മധുരം നിറഞ്ഞൊരു പൈ രുചി പരിചയപ്പെട്ടാലോ? നേന്ത്രപ്പഴവും ബിസ്ക്കറ്റും കണ്ടൻസ്ഡ് മിൽക്കും ചേർന്നൊരു ബനോഫി പൈ. എളുപ്പത്തിൽ തയാറാക്കാവുന്നൊരു മധുരം. പൈ മധുരത്തിന്റെ ഉറവിടം റോമിലാണ്. പക്ഷേ ഇപ്പോൾ പൈ രുചികൾ ഏറെ പ്രചാരത്തിലുള്ളത് അമേരിക്കയിലാണ്.
ബിസ്ക്കറ്റ് – 200 ഗ്രാം
ബട്ടർ – 50 ഗ്രാം
കണ്ടൻസ്ഡ് മിൽക്ക് – 1 ക്യാൻ
വിപ്പിംഗ് ക്രീം – 2 കപ്പ്
നേന്ത്രപ്പഴം – ആവശ്യത്തിന്
ചോക്ലേറ്റ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
200 ഗ്രാം ഡൈജസ്റ്റീവ് ബിസ്ക്കറ്റ് പൊടിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റി 50 ഗ്രാം ഉരുക്കിയ ബട്ടർ ചേർത്ത് യോജിപ്പിച്ചെടുക്കുക. ഈ മിശ്രിതം ഒരു പൈ മോൾഡിൽ നിരത്തി രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കുക. മറ്റൊരു പാത്രത്തിൽ വെള്ളം നിറച്ച് ഒരു ക്യാൻ കണ്ടൻസ്ഡ് മിൽക്ക് വേവിച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ രണ്ടു കപ്പ് വിപ്പിംഗ് ക്രീം ഒഴിച്ച് നന്നായി ബ്ളെൻഡ് ചെയ്തെടുക്കുക. ഫ്രിഡ്ജിൽ വെച്ചിരിക്കുന്ന പൈ മോൾഡ് എടുത്ത് അതിലേക്ക് വേവിച്ചെടുത്ത കണ്ടൻസ്്ഡ് മിൽക്ക് ഒഴിക്കുക. അതിനു മുകളിൽ നേന്ത്രപ്പഴം വട്ടത്തിൽ അരിഞ്ഞത് നിരത്തുക. അതിനു മുകളിലായി വിപ്പിംഗ് ക്രീം ഒഴിച്ച് പരത്തി മുകളിൽ ചോക്കളേറ്റ് പൊടി വിതറി ഒരു രാത്രി ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം മുറിച്ചെടുത്ത് പ്ലേറ്റിൽ വിളമ്പാം.