ഊണിനൊപ്പം ചെറുനാരങ്ങാ രസം

ചെറുനാരങ്ങാ രസമൊഴിച്ച ഊണ്, കൂട്ടിന് ഒരു പപ്പടമോ, അച്ചാറോ കൂടിയുണ്ടെങ്കിൽ കുശാലായി. ചെറുനാരങ്ങാ രസക്കൂട്ടു പരിചയപ്പെടാം.

ചേരുവകൾ:

1. ചെറുനാരങ്ങാനീര് – അരക്കപ്പ്
2. ഇഞ്ചി – ഒരു വലിയ കഷണം
3. പച്ചമുളക് – 3 എണ്ണം
4. വെളുത്തുള്ളി – ഒരു ചെറിയ കുടം
5. ചുവന്നുള്ളി – 6–7 ചുള
6. കറിവേപ്പില – കുറച്ചധികം
7. വെളിച്ചെണ്ണ – 2 ടേബിൾ സ്പൂ‍ൺ
8. കടുക് – കാൽ ടീസ്പൂൺ
9. ഉലുവ – കാൽ ടീസ്പൂൺ
10. ചുവന്നമുളക് നുറുക്കിയത് – 2 എണ്ണം
11. തിളച്ച വെള്ളം – രണ്ടര കപ്പ്
12. ഉപ്പ് – പാകത്തിന്
13. മല്ലിയില അരിഞ്ഞത് – 1. ടേബിൾ സ്പൂൺ
14. കുരുമുളകുപൊടി – 1 ടീസ്പൂൺ



പാകപ്പെടുത്തുന്ന വിധം:

2 മുതൽ 6 വരെ ചേരുവകൾ ചതച്ചെടുക്കണം. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുക്, ഉലുവ, ചുവന്നമുളക് മൂപ്പിച്ചതിലേക്കു ചതച്ചുവെച്ച കൂട്ട് ഇട്ടു കുറച്ചുനേരം വഴറ്റണം. ഇതിലേക്കു തിളച്ചവെള്ളവും ഉപ്പും അൽപം മഞ്ഞൾപ്പൊടിയും ചേർത്തിളക്കി നന്നായി തിളച്ചുകഴിഞ്ഞാൽ കുരുമുളകുപൊടി, മല്ലിയില എന്നിവ ചേർത്ത് ഇറക്കിവയ്ക്കണം. ഇതിലേക്കു ചെറുനാരങ്ങാനീര് ചേർത്തിളക്കി വിളമ്പാനുള്ള പാത്രത്തിലേക്കു പകർന്നുവയ്ക്കാവുന്നതാണ്.