വറുത്ത തേങ്ങ അരച്ചു ചേർത്തു തയാറാക്കുന്ന പാവയ്ക്ക തീയൽ ആർക്കാണ് ഇഷ്ടമല്ലാത്തത്? പാവയ്ക്കാ തീയൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
1. പാവയ്ക്കാ കുരുകളഞ്ഞു കുറുകെ മുറിച്ചു നീളത്തിലരിഞ്ഞത് – ഒരു കപ്പ്
പച്ചമുളക് അറ്റം പിളർന്നത് – 4
ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് – അര കപ്പ്
2. വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
3. തിരുമ്മിയ തേങ്ങ – ഒരു ചെറിയ മുറി
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
ഉലുവാപ്പൊടി – അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
4. ഒരു നെല്ലിക്കാ അളവു വാളൻപുളിയിൽ നിന്നു പിഴിഞ്ഞ വെള്ളം – കാൽ കപ്പ്
ഉപ്പ് – പാകത്തിന്
കറിവേപ്പില – ഒരു തണ്ട്
5. കടുക് – അര ചെറിയ സ്പൂൺ
ഉണക്കമുളക് – 2 (ചെറിയ കഷണങ്ങളാക്കണം).
ചുവന്നുള്ളി വട്ടത്തിലരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
ചൂടായ ചീനച്ചട്ടിയിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഒന്നാമത്തെ ചേരുവകൾ വഴറ്റിക്കോരുക.
വീണ്ടും ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ ചുവക്കെ വറുത്തു വാങ്ങി മൂന്നാമത്തെ മറ്റു ചേരുവകൾ ചേർത്ത് മയത്തിൽ അരയ്ക്കുക.
ആദ്യം വഴറ്റിക്കോരിയ പാവയ്ക്കായിൽ അരച്ച മസാലയും പുളിയും ഉപ്പും അരക്കപ്പു വെള്ളവും ഒഴിച്ചു കലക്കി വേവിക്കുക. ചാറ് ഇടത്തരം അയവിലാകുമ്പോൾ വാങ്ങി താളിക്കുക.