ഏതു ഗന്ധർവൻ ചൂടിത്തന്നു നിന്റെ മുടിക്കെട്ടിലെ ചെമ്പകപ്പൂ?
പതിവിലും നേരത്തെയാണ് അന്നു മീര സ്കൂൾ വിട്ടു വന്നത്. ഗേറ്റ് പാതി തുറന്നു കിടന്നിരുന്നു. കാറ്റ് പടികടന്നു പോയപ്പോൾ തുറന്നുപോയതാകണം. മുറ്റത്തെ നാലുമണിപ്പൂക്കൾ വിരിഞ്ഞുനിന്നിരുന്നു. ഒന്ന്.. രണ്ട്.. മൂന്ന്.. നാല്... ഇന്നു കുറെയുണ്ടല്ലോ.. സാധാരണ സുമതിയക്ക നിത്യവും നാലുമണിപ്പൂക്കൾ നുള്ളി അവൾക്കുവേണ്ടി ഒരു
പതിവിലും നേരത്തെയാണ് അന്നു മീര സ്കൂൾ വിട്ടു വന്നത്. ഗേറ്റ് പാതി തുറന്നു കിടന്നിരുന്നു. കാറ്റ് പടികടന്നു പോയപ്പോൾ തുറന്നുപോയതാകണം. മുറ്റത്തെ നാലുമണിപ്പൂക്കൾ വിരിഞ്ഞുനിന്നിരുന്നു. ഒന്ന്.. രണ്ട്.. മൂന്ന്.. നാല്... ഇന്നു കുറെയുണ്ടല്ലോ.. സാധാരണ സുമതിയക്ക നിത്യവും നാലുമണിപ്പൂക്കൾ നുള്ളി അവൾക്കുവേണ്ടി ഒരു
പതിവിലും നേരത്തെയാണ് അന്നു മീര സ്കൂൾ വിട്ടു വന്നത്. ഗേറ്റ് പാതി തുറന്നു കിടന്നിരുന്നു. കാറ്റ് പടികടന്നു പോയപ്പോൾ തുറന്നുപോയതാകണം. മുറ്റത്തെ നാലുമണിപ്പൂക്കൾ വിരിഞ്ഞുനിന്നിരുന്നു. ഒന്ന്.. രണ്ട്.. മൂന്ന്.. നാല്... ഇന്നു കുറെയുണ്ടല്ലോ.. സാധാരണ സുമതിയക്ക നിത്യവും നാലുമണിപ്പൂക്കൾ നുള്ളി അവൾക്കുവേണ്ടി ഒരു
പതിവിലും നേരത്തെയാണ് അന്നു മീര സ്കൂൾ വിട്ടു വന്നത്. ഗേറ്റ് പാതി തുറന്നു കിടന്നിരുന്നു. കാറ്റ് പടികടന്നു പോയപ്പോൾ തുറന്നുപോയതാകണം. മുറ്റത്തെ നാലുമണിപ്പൂക്കൾ വിരിഞ്ഞുനിന്നിരുന്നു. ഒന്ന്.. രണ്ട്.. മൂന്ന്.. നാല്... ഇന്നു കുറെയുണ്ടല്ലോ.. സാധാരണ സുമതിയക്ക നിത്യവും നാലുമണിപ്പൂക്കൾ നുള്ളി അവൾക്കുവേണ്ടി ഒരു മാല കെട്ടി തിണ്ണമേൽ വയ്ക്കാറുണ്ട്. സുമതിയക്കയ്ക്കു പൂക്കൾ വലിയ ഇഷ്ടമാണ്. അക്ക വന്നതിൽപിന്നെയാണ് വീട്ടുമുറ്റത്തു പൂക്കളുണ്ടായിത്തുടങ്ങിയത്. ചുവപ്പും വെളുപ്പും പിങ്കും നിറങ്ങളിലുള്ള കട്ടറോസാച്ചെടികൾ അക്കയാണ് വച്ചു പിടിപ്പിച്ചത്. തലമുടിക്കെട്ടിൽ ഒരു പൂവിതളുപോലുമില്ലാതെ മീര സുമതിയക്കയെ കണ്ടിട്ടേയില്ല. ഇന്നെന്തുപറ്റിയാവോ? തിണ്ണമേൽ നാലുമണിപ്പൂമാല കണ്ടില്ല. മുറ്റത്തെ കരിയിലകൾ അടിച്ചുവാരിയ മട്ടില്ല. അക്കയ്ക്ക് എന്തെങ്കിലും ദീനമായിരിക്കുമോ?
ചെരുപ്പഴിച്ചുവച്ച് ഉമ്മറത്തു കയറിയപ്പോഴാണ് മീര ശ്രദ്ധിച്ചത്, കറുത്ത മുത്തുപിടിപ്പിച്ച അമ്മയുടെ ലെതർ ചെരുപ്പിലൊരെണ്ണം അവിടെ കിടന്നിരുന്നു. രണ്ടാമത്തെ ചെരിപ്പെവിടെപ്പോയി? അടുത്തുതന്നെ അച്ഛൻ ഊരിവച്ച ഷൂസും. അച്ഛനു പനിയായതുകൊണ്ട് രണ്ടുദിവസമായി അവധിയെടുത്തു വീട്ടിൽതന്നെയാണ്. അതുകൊണ്ടാകും അമ്മ ഇന്നു ബാങ്കിൽനിന്നു നേരത്തെ വന്നത്. സാധാരണ മീര സ്കൂൾ വിട്ടുവരുമ്പോൾ അമ്മ വന്നിട്ടുണ്ടാകാറില്ല. സുമതിയക്കയാണ് അവൾക്കു ചായയും പലഹാരവും എടുത്തുവയ്ക്കുന്നതും മുഷിച്ച വേഷമൊക്കെ ഊരിവാങ്ങി തിരുമ്മാൻ കൊണ്ടുപോകുന്നതും. കുളി കഴിഞ്ഞു തുളസിത്തറയിൽ വിളക്കു വയ്ക്കാറാകുമ്പോഴേക്കുമാണ് അമ്മ ഓടിപ്പിടഞ്ഞു വരിക. ബാങ്കിൽ അടുത്തിടെ പ്രമോഷൻ കിട്ടിയതിൽപിന്നെ അമ്മയ്ക്ക് എപ്പോഴും ഓഫിസ് തിരക്കാണ്. വീട്ടിലേക്കും ചില ഫയലുകളൊക്കെ കൊണ്ടുവരുന്നതു കാണാം. എങ്കിലും വീട്ടിലെത്തിക്കഴിഞ്ഞാൽ കഴിയുന്നത്രനേരം മീരയ്ക്കൊപ്പം തന്നെയുണ്ടാകും. കോളജിലെ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞും ഓഫിസിലെ കാര്യങ്ങളൊക്കെ പറഞ്ഞുമിരിക്കുന്നത് അമ്മയ്ക്ക് വലിയ സന്തോഷമുള്ള കാര്യമാണ്. അടുക്കളയിലെ പണികളൊക്കെ ആ നേരംകൊണ്ട് സുമതിയക്ക ഭംഗിയായി ചെയ്തു തീർത്തുകൊള്ളും. അത്താഴത്തിനുള്ള ചപ്പാത്തിയും ഉരുളക്കിഴങ്ങുകറിയും കൂടി കാലമാക്കിക്കഴിഞ്ഞ് സുമതിയക്കയും അവർക്കൊപ്പം ടിവി കാണാൻ വന്നിരിക്കാറുണ്ട്. അക്കയുടെ സഹായം അമ്മയ്ക്കു വലിയ ആശ്വാസമാണ്. അമ്മയില്ലാത്തപ്പോൾ മീരയ്ക്കും.
ടിവിയിലെ കർപ്പൂരം സീരിയൽ കഴിയുമ്പോഴേക്കുമാണ് അച്ഛൻ വരിക. ദൂരെനിന്ന് കാറിന്റെ ഹോണടി കേൾക്കുമ്പോഴേ സുമതിയക്കയ്ക്കറിയാം, അച്ഛൻ വരുന്നുണ്ടെന്ന്. ഓടിപ്പോയി ഗേറ്റു തുറന്നുകൊടുത്തു തിരിച്ചു വരുമ്പോൾ തൊടിയിൽ വിരിഞ്ഞ ചെമ്പകത്തിന്റെയോ നിശാഗന്ധിയുടെയോ ഇതളൊരെണ്ണം ചൂടിയിട്ടുണ്ടാകും സുമതിയക്ക. അമ്മ അതുംപറഞ്ഞ് എപ്പോഴും അക്കയെ കളിയാക്കും. ‘‘നെനക്കെന്താ സുമതി, വല്ല ഗന്ധർവനും കൂടിയിട്ടുണ്ടോ?’’ അക്ക അതു കേട്ടു ചിരിക്കുന്നതു കാണാനും ശേലാണ്. അമ്മ ഒരിക്കലും തലയിൽ പൂചൂടി മീര കണ്ടിട്ടേയില്ല. പൂ ചൂടാതെതന്നെ അമ്മ എന്തു സുന്ദരിയാണെന്നോ. മീരയ്ക്ക് തെല്ല് അസൂയയില്ലാതെയില്ല. അമ്മയുടെ തൂവെണ്ണ നിറമൊന്നും മീരയ്ക്കു കിട്ടിയില്ല. കണ്ണാടി നോക്കുമ്പോൾ അവൾക്കു തോന്നാറുണ്ട്, അച്ഛന്റെ കറുപ്പാണ് തനിക്കു കിട്ടിയതെന്ന്. പക്ഷേ അച്ഛൻ പറയും കറുപ്പിനാണ് അഴകെന്ന്. വെറുതെ.. അവളെ സമാധാനിപ്പിക്കാൻ വേണ്ടി പറയുന്നതാണ്. ‘‘അല്ലെടീ ഞാൻ കറുത്തിട്ടല്ലേ, നിന്റെ സുമതിയക്കയ്ക്കും കറുപ്പല്ലേ... പിന്നെ നിനക്കെന്താ?’’ അതു കേൾക്കുമ്പോൾ മീരയ്ക്ക് അന്നത്തേക്ക് ചെറിയൊരു ആശ്വാസമാകും. ശരിയാണ്, സുമതിയക്കയ്ക്കും അമ്മയുടെ നിറമില്ല. എന്നാലും എന്തൊരു ചന്തമാണ്. ചുരുണ്ട തലമുടിക്കെട്ടിലെ ആ പൂ കൂടിയാകുമ്പോൾ ആരുമൊന്നു നോക്കിനിന്നു പോകും. കയ്യിലെ കരിവളക്കിലുക്കവും കഴുത്തിലെ കരിമണിമാലയും കറുപ്പിനഴകായി തോന്നും. സുമതിയക്ക അമ്മയ്ക്കൊരു കൈസഹായത്തിനു വന്നു തുടങ്ങിയിട്ട് വർഷം ആറേഴായി. അമ്മയ്ക്കു നടുവേദന കലശലായി കാലത്ത് വീട്ടുപണിക്ക് അച്ഛൻ കൊണ്ടുവന്നതാണ് അക്കയെ. അച്ഛന്റെ വകയിലൊരു ബന്ധു പറഞ്ഞ് ഏർപ്പാടാക്കായിതാണ്. നല്ല പെരുമാറ്റവും മര്യാദയും. കൂടാതെ എന്തു വച്ചുണ്ടാക്കിയാലും നല്ല രുചിയും. അമ്മയ്ക്ക് സുമതിയക്കയെ നന്നെ പിടിച്ചു. മീരയ്ക്കും. അമ്മ വൈകിവരുന്ന വൈകുന്നേരങ്ങളിൽ അവൾക്കുമൊരു കൂട്ടായല്ലോ. ഇന്നെന്താണാവോ അമ്മ നേരത്തെ വന്നത്? അക്കയ്ക്കെന്തെങ്കിലും വയ്യായ്ക വന്നിരിക്കുമോ? ഹാഫ് ഷൂ അഴിച്ച് അമ്മയുടെ ലെതർ ചെരുപ്പിനോടു ചേർത്തുവച്ച് അവൾ അകത്തേക്കു കയറി.
–അമ്മേ...
മറുപടി കേട്ടില്ല. മീര ഷാളും ബാഗും സോഫയിലേക്കെറിഞ്ഞ് അകത്തേക്കു ചെന്നു. ഊണുമേശപ്പുറത്ത് ഒരു ചായ തണുത്തുമലച്ച് പാടകെട്ടിക്കിടന്നു. അടുത്തുതന്നെ ഒരു പോർസലീൻ പാത്രത്തിൽ കുറച്ച് ഉണ്ണിയപ്പങ്ങളും. മീര കൈപോലും കഴുകാൻ നിൽക്കാതെ ഉണ്ണിയപ്പമൊരെണ്ണം എടുത്ത് വായിലിട്ടു. സുമതിയക്കയുടെ ഉണ്ണിയപ്പത്തിന് നല്ല മധുരമാണ്. പഴംകൂടി ചേർത്ത് കുഴച്ച് ആവശ്യത്തിലേറെ ശർക്കരയും ചേർത്ത് നല്ല മാർദവത്തോടെയാണ് സുമതിയമ്മ ഉണ്ണിയപ്പം ചുടുക. ചുട്ടെടുക്കുന്നതു കാണാനും രസമാണ്. വലിയ ഉരുളിയിലെ തിളച്ച നെയ്യിലേക്കു മാവു കോരിയൊഴിച്ച് തവിട്ടുനിറത്തിൽ മൊരിഞ്ഞുതുടങ്ങുമ്പോഴേക്കും കണ്ണോട്ടയുള്ള വലിയ തവികൊണ്ട് പാത്രത്തിലേക്കു വാങ്ങിവയ്ക്കും. ചൂടോടെ കഴിച്ചാൽ എന്തൊരു സ്വാദാണെന്നോ? അച്ഛനും വലിയ ഇഷ്ടമാണ്. കൊളസ്ട്രോളിനു മരുന്നു കഴിക്കുന്നതുകൊണ്ട് അമ്മ കഴിക്കാറില്ലെന്നു മാത്രം. എങ്കിലും ഇഷ്ടപ്പെടാതിരിക്കില്ല. പക്ഷേ ഇന്നത്തെ ഉണ്ണിയപ്പത്തിനു മധുരം കുറവായിരുന്നു. മാർദവവും. അമ്മയുണ്ടാക്കിയതായിരിക്കുമോ? മീര പാതി കടിച്ച ഉണ്ണിയപ്പം തിരിച്ചു പാത്രത്തിൽവച്ച്, കയ്യിൽ പുരണ്ട എണ്ണ തലമുടിയിൽ തേച്ച് അടുക്കളയിലേക്കു ചെന്നു നോക്കി. അമ്മ അടുപ്പുംചാരി നിൽക്കുന്നു. അരി തിളച്ചു തൂവുന്നതൊന്നും അറിഞ്ഞ മട്ടില്ല.
–അമ്മയ്ക്കു കണ്ടുകൂടെ കഞ്ഞിതിളച്ചു തൂവുന്നത്? സുമതിയക്കയെവിടെ?
ഉണ്ണിയപ്പത്തിന്റെ രുചി പോരാഞ്ഞതിനുള്ള ദേഷ്യത്തോടെയാണ് മീര അതു ചോദിച്ചത്.
– ഇല്ല, അമ്മ അല്ലെങ്കിലും ഒന്നും കാണാറില്ല...
നിസ്സംഗതയോടെ മറുപടി പറഞ്ഞ് അമ്മ അടുക്കളയിൽനിന്ന് ഇറങ്ങിപ്പോകുക മാത്രം ചെയ്തു. മീരയ്ക്ക് ദേഷ്യം തോന്നി. ഈ സുമതിയക്ക എവിടെപ്പോയിക്കിടക്കുകയാണ്. എവിടെയെങ്കിലും പോകുന്നെങ്കിൽ ഒന്നു പറഞ്ഞിട്ടു പോയ്ക്കൂടെ? കുളിക്കാനുള്ള വെള്ളം ചൂടാക്കി വച്ചിട്ടില്ല. മുഷിഞ്ഞ വേഷങ്ങളൊന്നും തിരുമ്മാനെടുത്തിട്ടില്ല. അത്താഴത്തിനുള്ള ചപ്പാത്തിമാവും കുഴച്ചുവച്ച ലക്ഷണമില്ല.
– സുമതിയക്കാ...
അഴുക്കു പിടിച്ചു മൂലയ്ക്കലിരുന്ന ചൂലിലും അടുക്കളിയലെ ഒഴിഞ്ഞ ചീനച്ചട്ടികളിലും മുഷിഞ്ഞു നാറിയ തുണിക്കെട്ടുകളിലും തട്ടി ആ വിളി പ്രതിധ്വനിച്ചതല്ലാതെ സുമതിയക്ക വിളികേട്ടില്ല. തുളസിത്തറയിൽ വിളക്കു വയ്ക്കാനിറങ്ങിയപ്പോൾ അച്ഛൻ കാറുമെടുത്ത് പുറത്തേക്കു പോകുന്നതു കണ്ടു. ഗേറ്റ് തുറക്കാൻ വേണ്ടി അച്ഛൻ ആവർത്തിച്ചു ഹോണടിക്കുന്നുണ്ടായിരുന്നു. അമ്മ പുറത്തേക്കിറങ്ങിവന്നതേയില്ല. ഒടുക്കം മീര തന്നെ ഓടിച്ചെന്നു തുറന്നുകൊടുത്തു. അച്ഛൻ ഈ നേരത്ത് എങ്ങോട്ടാണ്? ത്രിസന്ധ്യക്ക് എങ്ങോട്ടും പോകുന്ന പതിവില്ലാത്തതാണ്.
സമയം ഏഴു കഴിഞ്ഞിട്ടും സുമതിയക്ക വന്നില്ല. എവിടെപോയതാണെന്ന് അമ്മ പറഞ്ഞതുമില്ല. ഊണുമേശപ്പുറത്തു ബാക്കിയിരുന്ന ഉണ്ണിയപ്പം വായിലിട്ട് ചവച്ചുകൊണ്ട് ടിവി മുറിയിലേക്കു ചെന്നപ്പോൾ അമ്മ പതിവുപോലെ കർപ്പൂരം സീരിയൽ കാണാൻ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. കണ്ണുകൾ ചത്തുമലച്ചതുപോലെ നിർവികാരമായിരുന്നു. ഒരിക്കലും അമ്മയെ ഇത്ര നിശ്ശബ്ദയായി കണ്ടിട്ടേയില്ലല്ലോ എന്നു മീര ഓർമിച്ചു. സുമതിയക്ക അവർക്കൊപ്പം ടിവി കാണാൻ വന്നിരിക്കാറുള്ള കുഞ്ഞുകരണ്ടി മുറിയുടെ മൂലയ്ക്കൽ ഒഴിഞ്ഞു കിടന്നു.
– സുമതിയക്ക പോയോ അമ്മാ...
മീരയുടെ ചോദ്യത്തിന് അമ്മ തലയാട്ടുക മാത്രം ചെയ്തു. അപ്പോൾ അതാണ് കാര്യം. സുമതിയക്ക പെട്ടെന്ന് ഇറങ്ങിപ്പോയതിന്റെ വിഷമമാണ് അമ്മയ്ക്ക്. അല്ലെങ്കിലും സുമതിയക്ക ഇല്ലാതെ ഈ വീട്ടിലെ കാര്യങ്ങൾ എങ്ങനെ നടക്കും? മീരയ്ക്ക് ഉച്ചയൂണിനൊപ്പമുള്ള കരിനെല്ലിക്കച്ചമ്മന്തിയുടെ അരപ്പാകം മുതൽ അച്ഛനിഷ്ടപ്പെട്ട പാവയ്ക്ക വറുത്തരപ്പിന്റെ വേവുപാകം വരെ സുമതിയക്കയ്ക്കല്ലേ അറിയൂ. അക്ക പോയാൽ അമ്മയ്ക്കൊറ്റയ്ക്ക് എങ്ങനെയാണ് വീട്ടുകാര്യങ്ങളും ഓഫിസ് കാര്യങ്ങളും കൊണ്ടു നടക്കാൻ കഴിയുക. വീട്ടുകാര്യങ്ങളിലൊന്നും അമ്മയെ സഹായിക്കാത്ത സ്വതവേ മടിച്ചിയായ മീര സഹതാപത്തോടെ അമ്മയെ നോക്കി.
– സുമതിയക്ക പോവണ്ടായിരുന്നല്ലേ അമ്മാ... നല്ല അക്കയായിരുന്നു. എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു...
– നിന്റെ അച്ഛനും ഒത്തിരി ഇഷ്ടമായിരുന്നു...
ടിവിയിൽനിന്ന് കണ്ണുയർത്താതെ ഒരു നെടുവീർപ്പോടെയാണ് അമ്മയത് പറഞ്ഞത്. ഉമ്മറത്ത് ഒറ്റയ്ക്കു കിടന്ന ലെതർചെരുപ്പിന്റെ രണ്ടാമത്തെ ജോഡി അമ്മയിരുന്ന സോഫയ്ക്കു കീഴെ വള്ളിപൊട്ടി കിടക്കുന്നത് അപ്പോഴവൾക്കു കാണാമായിരുന്നു. ചിതറിക്കിടന്ന കുറെ പൂവിതളുകളും.