പൂപ്പത്തിരിക്ക് കൂട്ട് മട്ടൻ ചോപ്സ്

ഇറച്ചിക്കറിയിൽ മുക്കിയ പത്തിരി രുചിയുടെ ഓർമതന്നെ നാവിൽ കൊതി നിറയ്ക്കുന്നതാണ്. പൂപ്പത്തിരിയും മട്ടൻ പെപ്പർ ചോപ്സും കൂട്ടുകൂടിയാൽ‍ രുചിയുടെ പെരുനാളാണ്. വീട്ടിൽ തയാറാക്കാവുന്നൊരു മലബാർ സ്പെഷൽ വിഭവമാണ് പൂപ്പത്തിരി.

Read this in English

ചേരുവകൾ

അരിപ്പൊടി – 1 കപ്പ് (വറുത്തു പൊടിച്ചത്)
തേങ്ങ – 1
കരിംജീരകം – 2 ടീസ്പൂൺ
എണ്ണ – ആവശ്യത്തിന്
ചൂടുവെള്ളം – ആവശ്യത്തിന്

മട്ടൻ ചോപ്സ് ചേരുവകൾ

ചെറിയ ഉള്ളി – 6
ഇഞ്ചി – 2 ടീസ്പൂൺ
വെളുത്തുള്ളി – 2 ടീസ്പൂൺ
തക്കാളി – 1
പച്ചമുളക് – 5
മട്ടൻ
കുരുമുളക്, ഏലയ്ക്ക, ജീരകം, ഗ്രാമ്പു, ഉലുവ (എല്ലാം വറുത്തു പൊടിച്ചത്)
മഞ്ഞൾപ്പൊടി – 2 ടീസ്പൂൺ
മല്ലിപ്പൊടി – 3 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തേങ്ങാപ്പാൽ – 1 കപ്പ്
നെയ്യ് – 3 ടീസ്പൂൺ
ചെറിയ ഉള്ളി – 1
കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

അരിപ്പൊടിയും  അരമുറി തേങ്ങാ ചിരണ്ടിയതും കരിംജീരകവും നന്നായി യോജിപ്പിച്ച് ചൂടുവെള്ളം ചേർത്തു കുഴച്ച് മാവ് തയാറാക്കാം. ഇതിൽ നിന്നും പൂവിന്റെ ആക‍ൃതിയിൽ മാവ് പരത്തിയെടുക്കണം. ചൂടായ എണ്ണയിലിട്ട് പത്തിരി പൊരിച്ചെടുക്കാം. ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റണം.

മട്ടൻ ചോപ്സ് തയാറക്കാൻ

പാനിൽ അൽപം എണ്ണയൊഴിച്ചു ചൂടാകുമ്പോൾ സവോള അരിഞ്ഞതു ചേർത്തു വഴറ്റി എടുക്കാം. ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി,തക്കാളി,പച്ചമുളകും ചേർക്കാം. ഉപ്പും കുരുമുളകുപൊടിയും ഉലുവയും ചേർത്ത് വേവിച്ച മട്ടൻ ഇതിലേക്ക് ചേർക്കാം. വറുത്തുപൊടിച്ച മസാലക്കൂട്ടും മഞ്ഞൾപൊടിയും വറുത്തുപൊടിച്ച മല്ലിപ്പൊടിയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം തേങ്ങാപ്പാലും ചേർത്ത് അടച്ചു വേവിക്കുക.

വറുത്തൊഴിക്കാൻ പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ ചെറയഉള്ളി അരിഞ്ഞയും പച്ചമുളകും കറിവേപ്പിലയും നന്നായി വഴറ്റി എടുത്ത് മട്ടൻ ചാപ്സിലേക്കു ചേർക്കാം. മല്ലിയിലയും പൊതിനിലയും ചേർത്തു അലങ്കരിച്ചു വിളമ്പാം.