മുണ്ടക്കൈയിലെ ‘ജൂലൈ 30’ ; ഒന്നിച്ചു തുടങ്ങാൻ ആഗ്രഹിച്ച ആ ബേക്കറി നൗഫൽ ഒറ്റയ്ക്കു തുറന്നു
മേപ്പാടി∙ ‘ജൂലൈ 30’; ദുരന്തഭൂമിയിലേക്കുള്ള വഴിയരികിൽ മധുരം നിറച്ച ബേക്കറിയുമായി ദുരന്തത്തിന്റെ ഏറ്റവും വലിയ ഇര നൗഫൽ കാത്തിരിക്കുന്നു. ജൂലൈ 30നാണ് നൗഫൽ ഈ ലോകത്ത് ഒറ്റയ്ക്കായത്. അതിജീവനത്തിനായി പുതിയ ബേക്കറി തുടങ്ങുമ്പോൾ ആ തീയതി തന്നെ പേരായി. ഗൾഫിലെ ജോലിസ്ഥലത്തേക്ക് വിളിക്കുമ്പോൾ എത്രയും പെട്ടെന്ന്

മേപ്പാടി∙ ‘ജൂലൈ 30’; ദുരന്തഭൂമിയിലേക്കുള്ള വഴിയരികിൽ മധുരം നിറച്ച ബേക്കറിയുമായി ദുരന്തത്തിന്റെ ഏറ്റവും വലിയ ഇര നൗഫൽ കാത്തിരിക്കുന്നു. ജൂലൈ 30നാണ് നൗഫൽ ഈ ലോകത്ത് ഒറ്റയ്ക്കായത്. അതിജീവനത്തിനായി പുതിയ ബേക്കറി തുടങ്ങുമ്പോൾ ആ തീയതി തന്നെ പേരായി.
ഗൾഫിലെ ജോലിസ്ഥലത്തേക്ക് വിളിക്കുമ്പോൾ എത്രയും പെട്ടെന്ന് നിർത്തിപ്പോരണമെന്നാണ് ഭാര്യ സജ്ന പറയാറുള്ളത്. നാട്ടിൽ വന്ന് ബേക്കറി തുടങ്ങാം, ഒരുമിച്ച് ജീവിക്കാം; ഒരുമിച്ചുള്ള ജീവിതത്തിന് വേണ്ടി സ്ജനയും നൗഫലും ഒരുപാട് ആഗ്രഹിച്ചിരുന്നു. ഒടുവിൽ നാട്ടിലെത്തി ബേക്കറി തുടങ്ങിയപ്പോൾ നൗഫൽ മാത്രം ബാക്കിയായി. കടയ്ക്ക് ഇതല്ലാതെ മറ്റൊരു പേരും ചേരില്ലെന്ന് നൗഫൽ പറഞ്ഞു. ഉപജീവനത്തിനായി എന്തുതുടങ്ങുമെന്ന് കെഎൻഎം അധികൃതർ ചോദിച്ചപ്പോൾ ബേക്കറി എന്ന് മാത്രമായിരുന്നു നൗഫലിന്റെ ഉത്തരം. ഞങ്ങളുടെ ആഗ്രഹങ്ങളും ഓർമ്മകളുമാണ് ഈ സ്ഥാപനമെന്നും നൗഫൽ പറഞ്ഞു. ‘ഓർമയിൽ മുണ്ടക്കൈ’ എന്ന ചിത്രവും ബേക്കറിയിൽ സ്ഥാപിച്ചിട്ടുണ്ട്.
ഉരുൾപൊട്ടൽ ദുരന്തം ഒറ്റരാത്രി കൊണ്ടു അനാഥനാക്കിയ മുണ്ടക്കൈ കളത്തിങ്കൽ നൗഫൽ അതിജീവന പാതയിലാണ്. കേരള നദ്‌വത്തുൽ മുജാഹീദ്ദിന്റെ (കെഎൻഎം) സഹായത്തോടെ നൗഫൽ ആരംഭിച്ച ‘ജൂലൈ 30 റസ്റ്ററന്റ് ആൻഡ് ബേക്ക്സ്’ മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്ക് പോകുന്ന കെബി റോഡിലാണ് പ്രവർത്തനം തുടങ്ങിയത്. ദുരന്തത്തിന്റെ കയ്പ്പുനീർ കുടിച്ചിറക്കുമ്പോഴും ചൂരൽമലയിലേക്കുള്ള വഴിയിൽ കുപ്പി നിറയെ മധുരപലഹാരങ്ങളുമായി നൗഫൽ കാത്തിരിക്കുകയാണ്. എല്ലാ വേദനകൾക്കും മുകളിൽ മധുരം പകരാനുള്ള ശ്രമം.
ഉരുൾപൊട്ടൽ ദുരന്തം നടക്കുമ്പോൾ നൗഫൽ വിദേശത്ത് ജോലി സ്ഥലത്തായിരുന്നു. ബന്ധുവിന്റെ ഫോൺവിളിയെത്തിയപ്പോഴാണു ദുരന്തത്തെ കുറിച്ച് അറിയുന്നത്. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിൽ 3 ദിവസത്തെ കാത്തിരിപ്പിനു ശേഷമാണു നൗഫലിന് വീടിരുന്ന സ്ഥലത്തെത്താനായത്. പിതാവ് കുഞ്ഞുമൊയ്‌തീൻ, മാതാവ് ആയിഷ, ഭാര്യ സജന, മക്കളായ നഹ്‌ല നസ്‌റിൻ, നിഹാൽ, ഇഷാ മെഹ്‌റിൻ, നൗഫലിന്റെ സഹോദരൻ മൻസൂർ, ഭാര്യ മുഹ്‌സിന, മക്കൾ ഷഹല ഷെറിൻ, സഫ്‌ന ഷെറിൻ, ആയിഷ അമാന എന്നിവരെയാണു ഒഴുകിയെത്തിയ ഉരുൾ കവർന്നത്. മുണ്ടക്കൈയിൽ താമസിച്ചിരുന്ന നൗഫലിന്റെ കുടുംബം കൂടുതൽ സുരക്ഷിതമെന്നു തോന്നിയതിനാലാണ് ആ ദുരന്തരാത്രിയിൽ വെള്ളാർമല സ്കൂളിന് സമീപത്തെ മൻസൂറിന്റെ വീട്ടിൽ തങ്ങാനെത്തിയത്. ദുരന്തത്തിനു 3 മാസം മുൻപ് നൗഫൽ അവധി കഴിഞ്ഞ് മടങ്ങിയിരുന്നു. ദുരന്തത്തിൽ നൗഫലിന്റെ വീടിന്റെ തറയുടെ ചെറിയൊരു ഭാഗം മാത്രമാണു അവശേഷിച്ചത്. അതിനു മുകളിലിരുന്ന് നൗഫൽ കരയുന്ന കാഴ്ച നൊമ്പരപ്പെടുത്തുന്നതായിരുന്നു.
കെഎൻഎം നൽകിയ 6 ലക്ഷം രൂപയോടൊപ്പം ചില സുമനസ്സുകളുടെ സഹായം കൂടിയായതോടെ വേദനയ്ക്കിടയിലും നൗഫലിന്റെ ആഗ്രഹം യാഥാർഥ്യമായി.