തുള്ളിക്കൊരുകുടം പേമാരി. കർക്കടകത്തിൽ ഇടമുറിയാതെ പെയ്യുന്ന പെരുമഴ. സുഖചികിൽസയുടെ കാലമാണിത്. പലരും ഉഴിച്ചിലും പിഴിച്ചിലും നടത്തുന്ന കാലം. പണ്ടുകാലത്ത് ചെലവേറിയ ഇത്തരം ചികിൽസകളൊന്നും സാധാരണക്കാർക്കു താങ്ങാൻ കഴിയുമായിരുന്നില്ല.
കർക്കടക കഞ്ഞിയും ഔഷധക്കഞ്ഞിയും പത്തിലക്കറികളും കഴിക്കുന്നതാണ് ഇപ്പോൾ മലയാളികളുടെ ശീലം. പക്ഷേ മലബാറിൽ പണ്ടുകാലത്ത് ഇത്തരം ശീലങ്ങളായിരുന്നില്ല. രുചിക്കൂട്ടുകൾപോലെ കർക്കടകക്കാലരുചികളിലും മലബാറുകാർ വ്യത്യസ്ത പുലർത്തിയിരുന്നു.
കോഴിക്കോടിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ അക്കാലത്തൊരു രീതിയുണ്ട്. നേരം പുലരുന്നതുമുതൽ അർധരാത്രി വരെ ഓടി നടന്നു പണിയെടുക്കുന്നവരാണല്ലോ അന്നത്തെ സ്ത്രീകൾ. ഭർത്താവിന്റെ വീട്ടിൽനിന്ന് കർക്കടകം തുടങ്ങിയാൽ സ്വന്തം വീട്ടിലേക്ക് പോവും. കോഴിമരുന്ന് കഴിക്കാനുള്ള യാത്രയാണ്. മകൾ വരുന്നതുംകാത്ത് അമ്മ കോഴിമരുന്ന് തയാറാക്കി കാത്തിരിക്കും. അതേ സമയം നാത്തൂൻമാർ ഈ കാലയളവിൽ മരുന്നുകഴിക്കാൻ അവരുടെ വീട്ടിൽ പോവും.
നാടൻ പച്ചമരുന്നുകളും സമൂലം കൊത്തിയരിഞ്ഞ ചെടികളുമൊക്കെയിട്ടാണ് കോഴി മരുന്ന് തയാറാക്കുന്നത്. ഇപ്പോൾ നാട്ടുവൈദ്യൻമാരുടെ കടകളിൽ കോഴിമരുന്ന് തയാറാക്കാനുള്ള ഔഷധക്കൂട്ട് ലഭിക്കും.
കൃത്യമായ അളവിൽ മരുന്നും നല്ല നാടൻകോഴിയും ചേർത്ത് വേവിച്ചെടുത്ത് പഥ്യം പാലിച്ച് കഴിച്ചാൽ ഒരു വർഷം മുഴുവൻ പിടിച്ചുനിൽക്കാനുള്ള ആരോഗ്യം സ്ത്രീകൾക്കു ലഭിക്കുമെന്നാണു പഴയകാലത്തെ വിശ്വാസം. കോഴിമരുന്നു പോലെ പണ്ടു കോഴിക്കോട്ടെ ഗ്രാമങ്ങളിൽ കർക്കടകത്തിൽ കഴിച്ചിരുന്നതാണു ജീരകക്കോഴി സൂപ്പ്. കോഴിമരുന്നു സ്ത്രീകൾ മാത്രമാണു കഴിച്ചിരുന്നതെങ്കിൽ കോഴി സൂപ്പ് എല്ലാവരും കഴിക്കാറുണ്ട്
മരുന്നുപോലെ കോഴി
ഒരു കോഴിക്കുള്ള കോഴിമരുന്ന് നാട്ടുവൈദ്യൻമാരുടെ കടയിൽനിന്നു വാങ്ങിക്കാം. മരുന്നുണ്ടാക്കുന്നതിന്റെ തലേദിവസം കുറുന്തോട്ടി, കരിങ്കുറിഞ്ഞി ഇവ കഷായം വെയ്ക്കുക. കലത്തിൽ ഇരട്ടി വെള്ളം വെച്ചു കുറുക്കിയെടുത്താണു കഷായുമുണ്ടാക്കേണ്ടത്. ഇത് അരിച്ചെടുത്തു വെയ്ക്കണം. മുട്ടയിടാറായ നാടൻ പിടക്കോഴി വൃത്തിയാക്കി കഴുകി ചെറുതാക്കി കൊത്തിമുറിക്കുക. കഷായത്തിൽ കോഴിമരുന്നും കോഴിയും ചേർത്തു നന്നായി വേവിക്കുക. വെള്ളം പകുതി വറ്റുമ്പോൾ ഒരുകിലോ ചെറിയ ഉള്ളി, കുറച്ച് ഇന്തുപ്പ്, 200 മില്ലി ലിറ്റർ എള്ളെണ്ണ, കുറച്ചു നെയ്യ് എന്നിവ ചേർത്തു നന്നായി ഇളക്കി വറ്റിച്ച് എണ്ണ ഊറിവരുന്ന പരുവത്തിൽ വാങ്ങിവെക്കുക. ഇതാണു കോഴിമരുന്ന്.
ഇത്രയുംമരുന്ന് ഒരാൾ മൂന്നുദിവസം കഴിക്കണം. മരുന്നു കഴിക്കുമ്പോൾ വെള്ളംകുടിക്കാൻ പാടില്ല. കഴിക്കുന്ന ദിവസങ്ങളിൽ വിശ്രമം അത്യാവശ്യമാണ്.
സൂപ്പാക്കാം, ജീരകക്കോഴിയെ
മുട്ടയിടാറായ ഒരു നാടൻകോഴിയെ തൂവൽ പറിച്ചെടുത്ത് കരിയിച്ച് കഴുകി വൃത്തിയാക്കി ചെറുതായി കൊത്തിമുറിക്കുക. ഒരു നാളികേരം ചിരവി പിഴിഞ്ഞ് ആദ്യത്തെ പാൽ മാറ്റിവെച്ചു രണ്ടാം പാലിൽ കോഴി നന്നായി വേവിക്കുക. ഇറച്ചിയിൽനിന്ന് എല്ല് വേർപെടുത്തിവെക്കുക. എല്ല് കുടഞ്ഞ് മജ്ജ എടുത്ത് ഇറച്ചിയുടെ കൂടെയിട്ട് ആവശ്യത്തിന് ഇന്തുപ്പ്, നൂറു ഗ്രാം ജീരകം അരച്ചതും 50 ഗ്രാം കുരുമുളക് പൊടിച്ചതും കുറച്ച് ചെറിയ ഉള്ളി അരിഞ്ഞതും യോജിപ്പിക്കുക. തേങ്ങയുടെ മാറ്റിവെച്ച പാൽ ചേർത്തു നന്നായി വേവിച്ചു വറ്റിച്ചെടുക്കുക. ചെറിയ ഉള്ളി ചെറുതായരിഞ്ഞ് നെയ്യിൽ മൂപ്പിച്ച് ഇതിലേക്ക് ചേർക്കുക. ഒരു കോഴിയെ ഒരാൾ കഴിക്കണമെന്നാണു നിയമം.