ഭയം /അഭയം/ അവൾ
വാനിറ്റി ബാഗിൽ അഞ്ഞൂറുരൂപാ നോട്ടിനുവേണ്ടി തിരഞ്ഞെങ്കിലും കണ്ടില്ല; ഊബർ ഡ്രൈവർക്കുള്ള ടാക്സിക്കൂലി ഗൂഗിൾപേ ചെയ്തുകൊടുത്ത് അവൾ പുറത്തേക്കിറങ്ങി. മഴച്ചാറ്റലുണ്ട്. അതു വകവയ്ക്കാതെ അവൾ ഫുട്പാത്തിനരികെയുള്ള കോഫിഷോപ്പിലേക്കു നടന്നു. ഉച്ചത്തിരക്കു കഴിഞ്ഞ് ആളൊഴിഞ്ഞ മൂന്നരമണിനേരം. കോഫിഷോപ്പിന്റെ
വാനിറ്റി ബാഗിൽ അഞ്ഞൂറുരൂപാ നോട്ടിനുവേണ്ടി തിരഞ്ഞെങ്കിലും കണ്ടില്ല; ഊബർ ഡ്രൈവർക്കുള്ള ടാക്സിക്കൂലി ഗൂഗിൾപേ ചെയ്തുകൊടുത്ത് അവൾ പുറത്തേക്കിറങ്ങി. മഴച്ചാറ്റലുണ്ട്. അതു വകവയ്ക്കാതെ അവൾ ഫുട്പാത്തിനരികെയുള്ള കോഫിഷോപ്പിലേക്കു നടന്നു. ഉച്ചത്തിരക്കു കഴിഞ്ഞ് ആളൊഴിഞ്ഞ മൂന്നരമണിനേരം. കോഫിഷോപ്പിന്റെ
വാനിറ്റി ബാഗിൽ അഞ്ഞൂറുരൂപാ നോട്ടിനുവേണ്ടി തിരഞ്ഞെങ്കിലും കണ്ടില്ല; ഊബർ ഡ്രൈവർക്കുള്ള ടാക്സിക്കൂലി ഗൂഗിൾപേ ചെയ്തുകൊടുത്ത് അവൾ പുറത്തേക്കിറങ്ങി. മഴച്ചാറ്റലുണ്ട്. അതു വകവയ്ക്കാതെ അവൾ ഫുട്പാത്തിനരികെയുള്ള കോഫിഷോപ്പിലേക്കു നടന്നു. ഉച്ചത്തിരക്കു കഴിഞ്ഞ് ആളൊഴിഞ്ഞ മൂന്നരമണിനേരം. കോഫിഷോപ്പിന്റെ
വാനിറ്റി ബാഗിൽ അഞ്ഞൂറുരൂപാ നോട്ടിനുവേണ്ടി തിരഞ്ഞെങ്കിലും കണ്ടില്ല; ഊബർ ഡ്രൈവർക്കുള്ള ടാക്സിക്കൂലി ഗൂഗിൾപേ ചെയ്തുകൊടുത്ത് അവൾ പുറത്തേക്കിറങ്ങി. മഴച്ചാറ്റലുണ്ട്. അതു വകവയ്ക്കാതെ അവൾ ഫുട്പാത്തിനരികെയുള്ള കോഫിഷോപ്പിലേക്കു നടന്നു. ഉച്ചത്തിരക്കു കഴിഞ്ഞ് ആളൊഴിഞ്ഞ മൂന്നരമണിനേരം. കോഫിഷോപ്പിന്റെ ചില്ലുവാതിലിനു മുന്നിലെത്തിയപ്പോൾ അവൾ ഒരു നിമിഷം സംശയിച്ചു; പുഷ്, പുൾ.. എപ്പോഴും ആ ബോർഡ് കാണുമ്പോൾ ഒന്നു സംശയിക്കും. പിന്നെ രണ്ടുംകൽപിച്ച് തള്ളിനോക്കും. ഭാഗ്യം. ഇത്തവണ കൃത്യമായി വാതിൽതുറന്നു. അകത്ത് 18 ഡിഗ്രി സെൽഷ്യസിൽ സെറ്റ് ചെയ്ത എസിയുടെ കൊടുംതണുപ്പ്. കറുത്ത ജീൻസും വെളുത്ത ടീഷർട്ടും ധരിച്ചൊരാൾ വന്ന് അവൾക്ക് ഇരിക്കാനുള്ള സീറ്റ് ചൂണ്ടിക്കാണിച്ചുകൊടുത്തു. അവൾ അതിനുപകരം ഏറ്റവും അറ്റത്തെ മറ്റൊരു സീറ്റ് തിരഞ്ഞെടുത്തു.
‘‘ഒരാൾകൂടി വരാനുണ്ട്.’’
ഓർഡർ എടുക്കാൻവന്ന പയ്യനോട് കുറച്ചുസമയം കഴിഞ്ഞ് ഓർഡർ പറയാമെന്നു പറഞ്ഞ് അവൾ ചില്ലുജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു. മഴ നോക്കിയിരിക്കുന്നത് പണ്ടേ അവൾക്കിഷ്ടമാണ്. ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴ. ചിണുങ്ങിപ്പെയ്യുന്ന മഴ.. ചാറ്റൽമഴ... ബോബിയെ ആദ്യം പരിചയപ്പെട്ടപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. ഓഫിസിനടുത്തുള്ള പാർക്കിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ എന്തോ പരിപാടിക്കിടയിലായിരുന്നു ആ കൂടിക്കാഴ്ചയെന്നത് അവൾക്ക് ഇപ്പോഴും ഓർമയുണ്ട്. ഓഫിസിൽ ടെക് ടീമിലേക്കു പുതുതായി അവൻ ജോയിൻ ചെയ്ത ദിവസം പരിചയപ്പെടാൻ വന്നിരുന്നു. ‘അന്ന് പരിചയപ്പെട്ടത് ഓർമയില്ലേ’ എന്ന മുഖവുരയോടെയാണ് അവൻ ഓഡിറ്റോറിയത്തിൽ പ്രോഗ്രാം നടക്കുന്ന സ്റ്റേജിനു പിന്നിൽവന്ന് ഷെയ്ക് ഹാൻഡ് തന്നത്. എത്രയെത്ര പേർ ഓഫിസിൽ ജോയിൻ ചെയ്യുന്നു, പിരിഞ്ഞുപോകുന്നു.. എത്രയെത്ര പേരെ പരിചയപ്പെടുന്നു. ഇവരെയൊക്കെ എങ്ങനെ ഓർമിക്കാൻ, എന്നു പറയണമെന്നുണ്ടായിരുന്നു. പക്ഷേ അവന്റെ മുഖത്തെ പരിഭവം നിറഞ്ഞ നുണക്കുഴി കണ്ടപ്പോൾ അവൾക്കതു പറയാൻ തോന്നിയില്ല.
‘‘ഞാൻ ബോബി.. നാട്ടിൽ തിരുവല്ലയിലാണ്.’’
അവളതു മൂളിക്കേൾക്കുക മാത്രം ചെയ്തു. തിരികെ സ്വയം പരിചയപ്പെടുത്താനൊന്നും പോയില്ല. സ്റ്റേജിൽ അടുത്ത സ്ലൈഡ് പ്രസന്റേഷന് അവളുടെ ടീമിനെ പ്രതിനിധീകരിച്ച് അവളാണ് കയറേണ്ടത്. അതിന്റെ ടെൻഷനിലായിരുന്നു അവൾ... ഇത്തവണ പ്രസന്റേഷൻ കലക്കണം, ടെൻഡർ നമ്മുടെ ടീമിനു തന്നെ കിട്ടണമെന്നു ജിഎമ്മിന്റെ ഭാഗത്തുനിന്ന് നല്ല പ്രഷറുമുണ്ട്. അതിനിടയിലാണ് ഒരു തിരുവല്ലക്കാരന്റെ പഞ്ചാര ഷെയ്ക്ക് ഹാൻഡ്. പ്രസന്റേഷനു വേണ്ടി സ്റ്റേജിൽ അവളുടെ പേര് അനൗൺസ് ചെയ്തപ്പോൾ പിന്നിൽനിന്നൊരു വിളി.
‘‘രെച്ചൂ ഓൾ ദ ബെസ്റ്റ്...’’
അതായിരുന്നു തുടക്കം. അടുപ്പമുള്ളവർ മാത്രമേ ‘രെച്ചൂ’ എന്നു ചെല്ലപ്പേരു വിളിക്കാറുണ്ടായിരുന്നുള്ളു. ഓഫിസിൽ മറ്റെല്ലാവരും രശ്മീ എന്നുമാത്രം വിളിച്ചപ്പോൾ ബോബി ആദ്യമേതന്നെ രെച്ചൂ എന്ന വിളി ഉറപ്പിച്ചുകഴിഞ്ഞിരുന്നു; അടുപ്പവും. അമ്മയും അച്ഛനും ഏട്ടനും ഓഫിസിലെ ബെസ്റ്റികളായ നീനയും സ്റ്റെല്ലയുമാണ് അതുവരെ അങ്ങനെ വിളിച്ചിട്ടുള്ളൂ. ആ വിളിയിലാണ് രശ്മി ബോബിയെ ശ്രദ്ധിക്കാൻ തുടങ്ങിയത്. വർത്തമാനത്തിലും നടപ്പിലും എടുപ്പിലുമെല്ലാം ഒരു തനി തിരുവല്ലാക്കാരൻ അച്ചായൻ. ഓരോ തവണ നാട്ടിൽപോയി വരുമ്പോഴും അവന്റെ അമ്മച്ചിയുടെ കൈപ്പുണ്യമൊക്കെ അവുലോസുണ്ടയായും വട്ടയപ്പമായും കൊഴുക്കട്ടയായും അവളുടെ ഓഫിസ്ടേബിളിൽ എത്തിക്കൊണ്ടേയിരുന്നു. സംസാരപ്രിയനായിരുന്നു ബോബി. സ്റ്റോക് മാർക്കറ്റിനെക്കുറിച്ചുമുതൽ സ്ത്രീകൾക്കുണ്ടാകുന്ന മൂഡ് സ്വിങ്സിനെക്കുറിച്ചുവരെ ഒരേ ആധികാരികതയോടെ സംസാരിച്ചു പലപ്പോഴും രശ്മിയെ ബോറടിപ്പിക്കാറുണ്ടായിരുന്നു. പറയുന്നത് അറിയില്ലാത്ത കാര്യങ്ങളെക്കുറിച്ചാണെങ്കിലും അതിന്റെ അഹങ്കാരമൊന്നും ആ മുഖത്തുണ്ടാകില്ല. നുണക്കുഴികളിലെപ്പോഴും ഒരു കുട്ടിത്തം തളംകെട്ടിനിൽക്കുന്നുണ്ടാകും.
ഒരിക്കൽ രശ്മി അറിയാതൊന്നു പറഞ്ഞുപോയി, അവന്റെ നുണക്കുഴികളാണ് അവൾ ആദ്യം ശ്രദ്ധിച്ചതെന്ന്. അതിൽപിന്നെ എത്ര ലെയ്റ്റ് നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞാലും രാവിലെ എഴുന്നേറ്റ് കവിൾരണ്ടും നല്ല കിണ്ണംകമിഴ്ത്തിയ കണക്കെ ക്ലീൻ ഷെയ്‌വ് ചെയ്തേ ബോബി ഓഫിസിൽ വരാറുള്ളൂ. ജോലി ചെയ്യുന്നത് രണ്ടു വെവ്വേറെ നിലകളിലെ ഓഫിസുകളിലായിരുന്നെങ്കിലും ഓഫിസ് കഫ്റ്റീരിയയിൽ മിക്കപ്പോഴും അവർ കണ്ടുമുട്ടി. വൈകിട്ട് ഹോസ്റ്റലിലേക്കുള്ള അവളുടെ യാത്ര അവന്റെ ബൈക്കിൽതന്നെയാകണമെന്ന് അവനു നിർബന്ധമായിരുന്നു. ബാംഗ്ലൂരിലെ ഫുട്പാത്തുകളിലൂടെയുള്ള വൈകുന്നേര നടത്തം വളരെ റൊമാന്റിക് ആണെന്നു പറഞ്ഞ് ബൈക്കുയാത്ര ഒഴിവാക്കിയപ്പോഴെല്ലാം ബോബിയും അവളുടെ കൂടെ നടക്കാൻ കൂട്ടായി. ഹോസ്റ്റൽവരെ കൂടെവന്ന് അവൾ സെയ്ഫായി അകത്തുകയറിയെന്ന് ഉറപ്പാക്കിയിട്ടേ ബോബി തിരിച്ചു നടക്കാറുള്ളൂ.
ബോബിയെപ്പോലെതന്നെ രെച്ചുവിന് ഇഷ്ടമായിരുന്നു അവന്റെ ബൈക്കും. പെൺകുട്ടികൾ ഇനി വണ്ടിയിലൊന്നു പിടച്ചുകയറേണ്ടെന്നു പറഞ്ഞ് അച്ഛനും ഏട്ടനും അവളെ സൈക്കിൾചവിട്ടാൻപോലും സമ്മതിച്ചിരുന്നില്ല. ബൈക്കോടിക്കാൻ മോഹമുണ്ടെന്ന് ഒരിക്കൽ ബോബിയോടു പറഞ്ഞപ്പോൾ അവൻ കുറെ ചിരിച്ചു. നുണക്കുഴികളിൽ വീണ്ടും കുട്ടിത്തം നിറഞ്ഞു. ‘‘രെച്ചുവിന് എവിടെയാ പോകേണ്ടത്, എവിടെ വേണമെങ്കിലും ഞാൻ കൊണ്ടുപോകാലോ...’’ ആ മറുപടിയിൽ വീണ്ടും അവൾ അവളുടെ അച്ഛനെയും ഏട്ടനെയും ഓർമിച്ചു. എങ്കിലും ബോബിക്കൊപ്പം അവൾ ബാംഗ്ലൂർനഗരം മുഴുവൻ കണ്ടുനടന്നു. ഒരുമിച്ചു നടക്കുമ്പോഴൊക്കെ അവൻ അവളുടെ കൈവിരലുകൾ കോർത്തുപിടിച്ചു. കൈവിടുവിച്ചപ്പോഴൊക്കെ അവൻ വീണ്ടും നുണക്കുഴികളിൽ പരിഭവം നിറച്ചു. ചിലപ്പോഴെങ്കിലും ആ നുണക്കുഴിക്കവിളുകളിൽ നുള്ളി ഒരു കൊച്ചുകുഞ്ഞിനെയെന്നവണ്ണം കൊഞ്ചിക്കാൻ അവൾക്കു തോന്നിയിരുന്നു. അത്രയും കരുതലോടെയും സ്നേഹത്തോടെയും അവൻ അവളോടൊട്ടിനിന്നു. അവന്റെ നുണിക്കുഴികളേക്കാൾ ആഴം കണ്ണുകളിലുണ്ടെന്നു തോന്നിപ്പിച്ചു ചിലപ്പോഴെങ്കിലും അവന്റെ നോട്ടങ്ങൾ. പാർക്കിൽ, ബീച്ചിൽ, നഗരത്തിരക്കൊഴിഞ്ഞ കോഫി ഷോപ്പുകളിൽ..അങ്ങനെ ആ സൗഹൃദം നിരന്തരം സംസാരിച്ചുകൊണ്ടേയിരുന്നു. ബോബിയാണ് കൂടുതലും സംസാരിച്ചത്. അവൾ കേട്ടിരുന്നു. ഓരോ കൂടിക്കാഴ്ചയ്ക്കുമൊടുവിൽ പിരിയാൻ നേരം, ‘പ്ലീസ്, ഒരു മിനിറ്റ്കൂടി രെച്ചൂ’ എന്നു പറഞ്ഞ് അവൻ അവളെ അവനിലേക്കു വലിച്ചടുപ്പിച്ചുകൊണ്ടേയിരുന്നു.
പിന്നീട് എപ്പോഴൊക്കെയാണ് ആ സ്നേഹം അവളെ വീർപ്പുമുട്ടിക്കാൻ തുടങ്ങിയത്? ആ നുണിക്കുഴിയാഴങ്ങളിലെ പരിഭവങ്ങളിൽ അവൾക്കു ശ്വാസംമുട്ടാൻ തുടങ്ങിയത്? നഗരത്തിലെ നക്ഷത്രഹോട്ടലിൽ ഓഫിസിലെ സഹപ്രവർത്തകർക്കൊപ്പം ക്ലബ് ഡിന്നറിനുപോയപ്പോൾ ചെറുപ്പക്കാരനായ ബോസിനൊപ്പം സെൽഫിക്കു പോസ് ചെയ്തതു കണ്ടാണ് ബോബി ആദ്യമായി അവളോടു മുഖംവീർപ്പിച്ചത്. ആ വാശിക്കാണ് അവളന്ന് കോക്ടെയിൽ പാർട്ടിയിൽ ഒരു പെഗ് കഴിച്ചത്. അപ്പൻ എല്ലാദിവസവും സ്കോച്ച് കഴിക്കുമെങ്കിലും അവന്റെ അമ്മച്ചി ഇതുവരെ ഒരു തുള്ളി കഴിച്ചിട്ടില്ലെന്നു പറഞ്ഞ് അവൻ ആദ്യമായി അവളോടു വഴക്കിട്ടത്. ഓൺലൈനിൽ ഓഫറിനു വാങ്ങിയ ടീഷർട്ടിന് ഇറുക്കം കൂടിപ്പോയെന്ന് പറഞ്ഞ്, ഓഫിസിൽ വല്ലപ്പോഴും ഇടാറുള്ള ഫ്രോക്കിന് ഇറക്കം കുറഞ്ഞെന്നു പറഞ്ഞ്, അവൾ ആശിച്ചുവാങ്ങിയ കടുംചുവന്ന ലിപ്സ്റ്റിക് കണ്ട് ഇതു ചീത്ത പെണ്ണുങ്ങൾ വാരിത്തേയ്ക്കുന്നതാണെന്ന് പറഞ്ഞ്, ഓണത്തിനു സെറ്റുസാരിയുടുത്തുചെന്ന ദിവസം അടുത്തിരിക്കുന്ന സാജുവും ജിന്റോയുമൊന്നും വയറു കാണാതിരിക്കാൻ ബ്ലൗസിനോടു ചേർത്തു സേഫ്റ്റിപിൻ കുത്തിയില്ലെന്നു പറഞ്ഞ്, രാത്രി വൈകി ഡ്യൂട്ടി കഴിഞ്ഞൊരു ദിവസം ഓഫിസിലെ മെൽവിന്റെ കാറിൽ തിരികെ ഹോസ്റ്റലിലേക്കു ലിഫ്റ്റ് ചോദിച്ചുവന്നപ്പോൾ മറ്റ് ആണുങ്ങളുടെ കൂടെ കറങ്ങിനടക്കുന്നെന്നു പറഞ്ഞ്, പിരീയഡ്സിന്റെ വേദന കാരണം നേരത്തെ കിടന്നുറങ്ങിപ്പോയൊരു ദിവസം ബോബിക്കുള്ള പതിവു ഗുഡ്നൈറ്റ് കിസ് അയച്ചില്ലെന്നു പറഞ്ഞ്.... അങ്ങനെ എത്രയെത്ര കൊച്ചുകൊച്ചുകാരണങ്ങൾക്കാണ് പിന്നീട് ബോബി മുഖംവീർപ്പിച്ചത്. ഓർമിച്ചെടുക്കാൻ ശ്രമിച്ചപ്പോഴെല്ലാം രശ്മിയുടെ ഉള്ളു പിടഞ്ഞു. ഒരിക്കലും തനിച്ചുവിടാതെ ഒരു നിഴലുപോലെ അവൻ അവളെ പിന്തുടർന്നു.
അച്ഛനെയും പന്ത്രണ്ടുവയസ്സിനു മൂത്ത ഏട്ടനെയും ഭയന്നു ജീവിച്ചു മടുത്തിട്ടാണ് രശ്മി ബാംഗ്ലൂരിലേക്കു വണ്ടികയറിയത്. ഉറക്കെച്ചിരിക്കുന്നതിനുപോലും വിലക്കുണ്ടായിരുന്ന ബാല്യം. അച്ഛന്റെയും ഏട്ടന്റെയും കരുതലും സ്നേഹവും ശ്വാസംമുട്ടിക്കുന്നപോലെ തോന്നി. ഏതുനേരവും പിന്തുടരുന്ന കണ്ണുകൾ, തനിയെ ഒന്നും ചെയ്യാൻ വിടാതെ ചുറ്റിവരിഞ്ഞ്, വീർപ്പുമുട്ടിച്ച്... ഭയമായിരുന്നു രശ്മിക്ക് ആ സ്നേഹത്തോട്... അമ്മ അതിനകം ആ ഭയത്തിൽ ഒരു അഭയം കണ്ടെത്തിക്കഴിഞ്ഞെന്നും അവൾക്കു തോന്നിയിട്ടുണ്ട്. ജീവിതകാലം മുഴുവൻ അമ്മ അച്ഛനെപ്പേടിച്ചുകഴിയുകയായിരുന്നു. പക്ഷേ രശ്മിക്കതുവയ്യ. അവൾക്ക് അവളുടെകൂടി ഇഷ്ടങ്ങൾ ശ്വസിച്ചു ജീവിക്കണം. അതവൾ തീരുമാനിച്ചുറപ്പിച്ചുകഴിഞ്ഞിരുന്നു.
കോഫി ഷോപ്പിൽ ബോബിയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് അരമണിക്കൂറാകുന്നു. അവൾ വാച്ചിലേക്കു നോക്കി. സമയം നാലുമണി. ഓഫിസിൽനിന്ന് ബോബി ഇപ്പോഴെത്തും. പതിവുപോലെ അവളെ ‘രെച്ചൂ’ എന്നുവിളിച്ച് പിന്നിൽനിന്നു ചുറ്റിപ്പിടിച്ചു പിൻകഴുത്തിലെ മുടിവകഞ്ഞുമാറ്റി ഇടതുചെവിക്കുപിന്നിലെ മറുകിൽ ഉമ്മവയ്ക്കും. ‘ആളുകൾ ശ്രദ്ധിക്കുന്നു ബോബീ’ എന്നു പറഞ്ഞു തള്ളിമാറ്റിയാലും, ‘മറ്റുള്ളവരെ കാണിക്കാൻവേണ്ടി എന്റെ രെച്ചു എന്തിനാ ഇങ്ങനെ ഒരുങ്ങിനടക്കുന്നതെന്നു’ ചോദിച്ച് വീണ്ടും ആ കവിളത്തെ നുണക്കുഴികളിൽ പരിഭവം നിറയ്ക്കും. പക്ഷേ ഇനി ആ നുണിക്കുഴിയാഴങ്ങളിൽ വീണു ശ്വാസംമുട്ടിപ്പിടയാൻവയ്യ... അവൾക്കു നീന്തി രക്ഷപ്പെട്ടേ മതിയാകൂ... രെച്ചു അവന്റെ വരവുംകാത്ത് ചില്ലുജനൽപ്പാളിയിലൂടെ പുറത്തേക്കുനോക്കിയിരുന്നു. പുറത്ത് മഴവെള്ളച്ചാലിലൂടെ ഒരു കുഞ്ഞുകടലാസുവഞ്ചി അതിന്റെ കടലുതേടി ഒഴുകിപ്പോകുന്നുണ്ടായിരുന്നു.