ഇടിച്ചു കുത്തിപ്പെയ്യുന്ന മഴ. കവി പറഞ്ഞതു പോലെ, മനസ്സാലെ നമ്മൾ നിനയ്ക്കാത്തതെല്ലാം വരുംകാലമാണ് മഴക്കാലം. പനിയാണ് നമ്മള്‍ മലയാളികൾക്ക് ഗൃഹാതുര സ്മരണ നൽകുന്ന ഒരേയൊരു രോഗം! പനിച്ചൂടിന്റെ വിയർപ്പു ഗന്ധം. പനിക്കിടയ്ക്കയുടെ ഗന്ധം. ജാലകത്തിനപ്പുറത്ത് പെയ്തു തോരാത്ത മഴ. ആ സംഗീതത്തിനു കാതോർത്ത് മൂടിപ്പുതച്ചുള്ള കിടപ്പ്. പനിക്കൂർക്കലും തുളസിയും ഇട്ടു തിളയ്ക്കുന്ന വെള്ളത്തിൽ നിന്ന് ഉയരുന്ന ആവിയുടെ ഗന്ധം.
പൊടിയരിക്കഞ്ഞിയും ചുട്ട പപ്പടവും ഒരൽപം കടുമാങ്ങയും. ഏതൊരാളും പനി പിടിക്കണേ എന്ന് ആഗ്രഹിക്കാൻ ഈ രുചിക്കൂട്ട് മാത്രം മതി. സാധാരണ കഞ്ഞി കുടിക്കുന്ന അനുഭൂതിയല്ലല്ലോ പനി വന്നു കിടക്കുമ്പോൾ കഞ്ഞി കുടിക്കു ന്നതിന്.
പനിക്കാലം അടുത്തെത്തിയാൽ ആദ്യം ചെയ്യുന്ന നുറുക്കു വിദ്യ എന്താണ്? നല്ലൊരു ചൂടു ചുക്കു കാപ്പിയും കുടിച്ച് മൂടിപ്പുതച്ചൊന്നു കിടന്നാൽ മതി, ഏതു പനിയും പമ്പ കടക്കും. ഈ ചുക്കുകാപ്പിക്ക് അത്ര ഔഷധഗുണമുണ്ടോ യെന്ന് ആർക്കറിയാം. പനി പ്രമാണിച്ച് അൽപം ചൂടുകാപ്പി രുചിക്കാം. വന്ന പനി പമ്പ കടക്കട്ടെ.....
ചുക്കുകാപ്പി
കാപ്പിയുണ്ടാക്കുന്ന പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളം എടുത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ഒരു കഷ്ണം ചക്കര ഇടുക. അത് അലിഞ്ഞു തുടങ്ങുമ്പോൾ കാൽ സ്പൂൺ ചുക്കു പൊടി, കാൽ സ്പൂൺ കുരുമുളക് പൊടി, ഒരു വലിയ നുള്ളു നല്ല ജീരകം, ഒരു ഏലക്ക ചതച്ചത് മൂന്നാലഞ്ചു തുളസിയില എന്നിവ ചേർക്കുക. തിളച്ചു തിളച്ച് വെള്ളം മുക്കാൽ ഗ്ലാസ് ആയി വറ്റുമ്പോൾ ഒരു ചെറിയ സ്പൂൺ കാപ്പിപ്പൊടി കൂടി ഇടുക. ചൂടോടെ ഈ ചുക്കു കാപ്പിയും കുടിച്ച് മൂടിപ്പുതച്ചു കിടന്ന് ഇഷ്ടം പോലെ സ്വപ്നങ്ങൾ കാണാം. ഇനി കരുപ്പെട്ടി ക്കാപ്പി വേണമെങ്കിൽ ചക്കരയ്ക്കു പകരം കരുപ്പെട്ടി ചേർത്താൽ മതി. ജീരകവും ഏലക്കയും ചുക്കും ഒഴിവാക്കു കയും ചെയ്യാം.
മല്ലിക്കാപ്പി
ഒരു സ്പൂൺ മല്ലി, കാൽ സ്പൂൺ ഉലുവ എന്നിവ നന്നായി വറുത്തെടുക്കുക.അൽപം ജീരകം, ഏലക്ക എന്നിവ എടുത്ത് ചൂടാക്കുക. ഇവയ്ക്കൊപ്പം കാൽ സ്പൂൺ കുരുമുളകു കൂടി ചേർത്ത് നന്നായി പൊടിച്ചെടുക്കുക. അടുപ്പത്ത് ഒരു ഗ്ലാസ് വെള്ളം വച്ച് തിളച്ചു വരുമ്പോൾ മല്ലിക്കാപ്പിപ്പൊടി ചേർക്കുക. ചേരുവകൾ െചറിയ അളവിൽ പൊടിച്ചെടുക്കാൻ വിഷമമാണ്. അതു കൊണ്ട് കാൽകിലോ മല്ലി, 50 ഗ്രാം ഉലുവ, പത്തു ഗ്രാം ജീരകം, അഞ്ചു ഗ്രാം ഏലക്ക, 25 ഗ്രാം കുരുമുളക് എന്നിവയെ ടുത്ത് കാപ്പിപ്പൊടിയാക്കി സൂക്ഷിച്ചു വയ്ക്കാം, ആവശ്യത്തി നെടുത്ത് ഉപയോഗിക്കാം.