Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ ഉണ്ടാക്കുന്ന ലളിതമായ ഭക്ഷണം, അതുവിട്ടൊരു കളിയില്ല ഹരിയാനക്കാർക്ക്

ശ്രീപ്രസാദ്
Author Details
khoya-suhalii

ഹരിയാനയിലെ ഗ്രാമങ്ങളിൽ ആരും ബാർബർ ഷോപ്പാണെന്നു കരുതിപ്പോലും ഹോട്ടലുകളിൽ കയറാറില്ല. പേരിന് ഒരു ചായക്കട പോലും ഹരിയാന ഗ്രാമങ്ങളിൽ കണ്ടെത്താൻ ബുദ്ധിമുട്ടും. ഹോട്ടലുകളോട് ഹരിയാനക്കാർക്ക് അത്ര പഥ്യം പോര എന്നതു തന്നെ കാര്യം. വീട്ടുഭക്ഷണത്തോട് അത്രമേൽ വിധേയത്വമുള്ള ജനതയാണ് ഹരിയാനക്കാർ. 

ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നമായ സംസ്ഥാനമായിരുന്നിട്ടുകൂടി ഭക്ഷണകാര്യത്തിലും വേഷവിധാനത്തിലും ലാളിത്യം കാത്തുസൂക്ഷിക്കുന്നവർ. ഹൈദരാബാദിലെയോ ലക്നൗവിലെയോ പോലെ ആഹാരത്തിലെ ആർഭാടം ഇവിടെയില്ല. ഭക്ഷണത്തിനുള്ളത‌ു സ്വന്തം തൊടിയിൽ വളർത്തി വച്ചുണ്ടാക്കുകയാണ് ഹരിയാൻവി അഥവ ഹരിയാന രുചിക്കൂട്ടുകളെ വ്യത്യസ്തമാക്കുന്നത്.  

ധാരാളം ഭൂമി സ്വന്തമായി ഉള്ളവരാണ് ഹരിയാനക്കാർ. അവിടെ ഉപജീവനത്തിനും സ്വന്തം ആവശ്യത്തിനും വേവ്വേറെ കൃഷി ചെയ്യുന്നതാണ് അവരുടെ ശീലം. ബാർളി, അരി, ഗോതമ്പ്, ചോളം തുടങ്ങിയവ വൻ തോതിൽ ഉൽപാദിപ്പിക്കുന്ന കാർഷിക സംസ്ഥാനമായതിനാൽ ചേരുവകളിലെ ഉയർന്ന നിലവാരം ഹരിയാൻവി ആഹാരത്തിന്റെ രുചി കൂട്ടുന്നു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച പാൽ ഉൽപന്നങ്ങൾ ഉൽപാദിപ്പിക്ക‌ുന്നതും ഇവിടെത്തന്നെ. 

പച്ചക്കറിവിഭവഭവങ്ങളോടാണ് പൊതുവെ ഇവിടത്തുകാർക്കു താൽപര്യം. നൂനി, ടിണ്ടി നെയ്യുകൾ ഹരിയാന ഭവനങ്ങളിൽ ഒഴിച്ചുകൂടാനാകാത്തതാണ്. നെയ്യ് ചേർത്ത ബജ്റ റൊട്ടിയും ഏറെ പ്രശസ്തം. 

പഞ്ചാബ്, രാജസ്ഥാൻ വിഭവങ്ങളോട് ചെറുതല്ലാത്ത സാമ്യം ഹരിയാന ഭക്ഷണങ്ങൾക്കുണ്ട്. പഞ്ചാബിന്റെ പ്രിയ ഭക്ഷണമായ കാദി, രാജ്മ, മിക്സ്ഡ് ദാൽ എന്നിവയും രാജസ്ഥാന്റെ പ്രിയപ്പെട്ട കെർ സാൻഗ്രി, കച്ച്‌രി എന്നിവയും ഹരിയാനക്കാർക്ക് പ്രിയങ്കരം. ലസ്സിയും ഇവിടെ സർവസാധാരണമാണ്. റൊട്ടിയും ഉരുളക്കിഴങ്ങു കറിയുമൊക്കെയാണ് സാധാരണക്കാരുടെ ആഹാരം. ആഴ്ചയിൽ ഒരിക്കലാണ് ഇവർ അരിയാഹാരം കഴിക്കുക. ചൂട് കൂടിയ സംസ്ഥാനമായതിനാൽ ധാരാളമായി തക്കാളി ജ്യൂസ് കുടിക്കുന്നതും ഹരിയാനയിൽ പതിവാണ്. നെയ്യിൽ പാകം ചെയ്ത് പഞ്ചസാര ലായനിയിൽ മുക്കിവയ്ക്കുന്ന ഗുൽഗുൽ ആണ് ഇവിടത്തെ ഏറ്റവും പ്രിയപ്പെട്ട മധുരപലഹാരം.  ഖൊയ സുഹാലി എന്ന ഹരിയാന പലഹാരം എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം.

ചേരുവകൾ

മൈദ– രണ്ട് കപ്പ്
ഓയിൽ – കാൽ കപ്പ്
പഞ്ചസാര– ഒരു കപ്പ്
പാൽകട്ടി– 200ഗ്രാം
ഏലക്ക– 5 എണ്ണം
റോസ് വാട്ടർ– 4 സ്പൂൺ
ഡ്രൈഫ്രൂട്ട്സ്– 50 ഗ്രാം

തയാറാക്കുന്ന വിധം

ഒരു വലിയപാനിൽ മൈദയും എണ്ണയും കുറച്ച് ചൂടുവെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക.(ചപ്പാത്തിക്കെന്ന പോലെ). നല്ലമുറുക്കം കിട്ടുന്നതുവരെ കുഴച്ചശേഷം 20 മിനിറ്റ് വയ്ക്കുക. ശേഷം ചെറുനാരങ്ങാ വലുപ്പത്തിൽ ഉരുളകളാക്കുക. ഓരോ ഉരുളയും നല്ല കട്ടിയിൽ പപ്പട വട്ടത്തിൽ പരത്തിയെടുക്കണം. ഇനി എണ്ണ ചൂടാക്കി ബ്രൗൺ നിറമാകുന്നതുവരെ വേവിച്ചെടുക്കുക. 

മറ്റൊരു പാത്രത്തിൽ മുക്കാൽ കപ്പ് വെള്ളവും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കണം. പഞ്ചസാര തരി അപ്രത്യക്ഷമായിക്കഴിഞ്ഞാൽ റോസ് വാട്ടറും ഏലക്കായും ചേർക്കുക. ഈ ലായനിയിലേക്ക് പാൽക്കട്ടി ചേർത്ത് നന്നായി ഇളക്കണം. അല്ലെങ്കിൽ അത് ലായനിക്കു മുകളിൽ പൊങ്ങിക്കിടക്കും. ഇനി അടുപ്പിൽ വച്ച് നന്നായി ചൂടാക്കാം. ചൂടാറുന്നതിനു മുൻപു തന്നെ നേരത്തെ തയാറാക്കി വച്ച മൈദ അപ്പം ഇതിൽ മുക്കിയെടുക്കുക. ഇതിനു മുകളിലേക്ക് ഡ്രൈഫ്രൂട്ട് വിതറാം. 12 മണിക്കൂർ കഴിഞ്ഞശേഷം കഴിക്കുന്നതാണ് ഉത്തമം.