തെക്കേപ്പുറവും കട്ടനും കാവയും

‘‘ഞാൻ കബറിടങ്ങളിലേക്ക് നോക്കി. ആളുയരത്തിൽ കാടു പടർന്നിട്ടില്ല. അവിടെയുമിവിടെയും മീസാൻകല്ലുകൾ കാണാം. ചാഞ്ഞും ചരി‍ഞ്ഞും അടയാളക്കല്ലുകൾ.കണ്ണംപറമ്പിന്റെ അതിർത്തിക്കപ്പുറം കൊച്ചുകൂരകൾ. അതിനപ്പുറം കടപ്പുറം. അലമുറയിടുന്ന കടൽ.കടലിന്, ആഞ്ഞടിച്ചുയർന്ന് കണ്ണംപറമ്പിലേക്ക് കേറാനാവാത്ത പെരുംകലിയാവണം.’’

തെക്കേപ്പുറത്തിന്റെ കഥ പറയുന്ന പുതിയ നോവൽ ‘എസ്പതിനായിരത്തിൽ’ എൻ.പി. ഹാഫിസ്മുഹമ്മദ് എഴുതുന്നു. മനുഷ്യന്റെ സകല അഹങ്കാരങ്ങളെയും എത്ര നിസാരമെന്ന് തെളിയിച്ച് കണ്ണംപറമ്പ് പള്ളിപ്പറമ്പ് അങ്ങനെ നീണ്ടുനിവർന്നു കിടക്കുകയാണ്. മീസാൻ കല്ലുകളോടു ചേർന്ന് പൂമരക്കൊമ്പുകൾ. കബറിനുള്ളിലെ മയ്യത്തിന്റെ നെഞ്ചിൻകൂടിലേക്ക്  വേരുകൾ‍ താഴുമെന്ന് നോവലിസ്റ്റ് പറയുന്നു. വേരറ്റം ഹൃദയത്തിലെത്തിയാൽ ചുവന്നപൂവാണത്രേ!

മുഖദാറിലെ ഇക്കാക്കയുടെ ചായക്കട

കുറ്റിച്ചിറയിലും തെക്കേപ്പുറത്തുമുള്ള ഇവടവഴികളിലൂടെ അങ്ങനെ നടക്കുമ്പോൾ‍ കാലം എസ്പതിനായിരം കൊല്ലം പിറകോട്ടുപോവുന്നു. ജിന്നുകളും മലക്കുകളും കഥകളിലേക്ക് ചേക്കറുന്നു. കഥ പറയുമ്പോൾ വല്ലിമ്മമാരുടെ മുഖത്തെ ചുളിവുകൾപോലും വിറയ്ക്കും. അലുക്കത്തുകൾ കിലുങ്ങും. കാച്ചിയുടെ വെൺമയാണ് ഓരോ കഥയ്ക്കും. കഥകളുടെ കൂടാരമാണ് തെക്കേപ്പുറം. മുഖദാർ മുതൽ അങ്ങ് കോതിപാലം വരെ നീണ്ടുകിടക്കുന്ന കടപ്പുറം. റോഡിന്റെ ഒരു വശത്ത് അലയടങ്ങാത്ത കടൽ. മറുവശത്ത് ചെറിയ ചെറിയ വീടുകൾ. ആന ചെവി വീശുന്നതുപോലെ പയ്യെപ്പയ്യെ ഇളകിയാടുന്ന തെങ്ങിൻതലപ്പുകൾ. കോതിപ്പാലത്തിനോടു ചേർന്ന് വടക്കേത്തലയ്ക്കൽ വലത്തോട്ട് കടപ്പുറത്തെ വീടുകൾക്കിടയിലൂടെ ഒരു വഴിയുണ്ട്. നേരെനടന്നാൽ കോതി പുലിമുട്ടിലേക്കു കയറാം. 

അറബിക്കടലെന്ന പുയ്യാപ്ലയെകണ്ട ബീവിയുടെ നാണത്തോടെ കല്ലായിപ്പുഴ നിൽക്കുന്നു.ഇടംകൈകൊണ്ട് കല്ലായിപ്പുഴയെ ചേർ‍ത്തുപിടിക്കാൻ നോക്കുന്ന അറബിക്കടൽ. ആ സ്നേഹം  ആരുംകാണാതിനിരിക്കാൻ ഒളിമറയായി നിൽക്കുകയാണ് പുലിമുട്ട്. 

മുഖദാറിലെ ഇക്കാക്കയുടെ ചായക്കട

അത്രനീളമുള്ള പുലിമുട്ടൊന്നുമല്ല  കോതിയിലേത്. പക്ഷേ കരിങ്കൽക്കെട്ടിലൂടെ കടലിന്റെ ചങ്കിലേക്ക് ഇത്തിരിദൂരം നടക്കാം. കടലു വന്ന് പുലിമുട്ടിന്റെകാലിൽ തലയടിച്ചു ചിതറുന്നു. അങ്ങു ദൂരെ വടക്ക് കടലിലേക്കു നീണ്ടു കിടക്കുന്ന വെള്ളയിലെ പുലിമുട്ട്. അങ്ങുതെക്ക് ബേപ്പൂരെ പുലിമുട്ട്. ആളനക്കമൊഴിയാത്ത കോഴിക്കോട് കടപ്പുറം, സൗത്ത്ബീച്ച്, ഗോതീശ്വരം ബീച്ച് തുടങ്ങിയവയെല്ലാം ഒരു ഗാലറിയിലിരുന്ന് കാണുന്നതുപോലെ കാണാം. 

തെക്കേപ്പുറത്തിന്റെ കഥാകാരൻ കടലിലേക്കു നോക്കി നൊമ്പരപ്പെടുന്നതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്:

‘‘ഞാൻ കടലിലേക്ക് നോക്കി. എന്താണാലോചിക്കുന്നതെന്ന് എനിക്കുതന്നെ വേർതിരിച്ചറിയാനായില്ല. കണ്ണ് നിറയുന്നതും കണ്ണീർത്തുള്ളികൾ കവിളിലേക്കുരുണ്ട് നീങ്ങുന്നതും ‍ഞാനറിഞ്ഞു. കടൽക്കാറ്റോടിവന്ന് അതു കവിളിൽ പരത്തുന്നു. ഉപ്പുരസം കൂടിക്കുഴഞ്ഞ് കണ്ണീർ ഉണങ്ങിപ്പറ്റുന്നു. ഓർമ്മയുടെ എല്ലൊടിഞ്ഞപോലെ. ഒന്നും തെളിയുന്നില്ല.’’

കാവയുടെ കുദറത്ത്!

തിരികെ യാത്ര. മുഖദാറിൽനിന്ന് കിഴക്കോട്ടുള്ള വഴിയിൽ ഒരിത്തിരി നടന്നാൽ ലീഗ് ഓഫീസ് കാണാം. ബദാംമരങ്ങൾ തണലിടുന്ന വഴി. മരച്ചോട്ടിൽ പഴമയുടെ സകലമാന ഭാരവും പേറുന്ന കട. നാട്ടുകാരുടെ സ്വന്തം ഇക്കാക്കയുടെ കട. ഇക്കാക്കയുടെ ശരിക്കുള്ള പേര് മുഹമ്മദ്  കോയയെന്നാണെന്ന് നാട്ടുകാർ മറന്നുപോയിക്കഴിഞ്ഞു. എല്ലാവർക്കും ഇക്കാക്കയാണ്.

മുഖദാറിൽ നേരം പുലരുന്നത് ഇക്കാക്കയുടെ കടയിലെ ചായപ്പാത്രം തിളച്ചുമറിയുന്നതു കേട്ടാണ്. ചിരപുരാതനകാലം മുതൽ അതിരാവിലെ കട്ടൻചായകുടിക്കാൻ വരുന്നവരുടെ തിരക്കാണ് കടയിൽ.ഒരു രൂപയ്ക്ക് ചായയും രണ്ടുരൂപയയ്ക്ക് കടിയുമെന്നൊക്കെയാണ്പണ്ടുമുതലേയുള്ള കണക്ക്.  വൈകുന്നേരം കച്ചവടം റോഡിന്റെ എതിർവശത്തെ കടയിലാണ്. രാത്രി പന്ത്രണ്ടുവരെ തുറന്നിരിക്കുന്ന ചായക്കട.

നല്ല എരിവുള്ള മസാല ചേർത്ത കാടമുട്ട, കോഴിമുട്ട തുടങ്ങിയവയാണ് കടയിലെ താരങ്ങൾ. രണ്ടു കാടമുട്ടയും ഒരു കട്ടനുമടിച്ച് അഞ്ഞൂറിന്റെ നോട്ടെടുത്ത് വീശിയാൽ കടയിൽ പണിയെടുക്കുന്ന ഷിഹാബ് കൈമലർത്തും. ഇത്രയും കഴിക്കാൻ ആകെ 13 രൂപ മാത്രം മതി; അതുകൊണ്ട് ചില്ലറ വേണം. കാടമുട്ടയ്ക്ക് അഞ്ചുരൂപ, കോഴിയാണെങ്കിൽ പത്തുരൂപ. ഒരു കടട്ടന് മൂന്നു രൂപ. അതുകൊണ്ട് ഈ വഴി പോവുമ്പോൾ പോക്കറ്റുനിറയെ ചില്ലറ കരുതണം.

പക്ഷേ കടയിലെ താരം ഇതൊന്നുമല്ല. തെക്കേപ്പുറത്തിന്റെ സാംസ്കാരികത്തനിമ ഒട്ടിച്ചർ‍ന്ന പാനീയമാണ് കാവ. കുരുമുളകിന്റെ എരിവും ചുക്കിന്റെ ഉണർവും ചേർന്ന പ്രത്യേക രുചിക്കൂട്ടുകൾ ഗ്ലാസിലേക്ക് തട്ടിയിട്ട് കടുപ്പത്തിലൊരു കട്ടൻ ചൂടോടെ ഒഴിച്ച് ഇളക്കി കൈയിൽത്തരും. ഒരിറക്കു കുടിച്ചാൽ മതി. കാവ ഇറങ്ങിപ്പോവുന്ന വഴി കൃത്യമായറിയാം.