Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഠായിത്തെരുവിൽ മധുരപ്പൂത്തിരി...!

വി. മിത്രൻ
tripeat-mittai-theru രുചിയുടെ തലസ്ഥാനമായ കോഴിക്കോട്ടെ തെരുവുകളിൽ ഇപ്പോൾ പലതരം മധുരപലഹാരങ്ങളുടെ രുചിയാണ്. ചിത്രം: സജീഷ് ശങ്കർ

മധുരത്തിൽ കുളിച്ചെത്തുന്ന ആഘോഷമായ ദീപാവലി. തിൻമയുടെ മേൽ നൻമ നേടുന്ന വിജയത്തിന്റെ ആഘോഷമായതിനാലാവാം ദീപാവലി ഇത്ര മധുരതരമായത്. രുചിയുടെ തലസ്ഥാനമായ കോഴിക്കോട്ടെ തെരുവുകളിൽ ഇപ്പോൾ പലതരം മധുരപലഹാരങ്ങളുടെ രുചിയാണ്, നിറമാണ്, മണമാണ്. ഈ നഗരത്തിലൂടെ ‘മധുര’സ്മരണകൾ അയവിറക്കി നടക്കാൻപറ്റുന്നത് മിഠായിത്തെരുവിലൂടെയാണ്. ചതുര കരിങ്കൽപാളികൾ പാകയ നിരത്ത്. പഴമയുടെ പുതുമയുള്ള വിളക്കുകൾ. എന്നും എപ്പോഴും ഉത്സവത്തിരക്കാണ്.

പണ്ടൊരിക്കൽ മധുരപ്രിയനായ ഏതോ സാമൂതിരി രാജാവ് ഗുജറാത്തിൽനിന്ന് മധുരപലഹാരങ്ങൾ ഉണ്ടാക്കാനായി കുറച്ചുപേരെ ഈ പ്രദേശത്ത് കൊണ്ടുവന്ന് താമസിപ്പിച്ചുവത്രേ. കോട്ടപ്പറമ്പിലെ ആശുപത്രിയിരിക്കുന്ന ഭാഗത്തായിരുന്നുവത്രേ അന്ന് കൊട്ടാരം. തൊട്ടുപിന്നിലെ മതിലിനപ്പുറത്താണ് തെരുവ്. പലഹാരം കണ്‍വെട്ടത്തു വെച്ചുണ്ടാക്കും. മധുരം നിറഞ്ഞൊരു പേര് ഈ തെരുവിനു ലഭിച്ചത് അങ്ങനെയാണെന്ന് പഴമക്കാർ പറയാറുണ്ട്. 

5 must have sweets for this Diwali

ലോകം മുഴുവൻ കറങ്ങി നടന്ന ആ മഹാനായ യാത്രക്കാരൻ എസ്കെ പൊറ്റെക്കാട് തെരുവിന്റെ ഒരോരത്ത് കണ്ണുനട്ടിരിക്കുന്നുണ്ട്. തെരുവിന്റെ തുടക്കത്തിൽ പൊറ്റെക്കാടിന്റെ പ്രിയപ്പെട്ട ബദാം സർബത് കിട്ടിയിരുന്ന കൃഷ്ണമഹാരാജ് ഹൽവ  സ്റ്റോർ ഇപ്പോഴുമുണ്ട്. ഹോട് ആൻഡ് കൂള്‍ബാർ എന്നെഴുതിയ പഴയ ബോർഡും അതേപോലെ നിലനിൽക്കുന്നു. കടയുടെ മുന്നിൽ ദീപാവലി മിഠായിയുടെ പെട്ടികൾ‍ അടുക്കിവെച്ചിരിക്കുന്നു.  

തെരുവിലൂടെയുള്ള നടത്തം പല തരം തുണിക്കടകൾക്കിടയിലൂടെയാണ്. ഒരിക്കൽ ഈ തെരുവിലായിരുന്നു കോഴിക്കോട്ടെ ആദ്യത്തെ ബേക്കറി തുറന്നത്. മാമ്പള്ളി ബാപ്പുവിന്റെ പിൻമുറക്കാർ പലപേരിൽ പല  ബേക്കറികളും തുറന്നിരുന്നു. മോഡേൺ ബേക്കറിയും കൊച്ചിൻ ബേക്കറിയുമൊക്കെ ഇവിടെ മധുരം വിടർത്തിയവരാണ്. ആര്യഭവനും രാധ തീയറ്ററും പഴമയുടെ ഗന്ധവുമായി തലയുയർത്തി നിൽക്കുന്നുണ്ട്.

കോർട് റോഡിനു സമീപം വീറ്റ്ഹൗസ് ഓർമയായെങ്കിലും രുചികൾ മനസിൽനിന്നു മായില്ല. ഹനുമാൻ കോവിൽ കടന്നു തെരുവിന്റെ തെക്കേയറ്റത്തേക്കു ചെല്ലുമ്പോഴാണ് ബേക്കറികളുടെ ബാഹുല്യം. രണ്ടു ശങ്കരൻ ബേക്കറികളും ജയഭാരതും മലബാർ ഹൽവ സ്റ്റോഴ്സും ന്യൂ ഓറിയന്റലുമൊക്കെ ദീപാവലി മിഠായി പാക്കറ്റുകൾ നിരത്തി വച്ച് കച്ചവടത്തിരക്കിലാണ്.

പണ്ടൊരിക്കൽ ഈ വഴി പോയ ബ്രിട്ടീഷുകാരൻ ഒന്നു രുചിച്ചുനോക്കിയയുടനെ ഹലുവയെ സ്വീറ്റ് മീറ്റ് എന്നു വിളിച്ചത്രേ! സ്വീറ്റ് മീറ്റ് കിട്ടുന്ന സ്ട്രീറ്റാണ് പിന്നീട് എസ്.എം. സ്ട്രീറ്റ് ആയി മാറിയത്.

Deewali-sweets

പിൽക്കാലത്ത് കച്ചവടത്തിനെത്തിയ ഗുജറാത്തികൾ താമസിച്ച ഗലികളാണ് ഇപ്പോഴത്തെ ഗുജറാത്തി സ്ട്രീറ്റായി മാറിയത്. ദീപാവലിക്ക് ഇവിടെയും മിഠായിപ്പെട്ടികളാണ് താരം. നൂറു രുപയുടെ ചെറിയ പെട്ടി മുതൽ 500 രൂപയുടെ മധുരപ്പെട്ടികൾ വരെയുണ്ട്. സാധാരണ ലഡുവും മൈസൂർ പാക്കുമൊക്കെ ചേർന്ന പെട്ടിക്കാണ് വിലക്കുറവ്്. എന്നാൽ അണ്ടിപ്പരിപ്പും പാലും മാത്രമുള്ള മധുരവിഭവങ്ങളാണ് 500 രൂപയുടെ പെട്ടിയിൽ. പാൽവിഭവങ്ങൾ മാത്രമുള്ള പെട്ടികളുമുണ്ട്.

ജിലേബി, ലഡു, മൈസൂർപാക്ക്, പാൽ വിഭവങ്ങളായ പേഡ, ബർഫി, രസഗുള, ഗുലാബ് ജാമൂൻ തുടങ്ങി പെട്ടി നിറയെ എത്രയെത്ര വിഭവങ്ങൾ.

തേനൂറും ജിലേബി

Jilebi

ജിലേബിയുടെ ജനനം അറേബ്യയിലോ പേർഷ്യയിലോ ആയിരിക്കാമെന്ന‌ു ഭക്ഷണചരിത്രകാരൻമാർ. അറിബിയിലെ സലബിയ, പേർഷ്യൻ ഭാഷയിലെ സിലാബിയ എന്നിവയിൽനിന്നാണ‌ു ജിലേബ് എന്ന വാക്കുണ്ടായതത്രേ. എഡി 1450ൽ ജിനാസുരൻ എന്ന ചിന്തകൻ കന്നഡഭാഷയിലെഴുതിയ ഗ്രന്ഥങ്ങളിൽ ജിലേബി എന്ന വാക്ക് ഉപയോഗിച്ചിരുന്നു. ജിലേബിയുടെ വകഭേദമായ ജാഗിരി ജഹാംഗീർ ചക്രവർത്തിക്കുവേണ്ടിയാണ‌ു നിർമിച്ചതെന്നാണ‌ു വിശ്വാസം. ജഹാംഗീരി എന്ന വാക്കിൽനിന്നാണത്രേ ജാഗിരി എന്ന പേരു ലഭിച്ചത്.

സാർ...ലഡ്ഡു...

Satisfy your sweet tooth with these sugar-free sweets

ലഡു സിന്ധുനദീതട സംസ്‌കാരകാലം മുതൽ നമ്മുടെ നാട്ടിൽ ഇഷ്ടവിഭവമായിരുന്നു. മോദകം ലഡുവിന്റെ പൂർവികനാണത്രേ. തിരുപ്പതി ക്ഷേത്രത്തിലെ നിവേദ്യമായ ലഡു ലോകപ്രശസ്‌തവുമാണ്. കേലഡി ബസവരാജ എഡി 1700ൽ രചിച്ച ശിവതത്ത്വരത്നാകരത്തിൽ ലഡുനിർമാണത്തെക്കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്. എഡി 1000ൽ ശ്രേണിക രാജാവ് നടത്തിയ സദ്യയിൽ ലഡു വിളമ്പിയതായി തെളിവുകളുണ്ട്.

പാൽക്കാരൻ പേഡ

Milk peda

പേഡയുടെ ജനനം ഗുജറാത്തിലാണ് എന്നു വിശ്വസിക്കുന്നവരാണ് അധികവും. ഗംഗാനദീതടത്തിലാണ് പേഡയടക്കമുള്ള പലഹാരങ്ങൾ ജനിച്ചത് എന്നു ചരിത്രം പറയുന്നു. ഗംഗാനനദിയുടെ തീരത്തുള്ള ബംഗാളിലും ഇതേകാലത്താണ‌ു ബർഫിയടക്കമുള്ള മധുരപലഹാരങ്ങൾ ഉപയോഗിച്ചുതുടങ്ങിയതത്രേ. ശരാശരി 3000 വർഷമാണ് പേഡയുടെ പ്രായം എന്നു ഭക്ഷണചരിത്രകാരൻമാർ പറയുന്നു.

മധുരം ബംഗാളി

Gulab jamun

ബംഗാളി സ്വീറ്റ്‌സ് ഇല്ലാതെ ദീപാവലിയില്ല. കൽക്കത്തയിലെ ഒരു പലഹാരക്കച്ചവട കുടുംബത്തിൽ ജനിച്ച ചന്ദ്രദാസ് ആണ് ഇന്നത്തെ ബംഗാളി പലഹാരങ്ങളുടെ തലതൊട്ടപ്പൻ. 1868ൽ 22 വയസ്സുള്ളപ്പോഴാണ‌ു ചന്ദ്രദാസ് രസഗുളയ്‌ക്കു ജൻമം നൽകിയത്. 50 വർഷം കഴിഞ്ഞ് ചന്ദ്രദാസിന്റെ പുത്രൻ കൃഷ്‌ണചന്ദ്രദാസ് രസമലായ് എന്ന പലഹാരമുണ്ടാക്കി. ഈ അച്‌ഛനും മകനുമാണ് ഗുലാബ് ജാമൂൻ എന്ന രസികൻ വിഭവത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിച്ചത്. കെ. സി. ദാസ് ആൻഡ് കമ്പനി ബംഗാളി മധുരപലഹാരങ്ങൾ വിദേശരാജ്യങ്ങളിലേക്കു കയറ്റിയയച്ചിരുന്നു.

പാക്ക് മൈസൂരു നിന്ന്

x-default

കഥകൾ ഒന്നും പങ്കുവെയ്‌ക്കാത്ത ഒരു കക്ഷി മാത്രമേയുള്ളു.നമ്മുടെ മൈസൂർപാക്ക്. കർണാടകയിലെ പഴയ മൈസൂർ രാജ്യത്തു ജനിച്ചതിനാലാവാം മൈസൂർപാക്കിനു ആ പേരു ലഭിച്ചതെന്നു പറയുന്നു. പക്ഷേ കക്ഷിയുടെ ചരിത്രമറിയാൻ ഒരു രക്ഷയുമില്ല. 19ാംനൂറ്റാണ്ടിലാണ് മൈസൂർപാക്ക് കഴിച്ചു തുടങ്ങിയതത്രേ!