Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മ്മളെ ‘ഓടുന്ന’ ചായക്കട കണ്ടിക്ക ?

വി. മിത്രൻ
Author Details

വഴികൾ, വ്യക്തികൾ, ഓർമകൾ. ഓരോ യാത്രയും നമുക്കു സമ്മാനിക്കുന്നത് ഇവയാണ്. ഹൃദയം നിറയെ കാഴ്ചകൾ കണ്ട്, മനസ്സുനിറയെ രുചിച്ചുകഴിച്ച് അലസമായൊരു യാത്ര.

ജീവിതത്തിലെ എല്ലാ പാസ്‌‌വേർഡുകളും ഓർമയിൽനിന്നു മായ്ച്ചുകളയാവുന്ന ഒരു യാത്ര. ജോലിത്തിരക്കുകളിൽ നിന്നും പഠനത്തിരക്കുകളിൽനിന്നും ജീവിതത്തിന്റെ നൂലാമാലകളിൽനിന്നും പൂർണമായും മാറി ഒരു തൂവലു  പോലെ പാറിപ്പറക്കാൻ കഴിയണം.

ദാസാ... എന്തൊരു സുന്ദരമായ നടക്കാത്ത സ്വപ്നം! നമ്മൾക്ക് കയ്യെത്തിപ്പിടിക്കാൻ കഴിയാത്ത ആഗ്രഹങ്ങളാണത്രേ സ്വപ്നങ്ങളായി ജനിക്കുന്നത്.  ആത്മാഭിമാനത്തിന്റെ മറ്റൊരു മുഖമാണ് നന്നായി ഭക്ഷണം കഴിക്കുക എന്നത്. നന്നായി ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നവരുടെ ഹൃദയം റോസാപ്പൂ  പോലെ പരിശുദ്ധമായിരിക്കുമെന്നൊക്കെ പലരും പറയും. എല്ലാ അവധിയിലും ദീർഘദൂര യാത്രകൾ പോവാൻ എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. പഠനം കഴിഞ്ഞ് ജോലിക്കായുള്ള കാത്തിരിപ്പിനിടെയാണ് പലരും ദൂരദേശങ്ങൾ തേടി അലയുന്നത്. ബുള്ളറ്റിന്റെ ഘുടുഘുടുശബ്ദത്തിലലിഞ്ഞ്, നെഞ്ചിൽ വന്നു തട്ടുന്ന  കാറ്റ് അനുഭവിച്ച്, അങ്ങനെയങ്ങനെ...ജീവിതം വന്നു തലയിൽ കയറിയവർ വാരാന്ത്യങ്ങളിൽ ചെറിയ യാത്രകളിലേക്കൊതുങ്ങും. ആ യാത്രകൾ ഒന്നുകിൽ കടപ്പുറം വരെ, അല്ലെങ്കിൽ മാനാഞ്ചിറ വരെ ഒതുങ്ങും. കടപ്പുറത്തെ റോഡിലൂടെ യാത്ര ചെയ്യാത്തവർ ആരുമില്ലല്ലോ. എവിടെയെങ്കിലും വണ്ടിയൊതുക്കി കടപ്പുറത്തേക്ക് ഊളിയിടാനുള്ള വ്യഗ്രത. നീണ്ടുനിവർന്നുകിടക്കുന്ന കടപ്പുറം റോഡിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

truck-food ദ് ടീ ഷോപ്പ് ഫുഡ് ട്രക്ക് കോഴിക്കോട് ബീച്ചിൽ

ഓർമവഴികൾ

രണ്ടു കടൽപ്പാലങ്ങൾക്കിടയിൽ പടിഞ്ഞാറൻ കാറ്റേറ്റ് തെക്കുവടക്ക് കിടക്കുന്ന ബീച്ച് റോഡ്. ഈ റോഡിനൊരു ചരിത്രമുണ്ട്. മലബാറിൽ ആദ്യമായി ടാറു ചെയ്ത റോഡാണിത്.

92 വർഷം മുൻപുള്ള കഥയാണ്. പണ്ട് ഈ നഗരത്തിൽ മൺപാതകളായിരുന്നു. പൊടിപറക്കുന്ന റോഡിലൂടെ നടന്നുപോവുന്നവർ, കാളവണ്ടികൾ, കുതിരവണ്ടികൾ. ചെമ്മൺപാതയിലൂടെ പൊടിപറപ്പിച്ചുള്ള യാത്ര. അക്കാലത്ത് പൊടിശല്യം കുറയ്ക്കാൻ റോഡ് നനയ്ക്കാനായി മാത്രം ജീവനക്കാരുമുണ്ടായിരുന്നത്രേ.

1926 ജനുവരിയിലാണ് നഗരത്തിലെ റോഡ് ടാർ ചെയ്യുന്നതിനെക്കുറിച്ച് ആലോചന വന്നത്. മിഠായിത്തെരുവിലെ റോഡാണ് ആദ്യം തീരുമാനിച്ചതെങ്കിലും നഗരസഭാ കൗൺസിലിലെ വാഗ്വാദങ്ങളെതുടർന്ന്് ബീച്ച് റോഡ് ടാർ ചെയ്യാൻ  തീരുമാനിച്ചു. മലബാറിൽ പരീക്ഷണാർഥമാണ് റോഡ് ടാറിങ്ങ് പരിപാടി നടപ്പിലാക്കുന്നത്. അതുകൊണ്ട് നാട്ടുകാർ ആശങ്കയിലായിരുന്നു. 1927ലാണ് പണി പുരോഗമിച്ചത് അക്കാലത്ത് ഊട്ടിയിലെ റോഡുകൾ ടാറിട്ടു കഴിഞ്ഞിരുന്നു. ആ പണിയെടുത്ത ബെസ്റ്റ് &  കോ എന്ന കമ്പനിയെത്തന്നെയാണ് കോഴിക്കോട്ടെ റോഡ് ടാറു ചെയ്യാൻ തിരഞ്ഞെടുത്തത്. അന്നത്തെ മുൻസിപ്പൽ എൻജിനീയർ ടാറിങ്ങ് എങ്ങനെയാണെന്ന് പഠിക്കാൻ ഊട്ടിയിൽ സന്ദർശനവും നടത്തി !

truck-food-01

മ്മളെ ‘ഓടുന്ന’ ചായക്കട

ബീച്ച് റോഡിന്റെ ചരിത്രമാലോചിച്ചു നടന്നുനടന്ന് തൊടിയിൽ ക്ഷേത്രത്തിനു മുന്നിലെത്തി. കടപ്പുറത്തിനോടു ചേർന്ന് റോഡരികിൽ ബദാംമരങ്ങൾ. മരച്ചോട്ടിൽ ഒരു ഫുഡ് ട്രക്ക് നിർത്തിയിട്ടിട്ടുണ്ട്. മഞ്ഞപ്പെയിന്റടിച്ച ഫുഡ് ട്രക്ക്.  

അങ്ങ് അമേരിക്കയിലും മറ്റുമാണ് ഫുഡ് ട്രക്ക് സംസ്കാരമുള്ളത്. നിർത്തിയിട്ട വണ്ടിയിൽ വൃത്തിയോടും വെടിപ്പോടും  ഭക്ഷണമുണ്ടാക്കിത്തരും. പല പല തരം ഭക്ഷണങ്ങൾ. ഹമ്പടാ, ഇതെങ്ങനെ ഇവിടെവന്നു! വണ്ടിയുടെ ശരീരത്തിൽ കറുത്ത നിറത്തിൽ വരച്ചുചേർത്തചിത്രങ്ങൾ. അതിനിടയ്ക്ക് കിടിലൻ ഒരു ടാഗ്‌ലൈൻ: ‘ങ്ങളെ കോയിക്കോട്ട് മ്മളെ ചായവണ്ടി’

ഒരു ഡബിൾ ചീസ് ചിക്കൻ ബർഗർ, ഒരു വെജ് സ്ട്രീറ്റ് റോൾ, രണ്ടു ചായ... വളരെ ലളിതസുന്ദരമായ ഒരു ഓർഡർ നൽകി. വിശാലമായി വണ്ടിയൊന്ന് നോക്കിക്കണ്ടു. അകത്ത് മുതലാളിയും തൊഴിലാളിയും തകർത്തു പണിയെടുക്കുന്നു. 

പാലാഴി സ്വദേശി സുവീൻ എടവഴിപ്പുറത്താണ് ഫുഡ് ട്രക്കിന്റെ ഉടമ. ഫുഡ് റിപ്പബ്ലിക് –ദ് ടീ ഷോപ്പ് പ്രൈ.ലിമിറ്റഡ് എന്നാണ് നമ്മുടെ കക്ഷിയുടെ പേര്. ഫുഡ് ട്രക്ക് റോഡിൽ ഇറങ്ങിയിട്ട് രണ്ടുമൂന്നു മാസമായിട്ടേയുള്ളൂ. സൂപ്പർമാർക്കറ്റും ബേക്കറിയുമൊക്കെ നടത്തുന്ന കക്ഷിയാണ്  സുവീൻ.  ഫുഡ് ട്രക്ക് എന്ന മോഹം കയ്യെത്തിപ്പിടിച്ചതാണ് റോഡരികിൽ കാണുന്ന ഈ സ്വപ്നവണ്ടി.

ചൂടോടെ ബർഗറും റോളും വന്നു. ശ്വാസം വിടാനുള്ള ഗ്യാപ്പില്ലാതെ തട്ടി. ബില്ലുംകൊടുത്ത് തിരികെ യാത്ര. ഭക്ഷണം തേടിയുള്ള യാത്രകൾക്ക് ഒരു അന്തോംകുന്തോം ഇല്ല!