മഴയിങ്ങനെ നിർത്താതെ പെയ്യുന്നു. മഴയത്തെ യാത്ര ഒരനുഭൂതിയാണ്. മുഖത്തേക്ക് സൂചിമുനപോലെ വന്നു തറയ്ക്കുന്ന മഴത്തുള്ളികൾ. ഇടയ്ക്ക് രോമകൂപങ്ങളെ ഉണർത്തുന്ന ഇളംകാറ്റ്. മഴയിൽ യാത്ര ചെയ്യുമ്പോൾ ഏതൊരാളും നിശ്ശബ്ദനാവും. കാർമേഘം മൂടിയ ആകാശം പോലെയാണ് ഓരോ യാത്രികന്റേയും മനസ്സ്.
ഇത്തവണ കർക്കടകപ്പെയ്ത്തിൽ കണ്ണീരാണ് പെയ്തത്. കർക്കടകംം പടികടന്നു വരുന്നതുതന്നെ മനസിൽ ദുഃഖം നിറച്ചുകൊണ്ടാണ്. പഞ്ഞമാസമെന്ന് പണ്ടുള്ളോര് ചീത്ത വിളിച്ചത് വെറുതെയല്ല.
മഴയും കൊണ്ട് കോഴിക്കോട്ടെ തെരുവുകളിലൂടെ യാത്ര ചെയ്തിട്ടുണ്ടോ? ആരുമറിയാതെ നിശബ്ദമായിക്കിടക്കുന്ന പഴയ കെട്ടിടങ്ങൾ. അനാഥമായ മേൽക്കൂരകളിൽ മഴ വന്നു തൊടുമ്പോൾ അവയൊന്നുണരുന്നുണ്ടോ? മേൽക്കൂരയ്ക്കുകീഴിൽ അഭയം പ്രാപിച്ച വെള്ളരിപ്രാവുകൾ ചിറകൊന്നുകുടഞ്ഞ് കൂനിക്കൂടിയിരിക്കുന്നുണ്ട്.
ഇടവഴികൾ മഴവഴികളാവുന്നു. നഗരത്തിലെ ഓരോ വഴിയും ഒരു കുഞ്ഞുകടലാവുന്നു. പണ്ടത്തെ കുട്ടികളെപ്പോലെ കടലാസുവഞ്ചികളുണ്ടാക്കാൻ ഇന്നത്തെ കുട്ടികൾക്കറിയില്ലല്ലോ. ഓരോ യാത്രികനും ഈ മഴയിലേക്ക് പറയാതെ പോയ നൊമ്പരങ്ങളുടെ കടലാസുകൾ കീറി വഞ്ചിയിറക്കുന്നു. പെയ്യുന്ന ഓരോ തുള്ളിയേയും നെഞ്ചിലേക്ക് ഏറ്റുവാങ്ങി യാത്ര ചെയ്യുന്നു. ഈ നഗരം മഴയിൽ സങ്കടങ്ങളുടെ ഗസലായി മാറുന്നു. എത്ര പ്രണയാർദ്രമാണ് കോഴിക്കോട്!
പക്ഷേ മഴയ്ക്കുപിന്നിൽ കാത്തിരിക്കുന്ന ദുരിതക്കഥകൾ കണ്ണീരായി പെയ്യുകയാണ്. കവി അൻവർഅലി പാടിയതുപോലെ
‘മഴക്കാലമാണ്
മറക്കൊല്ല കുഞ്ഞേ
മനസ്സാലെ നമ്മൾ
നിനയ്ക്കാത്തതെല്ലാം
വരുംകാലമാണ്...’
യാത്ര തെരുവിന്റെ രുചിയിലേക്ക്
മഴയേറ്റുകൊണ്ട് യാത്ര മാവൂർറോഡിലൂടെ കിഴക്കോട്ട് നീളുകയാണ്. അരയിടത്തുപാലത്തെ ഓവർബ്രിജ് കടന്ന് പൊറ്റമ്മൽ ജംക്‌ഷനിലെത്തി. മഴയിൽ ജംക്‌ഷനിലെ വൻമരം തണുത്തുവിറച്ചു നിൽക്കുന്നു. സ്ഥിരം വഴികളുപേക്ഷിച്ച് മേത്തോട്ടുതാഴം റോഡിലേക്ക് തിരിഞ്ഞു. കാട്ടുകുളങ്ങരയിൽ കാച്ചിലാട്ട് സ്കൂൾ എത്തുന്നതിനുമുൻപ് വലതുവശത്തായി ഓറഞ്ചു നിറത്തിലുള്ള ബോർഡ് പിടിച്ചുനിർത്തി. ദ് സ്ട്രീറ്റ് റോൾസ്.
മഴയല്ലേ, ചെറുതായൊരു റോൾ കഴിക്കാം.
യാത്രികന്റെ ഭക്ഷണമാണ് വിവിധ തരം റോളുകൾ. സ്ട്രീറ്റ് റോളുകൾ പ്രത്യേകിച്ചും. തെരുവോരങ്ങളിൽ അൽപനേരം നിന്നുകൊണ്ട് കഴിച്ചുതീർക്കാവുന്ന സ്ട്രീറ്റ് റോളുകൾക്ക് ലോകമെങ്ങും ആരാധകരുണ്ട്. സാധാരണ ലഭിക്കുന്നതിൽനിന്നു വ്യത്യസ്തമായി കത്തി റോളാണ് ലഭിക്കുന്നത്. ജന്മം കൊണ്ട് കൊൽക്കത്തക്കാരനാണ് കക്ഷി. സ്പെഷൽ ചിക്കൻറോളും കോഴിക്കോടൻ മിന്റ് സുലൈമാനിയും ഓർഡർ നൽകി കാത്തിരുന്നു. റോഡരികിൽ ഒരു ഇടനാഴിയുടെ വലുപ്പം മാത്രമുള്ള കട. കറുപ്പും ഓറഞ്ചുമാണ് നിറങ്ങൾ. ചെറിയ ചെടികളുടെ പച്ചപ്പ്. കുഞ്ഞു മഞ്ഞബൾബുകളുടെ തെളിച്ചം. കടയ്ക്കകത്തെ ബെഞ്ചിലിരിക്കുമ്പോൾ ഒരു ഉണർവ് അനുഭവിക്കാം.
ചൂടുള്ള റോളും സുലൈമാനിയുമെത്തി. ചൂടിനൊപ്പം ആവശ്യത്തിനു സ്പൈസിയുമാണ് കക്ഷി. കണ്ണടച്ച് ഒരു കടി കടിച്ചാൽ ഉള്ളിൽ രുചിയുടെ പഞ്ചവാദ്യം കൊട്ടിക്കയറുന്നതു കാണാം. പൊറോട്ടയല്ലാത്ത കത്തിയിൽ പൊതിഞ്ഞുണ്ടാക്കിയ റോൾ. തൊട്ടുകൂട്ടാൻ അൽപം പുതീന ചമ്മന്തി. പേരിനൊരൽപം മയൊണൈസ്. മരം കൊണ്ടുള്ള താലം. ആകെമൊത്തം ടോട്ടൽ നാട്ടിൽ ഇതുവരെ കാണാത്ത പുതുമ.
രുചിയെന്ന ‘പാഷൻ’
കാശു വാങ്ങുന്നത് കട മുതലാളിമാരിൽ ഒരാളാണ്. പേര് നവാഫ്, സ്വദേശം രാമനാട്ടുകര. നവാഫും ബാല്യകാല സുഹൃത്തുക്കളായ ഷാമ്യാസ്, മുഫീദ്, ഫൗസാദ് തുടങ്ങിയവരാണ് ദ സ്ട്രീറ്റ് റോൾസിനു പിറകിൽ. രണ്ടുപേർ ബിടെക്കുകാർ. മറ്റു രണ്ടുപേർ എംബിഎക്കാർ. എല്ലാവരും പഠിച്ചത് കേരളത്തിനു പുറത്താണ്. കൂട്ടുകാരിൽ രണ്ടുപേർ സംസ്ഥാനത്തിനു പുറത്ത് ജോലി ചെയ്യുകയാണ്.
പഠനകാലത്തെ യാത്രകളിൽനിന്നാണ് കട്ടി റോളുകൾ കിട്ടുന്ന കട തുടങ്ങിയാലോ എന്ന ആശയം കിട്ടിയത്. അങ്ങനെ രണ്ടുമാസം മുൻപ് ദ് സ്ട്രീറ്റ് റോൾസ് പിറന്നുവീണു.
നിപ്പ വന്നപ്പോൾ രണ്ടാഴ്ച കട അടച്ചിട്ടെങ്കിലും ഇപ്പോൾ വീണ്ടും തിരക്കേറിക്കഴിഞ്ഞു. വൈകുന്നേരങ്ങളിൽ സുലൈമാനിയുടെ രുചിയറിഞ്ഞ്, സ്ട്രീറ്റ് റോളുകളും കഴിച്ച് സംസാരിച്ചിരിക്കാൻ നല്ല രസമാണ്.