അപ്പോഴും ചില ബൊഗെയ്ൻവില്ലകൾ
കലണ്ടറിലെ കറുപ്പുംവെളുപ്പും ഇടകലർന്ന കളങ്ങളിലൂടെ വിരലോടിച്ചോടിച്ച് ഒടുക്കം അവൾ ആ തീയതി കണ്ടെത്തി. മാർച്ച് 3. തീയതി അതുതന്നെയാണോ എന്നുറപ്പിക്കാൻ ഒന്നുകൂടി മനസ്സിലിട്ടു കൂട്ടിയും കിഴിച്ചുംനോക്കി. ശരിയാണ്. മാർച്ച് 3 തന്നെ. ഋതുക്കുട്ടന്റെ മോഡൽ പരീക്ഷ തുടങ്ങിക്കഴിഞ്ഞിരുന്നു. അന്ന് അവന് ബയോളജിയായിരുന്നു.
കലണ്ടറിലെ കറുപ്പുംവെളുപ്പും ഇടകലർന്ന കളങ്ങളിലൂടെ വിരലോടിച്ചോടിച്ച് ഒടുക്കം അവൾ ആ തീയതി കണ്ടെത്തി. മാർച്ച് 3. തീയതി അതുതന്നെയാണോ എന്നുറപ്പിക്കാൻ ഒന്നുകൂടി മനസ്സിലിട്ടു കൂട്ടിയും കിഴിച്ചുംനോക്കി. ശരിയാണ്. മാർച്ച് 3 തന്നെ. ഋതുക്കുട്ടന്റെ മോഡൽ പരീക്ഷ തുടങ്ങിക്കഴിഞ്ഞിരുന്നു. അന്ന് അവന് ബയോളജിയായിരുന്നു.
കലണ്ടറിലെ കറുപ്പുംവെളുപ്പും ഇടകലർന്ന കളങ്ങളിലൂടെ വിരലോടിച്ചോടിച്ച് ഒടുക്കം അവൾ ആ തീയതി കണ്ടെത്തി. മാർച്ച് 3. തീയതി അതുതന്നെയാണോ എന്നുറപ്പിക്കാൻ ഒന്നുകൂടി മനസ്സിലിട്ടു കൂട്ടിയും കിഴിച്ചുംനോക്കി. ശരിയാണ്. മാർച്ച് 3 തന്നെ. ഋതുക്കുട്ടന്റെ മോഡൽ പരീക്ഷ തുടങ്ങിക്കഴിഞ്ഞിരുന്നു. അന്ന് അവന് ബയോളജിയായിരുന്നു.
കലണ്ടറിലെ കറുപ്പുംവെളുപ്പും ഇടകലർന്ന കളങ്ങളിലൂടെ വിരലോടിച്ചോടിച്ച് ഒടുക്കം അവൾ ആ തീയതി കണ്ടെത്തി. മാർച്ച് 3. തീയതി അതുതന്നെയാണോ എന്നുറപ്പിക്കാൻ ഒന്നുകൂടി മനസ്സിലിട്ടു കൂട്ടിയും കിഴിച്ചുംനോക്കി. ശരിയാണ്. മാർച്ച് 3 തന്നെ. ഋതുക്കുട്ടന്റെ മോഡൽ പരീക്ഷ തുടങ്ങിക്കഴിഞ്ഞിരുന്നു. അന്ന് അവന് ബയോളജിയായിരുന്നു. രാവിലെ ഹോട്ട് വാട്ടർ ബാഗുംവച്ച് സോഫയിൽ ചാരിക്കിടക്കുമ്പോഴാണ് അവൻ ടാറ്റ പറഞ്ഞിറങ്ങിയത്. വാതിൽചാരി ഇറങ്ങുംമുൻപേ ഒരിക്കൽകൂടി അവൻ തിരികെ അടുത്തുവന്ന് ചോദിച്ചത് ഓർക്കുന്നു. ‘‘അമ്മയ്ക്ക് ഇപ്പോൾ വയറുവേദന കുറവുണ്ടോ?’’ അവന്റെ മുടിയിൽ തലോടി ചിരിച്ചുകൊണ്ട് സാരമില്ലെന്നു പറഞ്ഞെങ്കിലും അടിവയറ്റിലൊരു ചോരക്കടലിരമ്പുന്നത് അവൾക്കു കേൾക്കാമായിരുന്നു. ആ ഓർമയിൽ അവൾ ഉറപ്പിച്ചു, മാർച്ച് 3 തന്നെ.
– എന്താണ് കുറേ നേരമായി കലണ്ടറിൽ തന്നെ ചുറ്റിത്തിരിയുന്നത്?
ഡെന്നിസ് ഉറക്കത്തിൽനിന്നുണർന്നത് അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്. സാധാരണ വൈകിയാണ് ഉണരുക.
– എന്തേ നേരത്തേ? ഇതു പതിവില്ലല്ലോ?
– എന്തോ.. ഉറക്കം അത്ര ശരിയായില്ല. നീയെന്താണ് കൊച്ചുവെളുപ്പാൻകാലത്തുതന്നെ കലണ്ടറിൽ പരതുന്നത്?
– ഏയ്.. ഞാൻ വെറുതെ... ഡേറ്റ് സേയ്ഫ് ആണോ എന്നു നോക്കുകയായിരുന്നു.
– നീയെപ്പോഴും സേയ്ഫല്ലേ ലച്ചൂ?
അതു പറയുമ്പോൾ ഡെന്നിസിന്റെ മുഖത്തുള്ള ഭാരപ്പെടുത്തുന്ന ആലോചന അവൾക്കു വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു.
ആ ആലോചനയിൽ അവളില്ലെന്നും ലച്ചുവിന് അറിയാമായിരുന്നു.
– എന്തു പറ്റി? രാവിലെതന്നെ ഇത്ര ഗൗരവം?
– ഞാൻ എന്റെ സോഫിയെ സ്വപ്നം കണ്ടു. അതാണ് ഉറക്കം പാതിമുറിഞ്ഞത്.
‘എന്റെ സോഫി’... ആ പ്രയോഗം കേട്ട് അവൾക്കു കയ്പു ചവച്ചതുപോലെ തോന്നി. തലേന്നുകൂടി തനിക്കൊപ്പം രാത്രി ചെലവഴിച്ച, കൊതിതീരുംവരെ അവൾക്കൊപ്പം ജീവിക്കണമെന്ന മോഹം പറഞ്ഞ ഡെന്നിസ് തന്നെയാണോ ഒന്നിരുട്ടി വെളുത്തപ്പോഴേക്കും സ്വന്തം ഭാര്യയെക്കുറിച്ച് ഇത്ര സ്നേഹവായ്പോടെ ആലോചിച്ചുകൂട്ടുന്നതെന്നോർത്ത് അവൾക്ക് അദ്ഭുതം തോന്നി. ഡെന്നിസിനെ ആ ആലോചനയിലേക്കുതന്നെ വിട്ടുകൊടുത്ത് ലച്ചു അടുക്കളയിലേക്കു പോയി. കുറച്ചുനേരം കഴിഞ്ഞ് രണ്ടു കപ്പു കാപ്പിയുമായി തിരികെ വന്നപ്പോഴേക്കും ഡെന്നിസ് പല്ലുതേച്ച് ബാൽക്കണിയിൽ ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു. പുറത്തെ മഞ്ഞുകൊണ്ട് ജലദോഷം പിടിക്കാതിരിക്കാൻ അവൾ ഒരു പുതപ്പു മടക്കി ഡെന്നിസിനു ചുറ്റിക്കൊടുത്തു. കടുംകാപ്പി മൊത്തിക്കുടിച്ച് കപ്പ് ടീപ്പോയിലേക്കു തിരികെവച്ച് അവളെക്കൂടി ആ പുതപ്പിനുള്ളിലേക്കു വലിച്ചടുപ്പിച്ചപ്പോൾ തൊട്ടടുത്ത മറ്റു വീടുകളിലുള്ള ആരും അവരെ കാണാതിരിക്കാൻ അവൾ ബാൽക്കണിയിലെ ലൈറ്റ് ഓഫ് ചെയ്തു.
–എന്തു പറ്റി സോഫിയെ ഇന്നലെ സ്വപ്നം കാണാൻ? പതിവില്ലാത്തതാണല്ലോ?
അവളുടെ ചോദ്യം കേട്ട് കുറച്ചുനേരം ഡെന്നിസ് ഒന്നും മിണ്ടാതെയിരുന്നു.
– നീ ഇന്നലെ നിന്റെ മോഹനേട്ടനെക്കുറിച്ച് ഒന്നും ആലോചിച്ചില്ലേ?
ഡെന്നിസിന്റെ ചോദ്യത്തിന് അവൾക്ക് എന്തു മറുപടി പറയണമെന്ന് അറിയില്ലായിരുന്നു. ആലോചിച്ചില്ലെന്നു പറഞ്ഞാൽ അതു കള്ളമാകും. ആ വീടു മുഴുവൻ നിറഞ്ഞുനിൽക്കുന്നു മോഹനേട്ടന്റെ ശ്വാസം... അതു ശ്വസിച്ചല്ലാതെ അവൾക്കെങ്ങനെ ജീവിക്കാൻ കഴിയും. ഒരാഴ്ചയെന്നും പറഞ്ഞുപോയൊരു ബിസിനസ് യാത്രയാണ്. വേഗം തിരിച്ചുവന്നിരുന്നെങ്കിൽ എന്ന് അവൾ സത്യമായും ആലോചിച്ചിരുന്നു. പക്ഷേ അവളത് ഡെന്നിസിനോടു പറഞ്ഞില്ല.
കട്ടിപ്പുതപ്പിനുള്ളിൽ നരച്ചു തുടങ്ങിയ രോമങ്ങൾ തിങ്ങിനിന്ന ഡെന്നിസിന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നപ്പോൾ അവൾക്ക് ആ ഹൃദയമിടിപ്പ് വ്യക്തമായി കേൾക്കാമായിരുന്നു. ലച്ചു കൂടുതലൊന്നും ചോദിച്ചില്ല. ചോദിക്കാതെതന്നെ, പറയാതെ തന്നെ അവൾക്കറിയാവുന്നതാണല്ലോ ആ മൗനവും അതിലൊളിപ്പിക്കുന്ന മറുപടികളും. അവൾക്കതു കേൾക്കണമെന്നില്ലായിരുന്നു...നേരം പുലരാതിരുന്നെങ്കിലെന്ന് അവൾ വെറുതെ മോഹിച്ചു. അല്ലെങ്കിലും ഡെന്നിസ് വരുമ്പോഴെല്ലാം അവൾ മോഹിച്ചുപോകാറുണ്ട്, വളരെ അപൂർവമായി മാത്രം കിട്ടുന്ന ആ രാത്രികൾ പുലരാതിരുന്നെങ്കിലെന്ന്. രാവിലെ പതിനൊന്നരയുടെ ഫ്ലൈറ്റിനാണ് ഡെന്നിസിന് മടങ്ങിപ്പോകേണ്ടത്. ലോകത്തെ മുഴുവൻ ഘടികാരങ്ങളും നിലച്ചുപോയിരുന്നെങ്കിൽ ഡെന്നിസ് അവളെവിട്ടു പോകില്ലായിരുന്നല്ലോ എന്നു ലച്ചു വെറുതെ ചിന്തിക്കും. പക്ഷേ, അടുത്ത നിമിഷം അവൾ ആ ചിന്തയിലെ അപകടം തിരിച്ചറിഞ്ഞ് ക്ലോക്കിലേക്കു പാളിനോക്കും. രാവിലെ ഒൻപതു മണിയോടെ അടുക്കളപ്പണിക്കു ജാനകിയമ്മയെത്തും. ക്ലാസില്ലാത്ത ദിവസമാണെങ്കിൽ ഹോസ്റ്റൽവിട്ട് ഋതുക്കുട്ടൻ ഒൻപതരയോടെ ടൗണിലെ ബസ് സ്റ്റാൻഡിലെത്തും. അവരുടെയൊന്നും കൺവെട്ടത്തുപെടാതെ ഡെന്നിസിനു മടങ്ങിപ്പോയേ മതിയാകൂ.
– മതി.. പോയി കുളിച്ച് ഫ്രെഷ് ആകൂ..
ബാൽക്കണിയിലെ ഒറ്റപ്പുതപ്പിനുള്ളിലെ കെട്ടിപ്പിടിച്ചിരുത്തം മതിയാക്കി ലച്ചു പെട്ടെന്നെഴുന്നേറ്റു. നേരം പുലർന്നു തുടങ്ങിയിരുന്നു. തലേന്നു ഡെന്നിസ് കൊണ്ടുവന്ന കടുംചുവന്ന റോസാപ്പൂക്കൾ മുറിയിലെ തറയിൽ ഇതളടർന്നു കിടന്നു. ഡെന്നിസിനെ സോപ്പും ടവലുമായി കുളിക്കാൻ പറഞ്ഞയച്ച് ലച്ചു മുറി മുഴുവൻ വൃത്തിയാക്കി. ജാനകിയമ്മ വന്ന് അതെങ്ങാനും കണ്ടാലുള്ള പുകില് അവൾക്ക് ഓർക്കാൻ വയ്യ. അതുകൊണ്ട് െന്നിസ് വന്നുപോകുമ്പോൾ അടയാളങ്ങളൊന്നും ആ മുറിയിലോ വീട്ടിൽ ഒരിടത്തുമോ ബാക്കിയുണ്ടാകാതിരിക്കാൻ അവൾ നന്നെ ശ്രദ്ധിച്ചു. അല്ലെങ്കിലും അവിഹിതമെന്ന് മറ്റുള്ളവർക്കു തോന്നുന്ന ബന്ധങ്ങളൊന്നും അടയാളങ്ങൾ അവശേഷിപ്പിക്കാറില്ലല്ലോ എന്ന് അവൾ ആത്മഗതം പറഞ്ഞു. അപ്പോഴും അവളുടെ മാറിൽ തിണർത്തുകിടന്ന നഖപ്പാടുകളിൽ ഓമനത്തത്തോടെ അവൾ തൊട്ടുനോക്കുന്നുണ്ടായിരുന്നു. വീണ്ടുമൊരു വസന്തത്തിലേക്കു തളിരിട്ട് അടിമുടി പൂത്തുനിൽക്കുന്നൊരു ബെഗെയ്ൻവില്ലപോലെ തോന്നിച്ചു അവളന്നേരം.
ഡെന്നിസ് അപ്പോഴേക്കും കുളിച്ചു റെഡിയായി മുറിയിലെത്തിക്കഴിഞ്ഞിരുന്നു. ഇളംനീലനിറമുള്ള നൈറ്റ് ഗൗണിൽ ലച്ചു അവളെത്തന്നെ കണ്ണാടിയിൽ നോക്കിനിൽക്കുന്നതു കണ്ട് ഡെന്നിസ് പൊട്ടിച്ചിരിച്ചു. ഒരിക്കൽകൂടി അവളെ അടുത്തേക്കു വലിച്ചടുപ്പിച്ച് അവളുടെ കണ്ണാടിക്കാഴ്ചയിൽ ഡെന്നിസ് കൂടി ഒപ്പംചേർന്നുനിന്നു.
– നിന്റെ മുറിയിലെ ഈ നിലക്കണ്ണാടിയാകാൻ തോന്നുന്നു..... അല്ലെങ്കിൽ വേണ്ട, ഈ മുറിയിൽ, ഈ മെത്തയിൽ എനിക്കു നിന്നെ മോഹനൊപ്പം കാണാൻവയ്യ...
അരുതാത്ത എന്തോ ആലോചിച്ചുപോയപോലെ ഡെന്നിസിനു തോന്നിയിരിക്കണം. അയാൾ വേഗം ബാഗ് പായ്ക്ക് ചെയ്യാൻ തുടങ്ങി. സോഫി തേച്ചെടുത്തുവച്ച ഡെന്നിസിന്റെ ഷർട്ടുകളിൽ അപ്പോഴും കുന്തിരിക്കത്തിന്റെ വാസന തങ്ങിനിന്നു.
– സോഫിക്കെപ്പോഴും കുന്തിരിക്കത്തിന്റെ വാസനയാണ്. അവൾക്കു മാത്രമല്ല ആ വീടിനും അവൾ തൊടുന്ന എല്ലാത്തിനും...
ലച്ചു ഒന്നും മിണ്ടിയില്ല. ഡെന്നിസിനൊപ്പം തൊട്ടുതൊട്ടിരുന്ന ആ മുറിയിൽ പെട്ടെന്ന് കുന്തിരിക്കം പുകയുന്നപോലെ തോന്നി. അവൾക്കു ശ്വാസംമുട്ടുന്നപോലെയും. അവൾ ഡെന്നിസിന്റെ കൈ വിടുവിച്ചെഴുന്നേറ്റു.
എത്ര മനോഹരമായാണ് സോഫി ഡെന്നിസിന്റെ ബാഗിൽ തുണിയും മറ്റും അടുക്കിവച്ചിരിക്കുന്നതെന്നു നോക്കുകയായിരുന്നു ലച്ചു.. സമപ്രായക്കാരിയെങ്കിലും അവൾക്കറിയാത്തൊരു പെൺകുട്ടി... ഡെന്നിസിന്റെ ജീവിതം പങ്കിടുന്നവൾ... അവളെക്കുറിച്ച് എന്തിനറിയണം... അറിയുംതോറും വേദനിപ്പിക്കുന്ന ഒന്നിനെക്കുറിച്ച് അറിയാതിരിക്കുന്നതല്ലേ നല്ലതെന്ന് സ്വയം ശാസിച്ച് ലച്ചു ജനലഴിയോരം പുറത്തേക്കു നോക്കിനിന്നു. യാത്ര പറയാൻനേരം അവൾക്കെപ്പോഴുമുള്ളതാണ് ഈ നിർവികാരതയെന്നറിയാവുന്ന ഡെന്നിസ് ഇറങ്ങുംമുൻപേ ഒരിക്കൽകൂടി അവളെ നെഞ്ചോടു ചേർത്തുപിടിച്ചു.
– നിനക്കിപ്പോഴും എപ്പോഴും റോസാപ്പൂവിന്റെ മണമാണ്... എന്നെ മത്തു പിടിപ്പിക്കുന്ന മണം...
ലച്ചു നെറ്റിത്തടത്തിൽ പുഞ്ചിരിയോടെയൊരു മുത്തത്തിനായി ഡെന്നിസിനോടു കൂടുതൽ പറ്റിച്ചേർന്നുനിന്നു.
– റോസാപ്പൂവിന്റെ മണമോ? ഇത് മോഹനേട്ടൻ വാങ്ങിത്തന്ന പുതിയ സെന്റിന്റെ മണമാണ് ഡെന്നിസ്... മോഹനേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട മണം..
അതുകേട്ട് ഡെന്നിസിന്റെ കെട്ടിപ്പിടിത്തത്തിന്റെ മുറുക്കം അയയുന്നത് അവൾക്ക് അറിയാമായിരുന്നു.
തമ്മിലൊന്നും മിണ്ടാനില്ലാത്തവരെപ്പോലെ ആ നിമിഷം രണ്ടുപേർക്കും പരസ്പരം അന്യരെപ്പോലെ തോന്നിയിരിക്കണം.
ഒരുമിച്ചായിരിക്കുമ്പോഴും ലച്ചുവിന്റേതു മാത്രമാകാൻ ഡെന്നിസിനും ഡെന്നിസിന്റേതു മാത്രമാകാൻ ലച്ചുവിനും കഴിയുന്നില്ലല്ലോ എന്ന നൊമ്പരത്തോടെ അവരുടെ രണ്ടുപേരുടെയും ഉള്ളുപിടഞ്ഞിരിക്കണം. അധികം വൈകാതെ, ടാക്സിക്കാരന്റെ കോൾ വന്നു. അവളെ തനിച്ചാക്കി ഡെന്നിസ് നടന്നുപോകുന്നത് ലച്ചുവിനു ബാൽക്കണിയിൽനിന്നു കാണാമായിരുന്നു.
ബാൽക്കണിയിലെ ബൊഗെയ്ൻവില്ലകളോട് അവൾക്കന്നേരം അസൂയ തോന്നി. മണമില്ലാത്ത പൂക്കൾ.... ഒരു വാസനയുടെയും ഓർമയിൽ ഭാരപ്പെടാതെ എത്ര സുന്ദരമായാണ് അവർ പൂത്തുനിൽക്കുന്നതെന്നോർത്ത് നെടുവീർപ്പിട്ട് ലച്ചു ബാൽക്കണിയുടെ വാതിൽ ചേർത്തടച്ചു...