Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുചി വിതറി തെരുവോരത്തെ സാൻഡ്‌‌വിച്ച് വാല

വി. മിത്രൻ
Author Details

വഴികൾ പല വിധമുണ്ട്. തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ പാതിവാതിൽ ചാരി നോക്കിയിരിക്കുന്നവർക്ക് വഴി പ്രതീക്ഷയാണ്. ഓർമകളുടെ നിഴലുറങ്ങുന്ന വഴികളാണ് മറ്റുചിലർക്കു പ്രിയം. അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികളാണ് ചിലർ തേടുന്നത്. ഒരു യാത്രികൻ ലക്ഷ്യങ്ങളിലല്ല  വിശ്വസിക്കുന്നത്. ഒരിക്കലും തീരാത്ത വഴികൾ. എവിടെയുമെത്താത്ത യാത്രകൾ. നാളെ എന്താണെന്നറിയാതെ ഒരു തൂവൽ പോലെ പറന്നുനടക്കുന്നവർ. യാത്ര ചെയ്യാത്തവർ ഒരിക്കലും നല്ല മനുഷ്യരാവുന്നില്ലെന്നാണ് വിശ്വാസം. 

നഗരത്തിലെ ഏറ്റവും തിരക്കേറിയ വഴികളാണ് മാവൂർ റോഡും ബാങ്ക് റോഡും. വയനാട് റോഡിന്റെ തുടർച്ചയായി മാനാഞ്ചിറയിലേക്ക് നീളുന്ന ബാങ്ക് റോഡ്. ബാങ്ക് റോഡിൽനിന്ന് കിഴക്കോട്ട് ഒഴുകിയകലുന്ന മാവൂർ റോഡ്. അകലങ്ങളിലേക്ക് തിരക്കിട്ടുപായുന്ന ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച് ചിന്തിക്കാൻ ഈ വഴിയോരത്ത് നിശ്ചലമായി നിന്നാൽ മതി. ആരും  യാത്രകളിൽ കാത്തിരിക്കുന്നത് രുചി വൈവിധ്യമല്ല, യാത്രയിൽ തേടിയെത്തുന്ന ഭക്ഷണവും ഭക്ഷണം തേടിയുള്ള യാത്രകളുമാണ്. അപ്രതീക്ഷിതമാണ് ഓരോ അരിമണിയും. വഴിയോരത്തെ ഭക്ഷണം കഴിക്കാത്ത ആരുണ്ട്. ഏത് അരിമണിയിലാണ് തന്റെ പേരെഴുതിയത് എന്നറിയാതെ മനുഷ്യൻ കിതച്ചോടുന്നു. ഈ പ്രകൃതിക്കു മുന്നിൽ മനുഷ്യൻ  എത്ര നിസ്സാരനാണെന്ന തിരിച്ചറിവ്. കഴിഞ്ഞ പ്രളയകാലത്ത് വൃത്തിയെന്നത് വിശപ്പിനുമുന്നിൽ ഒന്നുമല്ലെന്ന് തിരിച്ചറിഞ്ഞതാണ് നമ്മൾ.

sandwichwala

രാപകലുകളില്ലാത്ത രണ്ടു വഴികൾ. പലവഴി ചിതറിയൊഴുകുന്ന ജനം. തൊട്ടടുത്ത ഗൾഫ് ബസാറിലേക്കുംഫോറിൻ ബസാറിലേക്കും ഒഴുകിവരുന്നത് യുവാക്കളാണ്.  അറബിനാടിന്റെ ഹൃദയം പേറുന്ന സുഗന്ധദ്രവ്യങ്ങളും പുതുപുതു ഗാഡ്ജറ്റുകളും തേടിവരുന്ന യുവാക്കൾ. പ്രതീക്ഷകൾ, യുവത്വത്തിന്റെ തിളക്കം,  കണ്ണുകളിൽ നിറച്ച് അവർ ഒഴുകിവരുന്നു.

തെരുവോരത്തെ സാൻഡ്‌‌വിച്ച്

ഫോറിൻ ബസാറിനും ഗൾഫ് ബസാറിനുമിടയ്ക്ക് ഒരു ചെറിയ കട. മഞ്ഞയും ചുവപ്പും നിറത്തിൽ സാൻഡ്‌വിച്ച്‌വാല എന്ന ബോർഡ്. 

ഓർഡർ നൽകിയാൽ കൺമുന്നിൽവെച്ച് സാൻഡ്‌വിച്ച് ഉണ്ടാക്കി ചൂടോടെ കയ്യിൽത്തരും. ഈ വഴി പോവുന്നവരുടെ കണ്ണിൽ സാൻഡ്‌വിച്ച് വാല എന്ന പേരുടക്കാതിരിക്കില്ല. 

കുറ്റിമീശയും കുഞ്ഞുതാടിയും മായാത്ത പുഞ്ചിരിയുമുള്ള ത്രിപുരക്കാരൻ ഗോപി സാൻഡ്‌വിച്ച് ഉണ്ടാക്കുന്ന തിരക്കിലാണ്. രണ്ടു ബ്രഡ് എടുത്ത് വശങ്ങൾ കത്തികൊണ്ട് കലാപരമായി അറുത്തുമാറ്റുന്നു. 

പച്ച കാപ്സിക്കവും കാബേജും തക്കാളിയും ഉള്ളിയുമൊക്കെ അരിഞ്ഞുവീഴ്ത്തുന്നു. അവ ബ്രഡ്ഡിനുമുകളിൽ വാരിപ്പരത്തുന്നു. ചിക്കൻ വേണ്ടവർക്ക് ചിക്കൻഎടുത്ത് ബ്രഡ്ഡിനുമുകളിൽ നിരത്തുന്നു. 

മറ്റൊരു ബ്രഡ്ഡെടുത്ത് മുകളിൽ വച്ച്് ക്രീം കൊണ്ട് സൗന്ദര്യം കൂട്ടുന്നു. പിന്നെ ടോസ്റ്റ് ചെയ്തെടുക്കുന്നു. മേശപ്പുറത്തുവച്ച്് കത്തിയെടുത്ത് രണ്ടായി മുറിച്ച് ഒരു കടലാസ് പ്ലേറ്റിലേക്ക് പകർത്തിയെഴുതി സാൻഡ്‌വിച്ച് എന്ന കലാരൂപം നമ്മുടെ വിധിനിർണയത്തിനായി കയ്യിലേക്ക് നീട്ടുന്നു. 

അപ്പോഴും ഗോപിയുടെ മുഖത്ത്് കുസൃതി നിറഞ്ഞ പുഞ്ചിരി കാണാം. സാൻഡ്‌വിച്ചിന്റെ ഒരരിക് കടിച്ചു നാവിൻതുമ്പിൽ ചേർക്കുമ്പോൾ രുചിയുടെ ലാളിത്യം തത്തിക്കളിക്കും. നാലഞ്ചു വർഷമായി സാൻഡ്‌വിച്ച് വാല ഇവിടെയുണ്ട്. 

ഗുജറാത്തിലെ സൂറത്തിൽനിന്ന് കോഴിക്കോട്ടെത്തിയവരാണ് യൂസഫ് അലിയും അബ്ദുല്ലയും അൽഫിയയുമടങ്ങുന്ന കുടുംബം. കുട്ടിക്കാലം മുതൽ അവർ കളിച്ചുവളർന്നത് കോഴിക്കോട്ടെ മണ്ണിലാണ്. അൽഫിയയെന്ന പെങ്ങളുടെ തലയിലാണ് സാൻഡ്‌വിച്ച് വിൽക്കുന്ന കട തുടങ്ങാമെന്ന ആശയം ഉദിച്ചത്.

സഹോദരൻമാർ ആശയത്തെ മണ്ണിലുറപ്പിച്ചു വളർത്തി. അങ്ങനെ സാൻഡ്‌വിച്ചു മാത്രം ലഭിക്കുന്ന ഒരു കുഞ്ഞുകട ഇവിടെ ചുവടുറപ്പിച്ചു.