Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശൂരൻപടയുടെ ചെമ്പട കൊട്ടി കോലം തുള്ളും താളം..., നെയ്യപ്പരുചിയും

വി. മിത്രൻ

ശൂരസംഹാരം ആഘോഷിക്കാനൊരുങ്ങുന്ന തിരുവണ്ണൂരിലൂടെ ഒരു രുചിയാത്ര 

‘ശൂരൻപടയുടെ ചെമ്പട കൊട്ടി
കോലം തുള്ളും താളം...’

മലയാളിയുടെ മനസിൽ ചടുലതാളത്തിൽ കയറിക്കൂടിയ ‘നരൻ’സിനിമയിലെ ഗാനം. എന്താണീ ശൂരൻപട എന്ന അന്വേഷണയാത്ര ചെന്നവസാനിച്ചത് മാങ്കാവിനു സമീപം തിരുവണ്ണൂർ എന്ന ഗ്രാമത്തിലാണ്. തിരുവണ്ണൂരുകാർ വീണ്ടുമൊരുക്കത്തിലാണ്. സ്കന്ദഷഷ്ഠി ദിനത്തിലാണ് ഈ നാടിന്റെ ഉത്സവമായ ശൂരസംഹാരം നടക്കുന്നത്. ശരിയായിരിക്കും. ഈ നാട്ടുകാരനായ രഞ്ജൻ പ്രമോദ് എന്ന തിരക്കഥാകൃത്തിന്റെ തൂലികത്തുമ്പിൽ  പിറന്ന സിനിമയാണ് നരൻ. പോയ കാലത്തെക്കുറിച്ച് വീമ്പു പറയാതെ മയങ്ങുന്ന, ഏറെ പ്രത്യേകതകളുറങ്ങുന്ന മണ്ണാണിത്.

thiruvanoor-01

തിരക്കേറിയ നഗരത്തിനോടു തൊട്ടുകിടക്കുന്ന ഗ്രാമമെന്നാണ് തിരുവണ്ണൂരെത്തുമ്പോൾ ആദ്യം മനസിൽ തോന്നുക. ആലും ആൽത്തറയും ചിറയും കുളവും നാട്ടിടവഴികളും വായനശാലയും പോസ്റ്റോഫീസുമൊക്കെ തൊട്ടുതൊട്ടുനിൽക്കുന്ന ഗ്രാമം. വീതി കുറഞ്ഞ നാട്ടുവഴികളിൽ ചെറിയ ചായക്കടകൾ. മുഖത്തോടു മുഖം നോക്കി നിൽക്കുന്ന രണ്ടു ക്ഷേത്രങ്ങൾ. വഴിയരികിലെ വീടുകൾക്ക് പഴമയുടെ മണം. 

ഏക്കറുകളോളം പരന്നുകിടക്കുന്ന സാമൂതിരി കോവിലകം. ഒരറ്റത്ത് ശിവക്ഷേത്രമുണ്ട്. പണ്ട് സാമൂതിരിക്കോവിലകത്തെ സഹായത്തിനായി തമിഴ് വംശജരെ ഇവിടെ താമസിപ്പിച്ചിരുന്നു. അവർ ഈ മണ്ണിൽ വേരുറപ്പിച്ചപ്പോൾ‍ തമിഴ്നാട്ടിൽനിന്ന് തങ്ങളുടെ പ്രിയദേവതയായ സുബ്രഹ്മണ്യനെയും കൂടെക്കൊണ്ടുവന്നു. ഇവിടെ ക്ഷേത്രമുണ്ടാക്കി ആരാധിച്ചു.

തമിഴ് പാരമ്പര്യത്തിൽ ശൂരൻപോര് എന്നറിയപ്പെടുന്ന ശൂരസംഹാരം തിരുവണ്ണൂരിൽ ശൂരമ്പട എന്ന പേരിലും ആചരിക്കപ്പെട്ടു പോന്നു. ഇന്ന് പ്രദേശം മുഴുവനും മലയാളികളാണ്. പക്ഷേ ആ പഴമയുടെ ആഘോഷം മറക്കാൻ ആരും തയാറല്ല. ജാതിമത വ്യത്യാസങ്ങളില്ലാതെ തോളോടുതോൾ ചേർന്ന് തിരുവണ്ണൂരുകാർ ഉൽസത്തിനുള്ള തയാറെടുപ്പിലാണ്.

ക്ഷേത്രമതിലിനു നിറം ചാർത്തി ഹഫീസ, ഇതു മതസൗഹാർദത്തിന്റെ ഉൽസവക്കാഴ്ച

അസുരനിഗ്രഹത്തിനായി യുദ്ധം ചെയ്യാൻ പോകുന്നതിനു മുൻപ് സുബ്രഹ്മണ്യ സ്വാമി തന്റെ മാതാപിതാക്കളെ വന്ദിക്കുകയും അനുവാദം വാങ്ങാൻ പോകുന്നവെന്ന സങ്കൽപത്തിൽ തിരുവണ്ണൂർ മഹാദേവക്ഷേത്രത്തിലും പന്നിയങ്കര ദേവീക്ഷേത്രത്തിലും രഥഘോഷയാത്രയായി പോയ ശേഷമാണ് ശൂരൻപോരിന്റെ വേദിയായ ആൽത്തറയിൽ എത്തുന്നത്. താരകാസുരൻ‍, ശൂരപത്മാസുരൻ, വീരബാഹു എന്നിവരുടെ കൂറ്റൻ കോലങ്ങളുള്ള കൈവണ്ടികളും ഗണപതി ഭഗവാന്റെയും സുബ്രഹ്മണ്യ സ്വാമിയുടെയും രഥങ്ങളും ആൽത്തറയ്ക്കു ചുറ്റും യുദ്ധാന്തരീക്ഷം സൃഷ്ടിക്കും. വലിയ ചക്രങ്ങളുള്ള കൈവണ്ടി റോഡിലൂടെ പടവെട്ടുകയും ചെണ്ടയുടെയും ആളുകളുടെയും ആരവവും ഉയരുമ്പോൾ അവിടം പറഞ്ഞറിയിക്കാൻ കഴിയാത്തവിധമുള്ള അന്തരീക്ഷമാകും. ഒടുവിൽ അസുരനിഗ്രത്തിനുശേഷം ആഘോഷവും നടക്കും.

നെയപ്പം തിന്നാൽ...

കഥകളോർത്തുള്ള നടത്തം ചെന്നെത്തിയത് തിരുവണ്ണൂർ കവലയിലെ ചെറിയ ചായക്കടയിലാണ്. ഇന്ത്യയുടെ രുചിഹൃദയം നാടൻ ചായക്കടകളിലാണ് കുടികൊള്ളുന്നത് എന്നു പറയാൻ തോന്നും.

കടയിൽ ശിവൻ ചായ നീട്ടിയടിക്കുന്ന തിരക്കിലാണ്. പുറത്ത് നല്ല നെയ്യപ്പം ചൂടോടെ എണ്ണയിൽനിന്ന് കോരിത്തൂക്കിയെടുത്ത് മരയലമാരിയിൽ നിരത്തിക്കഴിഞ്ഞു. മീഡിയം ചായയുടെ ആർ‍ഭാടത്തിനൊപ്പം നെയ്യപ്പത്തിലെക്ക് കൈ നീണ്ടു. നല്ല മൊരിഞ്ഞ നെയപ്പം. വറുത്തുകോരിയത് പാകത്തിനായതിനാൽ അധികം ഇരുണ്ട നിറമില്ല. മധുരം ആവശ്യത്തിനുമാത്രം. കറുമുറെ കടിക്കുമ്പോൾ ഒരു ഗ്രാമത്തിന്റെ മുഴുവൻ സൗന്ദര്യവും നെയ്യപ്പത്തിന്റെ ‘ഠാ’ വട്ടത്തിൽ വന്നുനിൽക്കും. ചായയ്ക്കും നെയ്യപ്പത്തിനും മേമ്പൊടിയായിട്ട് ശൂരസംഹാരത്തിന്റെ കഥയും.