മലയാളിയുടെ നാവിന് പ്രിയങ്കരമായ തായ്‌ സോസേജ് പുലാവ്

വളരെ പോഷകസമൃദ്ധവും ഏറെ രുചികരവുമായ ഒരു പുലാവ് പരിചപ്പെടാം, തായ്‌ കുക്കിങ് മലയാള നാട്ടിലും ഏറെ പ്രചുരപ്രചാരംനേടി കഴിഞ്ഞു.  വീട്ടില്‍ ഒരു ഗസ്റ്റ്‌ വന്നാല്‍ ബിരിയാണി പോലുള്ള ഭക്ഷണത്തിന് ഏറെ സമയം നഷ്ടമാകുന്നു എന്ന പരാതി മിക്ക വീട്ടമ്മമാര്‍ക്കും ഉണ്ട്, പക്ഷേ വളരെ പെട്ടെന്ന് തയാറാക്കാൻ പറ്റുന്ന ഈ തായ്‌ പുലാവ്  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടമാകും  തീര്‍ച്ച.

1. ബസ്മതി റൈസ് - 500 ഗ്രാം (20 മിനിറ്റ് കുതിര്‍ത്തത്)
2. ചിക്കന്‍ സോസേജ് – 9 എണ്ണം (ഇടത്തരം ക്യൂബ് ആയി മുറിച്ചു അല്പം വെളിച്ചെണ്ണയില്‍ ഗ്രില് ‍(ഫ്രൈ) ചെയ്തു എടുത്തത്.
3. കാപ്സികം – വലുത് ഒന്ന് ചതുരക്കഷ്ണങ്ങളാക്കി മുറിച്ചത്
4. ഉരുളക്കിഴങ്ങ് – 1 ചതുരക്കഷ്ണങ്ങളാക്കിയത്
5. കാരറ്റ് – 1 ചതുരക്കഷ്ണങ്ങളാക്കിയത്
6. സവാള – 1 ഒരു വലുത് കൊത്തി അരിഞ്ഞത്
7. ഇഞ്ചിയും വെളുത്തുള്ളിയും – 1 ടീസ്പൂൺ (കൊത്തി അരിഞ്ഞത് )
8. വെളിച്ചെണ്ണ – 100 മില്ലി ലിറ്റർ
9. മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
10. ഗ്രീന്‍ ചില്ലി – 4 എണ്ണം നെടുകെ കീറിയത്
11. തേങ്ങാപ്പാല്‍ – അരക്കപ്പ്
12. ഉപ്പ് – ആവശ്യത്തിന്
തക്കാളിയും മല്ലിയിലയും – അലങ്കരിക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചുവടു കട്ടിയുള്ള ഒരു നോണ്‍ സ്റ്റിക്ക് പത്രത്തിലേക്ക് സോസേജ് ഫ്രൈ ചെയ്ത് എടുത്ത വെളിച്ചെണ്ണ 2 ടീസ്പൂൺ ഒഴിക്കുക. ഇതിലേക്ക് സവോളയും ഇഞ്ചി വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് വഴറ്റുക. അര ടീസ്പൂൺ മഞ്ഞള്‍പൊടിയും ചേര്‍ത്തു കൊടുക്കാം.

ഇതിലേക്ക് കാപ്സിക്കം, ഉരുളക്കിഴങ്ങ്, കാരറ്റ് എന്നീ ചേരുവകള്‍ ചേര്‍ത്തു ഇളക്കുക. ഇതിനു ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്തു മൂടി വെയ്ക്കുക. ഒന്ന് തിളച്ചു കഴിയുമ്പോള്‍ ആവശ്യത്തിനു തിളച്ച വെള്ളം ചേര്‍ത്ത് കൊടുക്കുക.(അരി വേവാന്‍ ആവശ്യമായമായ വെള്ളം മാത്രം അളവ് നോക്കി ഒഴിക്കുക). ഇതിലേക്ക് ഉപ്പ് ചേര്‍ക്കുക, ഗ്രീന്‍ ചില്ലി ഇടുക, ഇതിനു ശേഷം അരി ഇടുക ഒന്ന് ഇളക്കി മൂടി വെക്കുക,അരിയും വെള്ളവും തിളച്ചു സമം ആകുമ്പോള്‍ തീ നന്നായി കുറച്ചു നേരത്തെ തയ്യാര്‍ ചെയ്തു വെച്ച സോസേജ് മുകളില്‍ ആയി ഇടുക .പത്തു മിനിറ്റ് ആവി പോകാതെ മൂടി വെക്കുക.

സ്വാദിഷ്ടമായ തായ് സോസേജ് പുലാവ് ചൂടോടു കൂടി തക്കാളിയും മല്ലയില ചോപ്പ് ചെയ്തതും മുകളില്‍ വിതറി വിളമ്പാം.

Chef Tips

ഇത്തരം റൈസ് ഉണ്ടാക്കുമ്പോള്‍ രണ്ടു തണ്ട് ചെറുനാരങ്ങയുടെ ഇല കഴുകി അരിയ്ക്കൊപ്പംഇട്ടു എടുത്താല്‍ ഒരു പ്രതേക സ്വാദും മണവും ലഭിക്കും.