മഴയുടെ കലിയടങ്ങി. പക്ഷേ, കടലിലെ അലയടങ്ങുന്നില്ല. മണൽപ്പരപ്പിൽ വന്നു തലതല്ലി കരയുന്ന തിരമാലകൾ. രണ്ടാഴ്ചയായി ഓരോ യാത്രയിലും ഓടിയെത്തിയത് കണ്ണീർക്കാഴ്ചകളാണ്. പക്ഷേ, കോഴിക്കോട്ടെ തെരുവുകളിലൂടെ നടക്കുമ്പോൾ മനസ്സിൽ ശാന്തത വന്നു നിറയുന്നു. എത്രയെത്ര മഴക്കാലങ്ങൾ സർവനാശം വിതച്ചിട്ടും ഈ നഗരം എത്രയെത്ര നൂറ്റാണ്ടുകളെ തോൽപ്പിച്ചിരിക്കുന്നു.
ബീച്ചാശുപത്രിയെന്ന് നമ്മൾ വിളിക്കുന്ന ജനറൽ ആശുപത്രി വളപ്പിലേക്ക് കാഴ്ച നീണ്ടു. വേനലുകളിൽ ഹൃദയരക്തത്തിൽ മുക്കിയ പ്രണയ പുഷ്പങ്ങൾ പോലെ ഗുൽമോഹറുകൾ വിടർന്നുനിൽക്കാറുണ്ട്. ഗുൽമോഹർ ചില്ലകൾക്കിടയിലൂടെ തലയുയർത്തി നിൽക്കുന്ന ആശുപത്രി കെട്ടിടം.
ബ്രിട്ടീഷുകാരുടെ കാലത്തെ നിർമാണശൈലി. സന്ധ്യകളിൽ കടപ്പുറത്തേക്കു തുറക്കുന്ന വലിയ ജാലകങ്ങൾ. ഉപ്പുകാറ്റിന്റെ ശീലുകൾ വന്നു തൊടും. 1924 ലെ വെള്ളപ്പൊക്കത്തിനു ശേഷം ചികിത്സ തേടിയെത്തിയ രോഗബാധിതർ ഇതേ ജനാല വഴി തിരകൾക്കപ്പുറത്തേക്ക് കണ്ണുനട്ടിരുന്നിട്ടുണ്ടാവും. നടന്നുനടന്ന് ആകാശവാണി കെട്ടിടവും പിന്നിട്ട് കോർപറേഷൻ ഓഫിസിനു മുന്നിലെത്തി. കടപ്പുറത്തിന്നോരം ചേർന്ന് റോഡിൽ അനേകം ഉന്തുവണ്ടിക്കച്ചവടക്കാർ. കല്ലുമ്മക്കായ പൊരിച്ചതു മുതൽ വറുത്ത കടല വരെ വിൽക്കുന്നവർ. അവർക്കിടയിൽ താരമായി നിൽക്കുകയാണ് ഐസ് ഉരതി വിൽക്കുന്നവർ.
തമ്മിൽ ഉരസുന്ന രുചിഭേദങ്ങൾ
ഐസ് ഉരതി.. താരതമ്യേന യുവാവാണ് കക്ഷി. പത്തു മുപ്പത് കൊല്ലത്തെ കഥയേ കക്ഷിക്ക് പറയാനുള്ളൂ. എങ്കിലും ഐസ് ഉരതിയെ കോഴിക്കോടിന്റെ പ്രതീകമായാണ് പല സിനിമകളിലും അവതരിപ്പിക്കുന്നത്. ഐസ് ഉരതിയേക്കാൾ രസമൂറുന്ന മറ്റൊരു വിളിപ്പേരും കക്ഷിക്കുണ്ട്, അതാണ് ' ഐസ് അച്ചാർ '!
രുചിഭേദങ്ങളുടെ മൂർധന്യം. പുളി, ഉപ്പ്, മധുരം, എരിവ് തുടങ്ങി പരസ്പര വിരുദ്ധമായ രുചികൾ കൊമ്പുകോർക്കുന്നു. നാവിൽ സൂചി കുത്തുന്നതു പോലെ തണുപ്പുചീളുകൾ തറയ്ക്കുന്നു. നാവിൻതുമ്പിൽ വെടിക്കെട്ടു തീർക്കുന്ന രസക്കൂട്ട് . ഉരച്ചെടുത്ത ഐസിൽ വിവിധ തരം അച്ചാറുകൾ ചേർത്താണ് പുളിയുള്ള ഐസുരതി നിർമിക്കുന്നത്. അതുപോലെ ഐസിൽ നന്നാറി സർബത്തും പഴച്ചാറും കപ്പലണ്ടിയും മറ്റും ചേർത്താണ് മധുരമുള്ള ഐസുരതി നിർമിക്കുന്നത്. ഇത് രണ്ടും കൂടി ചേർത്തുണ്ടാകുന്നതാണ് മിക്സ് ഐസുരതി. കടപ്പുറത്തെ ഒട്ടുമിക്ക ഹോട്ടലുകളിലും ഐസ് ഉരതി കിട്ടും. ഉരതി ഗ്ലാസിലേക്ക് വീഴ്ത്തിയ ഐസ് ചീളുകളിൽ മീഠാ പാനും, കുങ്കുമപ്പൂവും, കടലയും അണ്ടിപ്പരിപ്പും ചേർത്താണ് ആദാമിന്റെ ചായക്കടയിൽ മധുരമുള്ള ഐസുരതിയുണ്ടാക്കുന്നത്.