‘ദ കിങ്ങി’ലെ മാസ് സീനും മസാലദോശയും!

‘ഡാ പുല്ലേ..ഈ അഴിച്ചിട്ടിരിക്കുന്ന മുണ്ടുണ്ടല്ലോ. അതാണുങ്ങളെപ്പോലെ അന്തസ്സായി മടക്കിക്കുത്താനുമറിയാം ജോസഫ് അലക്സിന്.അതു നിനക്കറിയില്ല. നൗ യൂ ജസ്റ്റ് വെയ്റ്റ് ആൻഡ് സീ..’

വലംകൈ കൊണ്ട് ഇടത്തേചെവിക്കുപിന്നിലെ മുടിയൊന്നടക്കി,മുണ്ടു മടക്കിക്കുത്തി, അംബാസിഡർ കാറിന്റെ ഡോർ കാലുകൊണ്ട്ചവിട്ടിയടച്ച് നടക്കുന്ന തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ്. രൺജിപണിക്കരുടെ തൂലികത്തുമ്പിൽ പിറന്നുവീണ ‘ദ കിങ്ങി’ലെ മമ്മൂട്ടിയുടെ നിത്യഹരിത ‘മാസ് സീൻ’ കണ്ടവർ ഒരിക്കലും ഫ്രയിമിനു പിന്നിലെ കെട്ടിടം മറക്കാൻ സാധ്യതയില്ല. കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ കുന്നിൻമുകളിൽ പടിഞ്ഞാറോട്ട് തിരിഞ്ഞിരിക്കുന്ന സർക്കാർവക ഗസ്റ്റ്ഹൗസ്.

ചിത്രം: ഹാഷിം

മലയാള സിനിമ മദിരാശിയിൽ ചുറ്റിത്തിരിഞ്ഞു നടന്ന കാലം. അക്കാലത്ത് മലയാളികളുടെ ഹോളിവുഡ്ഡായിരുന്നു ഈ കുന്ന്. ഒട്ടുമിക്ക സൂപ്പർഹിറ്റ് ചിത്രങ്ങളും ചിത്രീകരിച്ച പ്രദേശം. ഗസ്റ്റ്ഹൗസിലെ വളഞ്ഞുകയറിപ്പോവുന്ന ചവിട്ടുപടികൾ തന്നെ എത്രയോ സിനിമകളിലുണ്ട്. ‘ധ്വനി’യിൽ, പിൻഗാമിയിൽ,കമ്മീഷണറിൽ...

ചിത്രം: ഹാഷിം

ഗസ്റ്റ് ഹൗസിന്റെ മുറ്റത്തുനിന്ന് പതുക്കെ നടന്നു പുറത്തുകടന്ന് ഈസ്റ്റ്ഹിൽ റോഡിലെത്തി. ഈ സ്ഥലവും എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നോർത്തു. നാടോടിക്കാറ്റിൽ ദാസനും വിജയനും സൈക്കിളിൽ ഓഫീസിലേക്കുപോയിരുന്ന വഴി. ഈ വഴി നടന്നുപോയ എംബിബിഎസ് വിദ്യാർഥിനിയെ ഇടിച്ചിട്ട മാരുതി 800 തടയുന്ന ദാസനും വിജയനും. ആവേശത്തോടെ ദാസൻ കാറുടമയെ ചീത്തവിളിക്കുമ്പോൾ വിജയൻ കാറിന്റെ ടയറിലെ കാറ്റഴിച്ചു വിട്ടു. പിറ്റേദിവസം ഓഫീസിലെത്തിയപ്പോഴാണ് കാറുടമയാണ് തങ്ങളുടെ പുതിയ മാനേജർ എന്ന് രണ്ടുപേരും തിരിച്ചറിഞ്ഞത്. 

ചിത്രം: ഹാഷിം

‘നീയപ്പോ കാറ്റഴിച്ചുവിട്ടത് നന്നായി, അല്ലെങ്കിൽ ഈ കേസിൽ ഞാൻ ഒറ്റപ്പെട്ടുപോയേനെ!’ എന്നാണ് ദാസൻ പറഞ്ഞത്.

റോഡിൽ തൊട്ടുമുന്നിലായി ഒരു ജംക്ഷൻ. താഴേക്ക് നീണ്ടുപോവുന്ന റോഡ്. അൽപം മുന്നോട്ട് നടന്നാൽ റോഡ് വലത്തോട്ടും പിന്നെയിടത്തോട്ടും തിരിയുന്നു. വളവിൽ തലയുയർത്തിനിൽക്കുന്ന ഓടിട്ട വീട്. വെള്ളാനകളുടെ നാട് എന്ന സിനിമയിൽ ശോഭന താമസിക്കുന്ന വീട്. ആ വീടിന് ഇപ്പോഴും മതിലില്ല!

ചിത്രം: ഹാഷിം

കോൺട്രാക്ടർ സിപി കേസു നടത്തി സ്വന്തമാക്കിയ റോഡ്റോളർ ആനയെക്കൊണ്ട് വലിച്ചുകൊണ്ടുവരുന്ന സീൻ. റോളറിനകത്ത് ഡ്രൈവർ സുലൈമാനുണ്ട്. ഇറക്കത്തിൽ ആന കയറിന്റെ പിടിവിട്ടു. ഉരുണ്ടുരുണ്ടു വരുന്ന റോഡ്റോളർ മതിലുതകർത്ത് വീടിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്നു. തലയിൽ കൈയുംവെച്ച് നിൽക്കുന്ന സിപിയോട് ഡ്രൈവർ സുലൈമാൻ ശാന്തനായി പറയുന്നു:

‘ഒരിത്തിരീംകൂടി സ്പീഡ് ഉണ്ടായിരുന്നെങ്കിൽ ഈ വീടുംകൂടിയങ്ങു പൊളിഞ്ഞേനെ!’

തിരികെ കയറ്റം കയറിറോഡിലെ ജംക്ഷനിൽ വന്ന് വലത്തോട്ട് നടന്നാൽ വെസ്റ്റ്ഹിൽ മൈതാനത്തിനടുത്തേക്കുള്ള വഴിയാണ്. പ്രദേശത്ത് ചുറ്റും പട്ടാളക്കാർ മതിൽകെട്ടിയിരിക്കുന്നു. ഇസിഎച്ച്എസ് പോളിക്ലിനിക്ക് തുറന്നിട്ടുണ്ട്. പണ്ട് പ്രദേശം ഒഴിഞ്ഞുകിടക്കുകയായിരുന്നു. പുല്ലും പാറക്കെട്ടും നിറഞ്ഞ കുന്നിൻചെരുവിലൂടെ വളഞ്ഞുപുളഞ്ഞവരുന്ന റോഡ്. ഈ റോഡിലൂടെ ‘സുന്ദരി’യെന്ന ബാക്ക്എഞ്ചിൻ ഓട്ടോറിക്ഷ ചീറിപ്പാഞ്ഞു വന്നത് ഓർമയുണ്ടോ? സുധിയെന്ന ഓട്ടോക്കാരൻ മീനുക്കുട്ടിയേയും പിറകിൽഇരുത്തി സവാരി വരുന്ന കാഴ്ച. ‘കുടു കുടു ശകടം ഓട്ടോ ഓട്ടോ..’എന്ന ടൈറ്റിൽ സോങ്ങിൽ ഈ പ്രദേശമാണ് നിറഞ്ഞുനിൽക്കുന്നത്.

റോഡിലൂടെ കോഴിക്കോട് ലക്ഷ്യമാക്കി യാത്ര.വിക്രം മൈതാനം പിന്നിട്ട് മുന്നോട്ട്. സെന്റ്മൈക്കിൾസ് സ്കൂൾ കഴിഞ്ഞ് അൽപം മുന്നോട്ടു പോവുമ്പോൾ കനകാലയ ബാങ്ക് സ്റ്റ്റ്റോപ്പ് എത്തുന്നതിനു തൊട്ടുമുൻപ് ഇടതുവശത്തൊരു നാടൻ ചായക്കട. ഹോട്ടൽ സൂര്യോദയം. മറ്റൊന്നും നോക്കിയില്ല; നേരെ അകത്തേക്ക്.

ചിത്രം: ഹാഷിം

∙നാടൻ രുചിയുടെ സൂര്യോദയം

ഇരുൾമൂടിയ ഉൾവശത്ത് സമോവറുണ്ട്. മരയലമാരയുണ്ട്. പഴയ സ്റ്റൈൽ മേശകളും കസേരകളും. ചൂടോടെ ഒരു മസാലദോശ പോരട്ടേയെന്ന് ഓർഡർ നൽകി. നരച്ച തലയും നരച്ച ലുങ്കിയുമുള്ള സപ്ലയർ അടുക്കളയിലേക്ക് കയറിപ്പോയി. തിരികെ വരുന്നത് മസാലദോശയുമായാണ്. മസാലദോശയെ ആനയിച്ചു കൊണ്ടുവരികയാണ് എന്നുവേണം പറയാൻ.അത്രയ്ക്ക് പ്രൗഢി. പ്ലേറ്റിനിരുവശത്തേക്കും തലനീട്ടി നിൽക്കുന്ന കിടിലൻ മസാലദോശ. മൊരിച്ചിൽവരെ കൃത്യം. ദോശയ്ക്കകത്ത് നാടൻരുചിയുള്ള മസാല. ഒരു തരിമ്പു പോലും തമിഴ്ചുവയേയില്ല. പ്ലേറ്റിലെ കുഴികളിൽ നാളികേരച്ചമ്മന്തിയും ചുവന്നുതുടുത്ത സാമ്പാറും. ദോശയി‍ൽ കൈതൊട്ടാൽ‍ കഴിച്ചുതീർന്നാലേ തല ഉയർത്താൻ പറ്റൂ. അത്രയ്ക്ക് ആകർഷണമുള്ള രുചിക്കൂട്ട്.

തൊട്ടപ്പുറത്ത് ഇരുന്നയാൾ പൊറോട്ടയും ബീഫ് കറിയുമായി യുദ്ധം ചെയ്യുകയാണ്. വിരലുകൾവരെ വലിച്ചുനക്കി അവസാനത്തെ തുള്ളി ചാറും അകത്താക്കിയശേഷം നല്ല ചൂടു ചായ ഊതിക്കുടിക്കുകയാണ് കക്ഷി. എന്നിട്ടൊരു ആത്മഗതം..‘ഒരു രക്ഷയുമില്ല, അപാര രുചി!’

ബാലകൃഷ്ണൻ. ചിത്രം: ഹാഷിം

കഴിച്ചുകഴിഞ്ഞ് കൈകഴുകി ബില്ലുകൊടുക്കാൻ കൗണ്ടറിലെത്തി. പഴയൊരു മേശയ്ക്കുപിറകിൽ കടയുടമ ബാലകൃഷ്ണൻ. മസാലക്കൂട്ടുകൾ തനി നാടൻശൈലിയിലാണ് ഉണ്ടാക്കുന്നത്. അതാണു രുചിയുടെ രഹസ്യം.

ബാലകൃഷ്ണന്റെ അച്ഛൻ പുതുക്കുടി രാരിച്ചനാണ് എൺപതു വർഷം മുൻപ് കട തുടങ്ങിയത്. അന്നുതൊട്ടിന്നുവരെ രുചിയിൽ ഒരു വിട്ടുവീഴ്ചയുമില്ല. 1966ൽ കോഴിക്കോട് കോർപറേഷൻ നൂറാം വാർഷികം ആഘോഷിക്കുന്ന സന്ദർഭം. ചെറിയയ ഹോട്ടലുകളിലെ മികച്ച ഹോട്ടലിനുള്ള പുരസ്കാരം സൂര്യോദയം ഹോട്ടലിനായിരുന്നു. അന്നത്തെ മേയർ ഇ.സി. ഭരതൻ ഒപ്പിട്ട സർടിഫിക്കറ്റും ഷീൽഡും ഇപ്പോഴും കടയിലെ ചില്ലലമാരയിലുണ്ട്. പോയ കാലത്തെ പ്രതാപവുമായി.