എണ്ണത്തിൽ തീരെ ചെറുതാണെങ്കിലും കരുതലിന്റെ കാര്യത്തിൽ മാതൃകയായി വെസ്റ്റ് ഇൻഡീസിലെ സെന്റ് ലൂസിയാന ദ്വീപിലെ മലയാളികൾ. കുക്ക് ഫോർ കേരള ക്യാംപെയ്നിന്റെ ഭാഗമായി കരീബീയൻ ദ്വീപിലെ അഞ്ചു മലയാളികൾ ഒറ്റ വിരുന്നു കൊണ്ട് നാടിനുവേണ്ടി സമാഹരിച്ചത് 2000 ഡോളർ (ഏകദേശം ഒന്നര ലക്ഷം രൂപ). വെസ്റ്റ് ഇൻഡീസിലെ സെന്റ് ലൂസിയാനയിലെ പ്രധാനമന്ത്രി അലൻ ഷാസ്നെറ്റ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബാർബിക്യൂവും പരമ്പരാഗത കരീബിയൻ വിഭവങ്ങളുമൊരുക്കിയാണ്. കേരളാ വിശ്വസഭയുടെ സ്റ്റാൻഡിങ് കമ്മിറ്റി സിബി ഗോപാലകൃഷ്ണൻ (കരുനാഗപ്പള്ളി) അഖിൽ നന്മന, ചന്ദ്രകാന്ത്, വിനായക് മോഹൻ, നെൽസൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.
സെന്റ് ലൂസിയാന ദ്വീപിൽ ആകെ പന്ത്രണ്ട് മലയാളികൾ മാത്രമാണുള്ളത്. എണ്ണത്തിൽ കുറവാണെങ്കിലും നാടിനുവേണ്ടി പ്രവർത്തിക്കുന്നതിനു അതൊന്നും അവർക്കു തടസമായില്ല. കുക്ക് ഫോർ കേരള ക്യാംപെയ്നിന്റെ ഭാഗമായാണ് വെസ്റ്റ് ഇൻഡീസിലെ മലയാളികൾ പ്രളയ ദുരിതം നേരിടുന്ന കേരളത്തിനു വേണ്ടി മുന്നിട്ടിറങ്ങിയത്.