മഴക്കാലത്ത് ഭക്ഷണ ക്രമം പ്രത്യേകം ശ്രദ്ധിക്കണം. പ്രതിരോധ ശക്തി കൂട്ടുന്ന സൂപ്പുകൾ കുടിച്ച് ശരീര ആരോഗ്യം മെച്ചപ്പെടുത്തേണ്ട സമയമാണ്. നല്ല ദഹനം കിട്ടുന്ന സൂപ്പുകൾ തീർച്ചയായും ഭക്ഷണക്രമത്തിൽ വേണം. കുരുമുളകും പച്ചക്കറിയും വെണ്ണയുമൊക്കെ ചേർക്കുന്നതുകൊണ്ട് പോഷണത്തിനു കുറവുണ്ടാകില്ല. കർക്കടകമാസത്തിൽ തയാറാക്കാവുന്നൊരു ബീറ്റ്റൂട്ട് സൂപ്പിന്റെ രുചിക്കൂട്ട് പരിചയപ്പെടാം.
ചേരുവകൾ
ബീറ്റ്റൂട്ട് – 2
തക്കാളി – 1
മല്ലിപ്പൊടി – ആവശ്യത്തിന്
മഞ്ഞൾപ്പൊടി –ആവശ്യത്തിന്
മല്ലിയില
ഇന്തുപ്പ്
കുരുമുളക് – ആവശ്യത്തിന്
ഗ്രാമ്പു – 2
കറുവപ്പട്ട – ഒരു ചെറിയ കഷ്ണം
ബേ ലീഫ് – 2
ഇഞ്ചി – ഒരു ചെറിയ കഷ്ണം
തയാറാക്കുന്ന വിധം
∙ബീറ്റ്റൂട്ട് വലിയ കഷ്ണങ്ങളാക്കി മുറിച്ച്, മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ചേർത്തു ഒന്നരകപ്പ് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.
∙വേവിച്ചെടുത്ത ബീറ്റ്റൂട്ടിലേക്ക് തക്കാളി, ഗ്രാമ്പു, കുരുമുളക്, ഇന്തുപ്പ്,കറുവപ്പട്ട, ബേ ലീഫ്, ഇഞ്ചി എന്നിവ ചേർത്ത് 10 മിനിറ്റ് തിളപ്പിക്കുക. (തിളച്ചു കഴിഞ്ഞ് നന്നായി തണുക്കണം)
∙ ഈ കൂട്ട് നന്നായി തണുത്ത ശേഷം ബേ ലീഫ് എടുത്തുമാറ്റി മിക്സിയിൽ അടിച്ചെടുക്കാം.
∙ബൗളിലേയ്ക്ക് പകർന്ന് അൽപം ഫ്രഷ് ക്രീം ചേർത്ത് മല്ലിയിലയും ചേർത്ത് ഉപയോഗിക്കാം.