു കൊണ്ടുവന്നതിനു കാരണമെന്ത് എന്ന ചോദ്യം സ്വാഭാവികമായും ഉയരുകയുണ്ടായി. 

യുക്രെയിനില്‍ ഒന്നര വര്‍ഷത്തിമുന്‍പ് തുടങ്ങിയ റഷ്യന്‍ ആക്രമണം, ഗാസയില്‍ ഹമാസും ഇസ്രയേലും തമ്മില്‍ നടന്നുവരുന്ന ഘോരയുദ്ധം എന്നിവ പോലുള്ള ഗുരുതരവും സങ്കീര്‍ണവുമായ പ്രശ്നങ്ങളാണ് ഇതിന്‍റെ പശ്ചാത്തലം. ഇരുട്ടില്‍ തപ്പുന്ന വിധത്തിലുള്ള ഇതു പോലൊരു അവസ്ഥ 2003ലെ ഇറാഖ് യുദ്ധത്തിനു ശേഷം പാശ്ചാത്യ രാജ്യങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നിരുന്നില്ല. 

ഈ സന്ദര്‍ഭത്തില്‍ ബ്രിട്ടന്‍റെ രാജ്യാന്തര നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ കാമറണിനെപ്പോലുള്ള പരിചയ സമ്പന്നനും പ്രഗല്‍ഭനുമായ ഒരാളുടെ പങ്കാളിത്തം സുനകിനു സഹായകമാകുമെന്നു വിശദീകരിക്കപ്പെടുന്നു. 2025ല്‍ പുതിയ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും അതില്‍ പിടിമുറുക്കാനും സുനക് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായും ഇത് എണ്ണപ്പെടുന്നു. അഭിപ്രായ സര്‍വേകളിലെല്ലാം അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയുടെ വളരെ പിന്നിലാണ് ഇപ്പോള്‍.