ബണ്ണി ചൗവിൽ മുയലിറച്ചിയുണ്ടോ?

ബണ്ണി...എന്ന പേരുകേട്ടു മുയൽ ഇറച്ചിയെന്നു തെറ്റിദ്ധരിക്കരുതേ.  സൗത്ത് ആഫ്രിക്കൻ ഫാസ്റ്റ് ഫുഡ് വിഭാഗത്തിലുള്ള ഭക്ഷണമാണ് ബണ്ണി ചൗ.  ബ്രഡിനുള്ളിൽ നിറച്ച ഇറച്ചിക്കൂട്ടാണിതിന്റെ രുചി രഹസ്യം. ബ്രിട്ടീഷ് ഭരണകാലത്ത് സൗത്ത് ആഫ്രിക്കയിലെ പ്ലാന്റേഷൻ ജോലിക്കാർക്ക് പാത്രത്തിൽ  ഭക്ഷണം കഴിക്കാനുള്ള അവകാശം ഇല്ലായിരുന്നു. അന്നത്തെക്കാലത്ത് പ്രചാരം നേടിയ വിഭവമാണ് ബണ്ണി ചൗ...നീളൻ ബ്രഡിനുള്ളിൽ ചിക്കൻകറി, പച്ചക്കറികൾ അല്ലെങ്കിൽ മട്ടൻ കറി നിറച്ച വിഭവം.

ബണ്ണി ചൗ ചേരുവകൾ

മട്ടൻ – 300 ഗ്രാം
വൈറ്റ് ബ്രഡ്
ഉരുളക്കിഴങ്ങ് – 2
ബേ ലീഫ് – 1
സവോള – 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
പച്ചമുളക് – 2
ചുവന്ന മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾ പൊടി – അര ടീസ്പൂൺ
സിനമൺ സ്റ്റിക് – 2
പച്ച ഏലയ്ക്ക – 6
ഗ്രാമ്പൂ – 5
തക്കോലം –2
മല്ലി – 1 ടേബിൾ സ്പൂൺ
പെരുഞ്ചീരകം – 1 ടേബിൾ സ്പൂൺ
ജീരകം – 1 ടീസ്പൂൺ
ഉലുവ – – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു കുഴിഞ്ഞ പാനിൽ എണ്ണ ചൂടാക്കി ഒരു കറുവയില, ചെറുതായരിഞ്ഞ രണ്ടു കപ്പ് സവാള എന്നിവയിട്ട് വഴറ്റുക. അതിലേക്ക് ഒരു ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ്, 300 ഗ്രാം മട്ടൻ എന്നിവ ചേർത്ത് യോജിപ്പിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപൊടി, അര ടീസ്പൂൺ കുരുമുളകു പൊടി, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. മറ്റൊരു പാനിൽ രണ്ട് കറുവപ്പട്ട, 6 ഏലക്ക, 5 ഗ്രാമ്പൂ, 2 തക്കോലം, ഒരു ടേബിൾ സ്പൂൺ മല്ലി, ഒരു ടേബിൾ സ്പൂൺ പെരുഞ്ചീരകം, ഒരു ടീസ്പൂൺ ജീരകം, ഒരു ടീസ്പൂൺ ഉലുവ എന്നിവ വറുത്തു പൊടിച്ചെടുക്കുക, ഈ മസാലപ്പൊടി മട്ടനിലേക്ക് ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് 20 മിനിറ്റ് അടച്ചു വെച്ചു വേവിക്കുക. ശേഷം രണ്ട് ഉരുളക്കിഴങ്ങു കഷണങ്ങളാക്കിയതു ചേർത്തു 20 മിനിറ്റ് വേവിക്കുക. അതിലേക്കു മല്ലിയില ചേർത്തു ഇളക്കുക. ഒരു റൊട്ടി പാതി മുറിച്ചെടുത്ത് ഉള്ളിലെ ഭാഗം മാറ്റിയതിനു ശേഷം മട്ടൻ അതിൽ നിറച്ച് വിളമ്പാം.