ഒരു കടത്തനാടൻ രുചിയങ്കത്തിനു ബാല്യമുണ്ടോ? എങ്കിൽ തുടർന്നു വായിക്കാം–
അക്കരെ അക്കരെ അക്കരെ എന്ന സിനിമയിൽ ശ്രീനിവാസന്റെ സ്റ്റൈലൻ ഡയലോഗാണ് മുകളിൽ വായിച്ചത്. അമേരിക്കയിൽ കേസന്വേഷിക്കാൻ പോവുന്ന സിഐഡി ദാസന്റെ അരിവെപ്പുകാരനായെങ്കിലും കൂടെ പോവാൻ പറ്റുമോ എന്നതാണ് സിഐഡി വിജയൻ ലക്ഷ്യമിടുന്നത്. അതിനുവേണ്ടി ദാസന്റെ പ്രിയപ്പെട്ട വിഭവമായ മീനവിയൽ ഉണ്ടാക്കുകയാണ് വിജയൻ. അമേരിക്കയിൽ പോയാൽ ദാസന്റെ ഭക്ഷണകാര്യങ്ങൾ ആരു നോക്കും എന്നാണ് വിജയന്റെ നയം.
ദാസന്റെ മീൻപ്രേമം ‘അക്കരെ അക്കരെ അക്കരെ’യിൽ തുടങ്ങിയതല്ല. ആദ്യ ചിത്രമായ ‘നാടോടിക്കാറ്റി’ലുമുണ്ട് ഇത്തരമൊരു രംഗം.
‘നാടോടിക്കാറ്റി’ൽ പച്ചക്കറിക്കച്ചവടം കഴിഞ്ഞു, പ്ലാസ്റ്റിക് കവറിൽ മീനുമായാണ് ദാസൻ വരുന്നത്. രാധയുടെ കൈയിൽ ഏൽപിച്ച് തിരിച്ചുവരുമ്പോൾ ദാസൻ സ്റ്റൈലായി ഒരു ഡയലോഗടിക്കുന്നുണ്ട്...‘മീൻകറി നല്ല സ്റ്റൈലായിട്ടുണ്ടാക്കണം’
‘മീനവിയൽ’ എന്ന വാക്ക് അടുത്തകാലത്ത് പ്രചാരം നേടിയത് ട്രോളുകളിലൂടെയാണ്. ‘മീൻവൈൽ’ എന്ന ഇംഗ്ലിഷ് പ്രയോഗത്തെ മീനവിയൽ എന്നാക്കി മാറ്റി ഫെയ്സ്ബുക്കിൽ അറഞ്ഞംപുറഞ്ചം എയ്തത് ട്രോളൻമാരാണ്.
അതവിടെ നിൽക്കട്ടെ; മീൻ അവിയൽ ഉത്തര മലബാറിലൊഴികെ അധികമാർക്കും പരിചയമുള്ളതല്ല. ഓണാട്ടുകരയിലോ തിരുവിതാംകൂറിലോ കൊച്ചിയിലോ ഉള്ള പഴമക്കാർക്ക് അവിയലിൽ മീനിടുന്നത് ചിന്തിക്കാനേ കഴിയില്ല. കുടംപുളിയിട്ടുവറ്റിച്ച മീൻകറിയാണു മലയാളിയുടെ പ്രിയപ്പെട്ട മീൻരുചിയെന്നു കോട്ടയത്തുകാർ അവകാശപ്പെടാറുമുണ്ട്.മലബാറിൽപ്പോലും മീൻ അവിയൽ അധികം പ്രചാരത്തിലില്ല. കടത്തനാടൻ പ്രദേശത്തെ മാത്രം കറിയായാണ് മീൻഅവിയൽ വിശേഷിപ്പിക്കപ്പെടുന്നത്. വടകര മുതൽ നാദാപുരം വരെയുള്ള പ്രദേശത്തുകാരുടെ പ്രിയവിഭവമാണ് മീൻ അവിയൽ.
ദാസനു മീനവിയൽ ഇത്ര പ്രിയങ്കരമാവാൻ കാരണമെന്തായിരിക്കും? സംഗതി സിംപിൾ. കടത്തനാട്ടിലെ ഏതോ ഗ്രാമത്തിൽ ജനിച്ചുവളർന്നതാണ് ദാസൻ. ദാസനെ വളർത്തിവലുതാക്കി ബികോം ഫസ്റ്റ്ക്ലാസുകാരനാക്കാൻ അമ്മാവന്റെ വീടിൽ അടുക്കളപ്പണി ചെയ്യുന്ന അമ്മയെ ‘നാടോടിക്കാറ്റി’ൽ കണ്ടത് ഓർമയില്ലേ? ആ ഗ്രാമത്തിൽനിന്നാണ് കോഴിക്കോട്ടുള്ള കമ്പനിയിൽ പ്യൂണായി ദാസൻ എത്തിപ്പെടുന്നത്. അതുമാത്രമല്ല കാര്യം, ചിത്രത്തിന്റെ തിരക്കഥ എഴുതിയ ശ്രീനിവാസനും തലശ്ശേരിക്കാരനാണല്ലോ! നല്ല ചൊടിയുള്ള നാളികേരവും ജീരകവും പച്ചമുളകും ചേർത്തരച്ച അരവാണ് അവിയലിന്റെ ജീവാത്മാവ്.നല്ല നാടൻ വെളിച്ചെണ്ണയുടെ സുഗന്ധം ഒന്നു ചുടാവുമ്പോൾ അങ്ങു പാറിപ്പറന്നാൽ ഉഷാർ. നമുക്ക് മീനവിയലിൽ ഒരു കൈ നോക്കാം..
മീൻവൈൽ ഇൻ എ ചട്ടി...
ആദ്യം ഒരു ചുവടു കട്ടിയുള്ള പാത്രമെടുത്ത് നാന്നായി കഴുകി, വെള്ളമൊക്കെ തുടച്ച് അടുപ്പിൽ വെക്കുക. ഇനി അല്പം വെളിച്ചെണ്ണയൊഴിച്ച്, ഒന്നു ചൂടായാൽ രണ്ടു സ്പൂൺ മല്ലി,ആറ് ഉണക്കമുളക്, ഒരുനുള്ള് മഞ്ഞൾപ്പൊടി, അഞ്ച് ചെറിയ ഉള്ളി,മൂന്നല്ലി വെളുത്തുള്ളി എന്നിവ കരിഞ്ഞു പോകതെ ഒന്നു മൂപ്പിച്ചെടുക്കുക. അനന്തരം ഇവ നന്നായി അരച്ചെടുക്കുക. ഈ അരപ്പിൽ അരക്കിലോ മീൻ, തൊലികളഞ്ഞ് അരിഞ്ഞ ഒരു കപ്പ് പച്ച മാങ്ങ, നാലോ അഞ്ചോ അല്ലി കറിവേപ്പില,ആവശ്യത്തിന് ഉപ്പ് എന്നിവയും ചേർത്ത് ഇളക്കുക. ശേഷം രണ്ട് കപ്പ് വെള്ളമൊഴിച്ച്, ഇടത്തരം തീയിൽ വേവിക്കുക. അടുപ്പത്തുള്ള ഐറ്റം തിളച്ചാൽ അതിലേക്ക് ഒരു സ്പൂൺ അരിഞ്ഞ സവാള,അരസ്പൂൺ അരിഞ്ഞ ഇഞ്ചി, നെടുകെ പിളർന്ന മൂന്ന് പച്ചമുളക്, അരക്കപ്പ് ചിരവിയ തേങ്ങ മിക്സിയിലിട്ട് ഒന്ന് ഒതുക്കിയെടുത്തത് ,കാൽ കപ്പ് വെള്ളം എന്നിവ ചേർക്കുക. കറി കട്ടിയാകൻ വേണ്ടി തിളക്കാത്ത രീതിയിൽ കുറച്ചു നേരം കൂടി വേവിക്കുക.