Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം ലോക മഹായുദ്ധ കാലത്ത് കാരറ്റ് ബ്രിട്ടന്റെ രക്ഷകനായി!

എം. മുഹമ്മദ് ഷാഫി
carrot

രുചിയുടെ ലോകത്ത് കാരറ്റ് ഓന്തിനെപ്പോലെയാണ്. എന്നാൽ വെളുത്ത നിറത്തിൽ നിന്നു പർപ്പിളും പിന്നീട് ഓറഞ്ച് നിറവുമെല്ലാമായി കാരറ്റ് പലനിറങ്ങൾ മാറിയത് ആയിരക്കണക്കിന് വർഷങ്ങളെടുത്താണ്. ആദ്യകാലത്ത് ഭക്ഷ്യയോഗ്യമല്ലാത്ത വെറുമൊരു കള മാത്രമായിരുന്നെങ്കിൽ ഇന്നിത് ലോകത്തെ ഏറ്റവുമിഷ്ടപ്പെടുന്ന 10 പച്ചക്കറികളിൽ ഒന്നാണ്. 

കാരറ്റിന്റെ ജന്മദേശം ഹിമാലയവും ഹിന്ദുകുഷ് പർവതവും സംഗമിക്കുന്ന പ്രദേശമാണ്. പഴയ പേർഷ്യയിലെ ഈ പ്രദേശം ഇന്ന് അഫ്ഗാനിസ്ഥാനിലാണ്. ഇവിടെ നിന്ന് കാരറ്റ് വിത്തുകൾ കച്ചവടപാതകൾ വഴി മധ്യപൂർവേഷ്യയിലേക്കും മറ്റും പോയി. ഈ സമയത്ത് കാരറ്റിന്റെ ഇലകളും വിത്തുകളും മരുന്നിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. 

മധ്യ, പടിഞ്ഞാറൻ ഏഷ്യയിൽ ഇതിന്റെ കൃഷി 3000 ബിസിയോടടുപ്പിച്ച് തുടങ്ങി. പർപ്പിൾ നിറത്തിലുള്ള കാരറ്റാണ് ആദ്യം കൃഷി ചെയ്തത്. പിന്നീട് പല നൂറ്റാണ്ടുകളോളം ഈ കാരറ്റാണുണ്ടായിരുന്നത്.  

പ്രാചീന റോമാക്കാർ കാരറ്റ് ലൈംഗിക ഉത്തേജന ഔഷധമായും വിഷ ചികിത്സയ്ക്കും ഉപയോഗിച്ചിരുന്നു. കാരറ്റ് ചെടിയുടെ വേര് കഴിക്കാനാവുന്നതാക്കി മാറ്റാൻ റോമാക്കാർ ശ്രമങ്ങൾ നടത്തി. ബിസി ഒന്നാം നൂറ്റാണ്ടിലെ റോമൻ സാഹിത്യത്തിൽ കാട്ടുകാരറ്റ്, കൃഷി ചെയ്യുന്ന കാരറ്റ് എന്നിങ്ങനെ രണ്ട് തരം കാരറ്റുകളെക്കുറിച്ചു പറയുന്നുണ്ട്. കാട്ടുകാരറ്റ് കഴിക്കാനാവില്ല, കൃഷി ചെയ്യുന്നതുമാത്രമാണ് കഴിച്ചിരുന്നത്. അക്കാലത്തെഴുതിയ കാരറ്റ് വിഭവങ്ങളുടെ റോമൻ പാചകക്കുറിപ്പുകളുണ്ട്. കാരറ്റ് പ്രധാനഘടകമായി വരുന്ന വിഭവങ്ങളാണവ. മധ്യകാലത്ത് പ്രധാനമായും കാരറ്റ് മരുന്നിനായാണ് ഉപയോഗിച്ചിരുന്നത്. 11ാം നൂറ്റാണ്ടിലെ ആരോഗ്യ സംബന്ധിയായ പുസ്തകം ടാക്കൂനം സാനിറ്റേറ്റിസിൽ കാരറ്റ് കൃഷി ചെയ്യുന്നതിന്റെ ചിത്രീകരണമുണ്ട്. 

potato-carrot

5–ാം നൂറ്റാണ്ടിന് ശേഷം കാരറ്റിന്റെ വളർച്ചയും വികാസവും അറബ് ലോകത്തായി. അടുത്ത ചില നൂറ്റാണ്ടുകളിലാണ് ചുവപ്പ്, മഞ്ഞ, പർപ്പിൾ നിറങ്ങളിലുള്ളതും പല രുചികളിലുള്ളതുമായ കാരറ്റുകളുണ്ടായത്. ആദ്യം കാട്ടിലുണ്ടായ കാരറ്റ് വെളുത്ത നിറത്തിലുള്ളതായിരുന്നു. 

കച്ചവടക്കാർ സിൽക് റൂട്ട് വഴി കിഴക്കോട്ട് ഇന്ത്യ, ചൈന, ജപ്പാൻ എന്നിവിടങ്ങളിലേക്കും പടിഞ്ഞാറ് യൂറോപ്പിലേക്കും ഇതു കൊണ്ടുപോയി. നല്ല മധുരമുള്ള അറബ് കാരറ്റ് യൂറോപ്പിലെത്തിയപ്പോൾ അവിടുത്തെ ഭക്ഷണത്തിലെ ഒരു പ്രധാനഘടകമായി വളരെപ്പെട്ടെന്നിതു മാറി. കിഴക്കൻ കാരറ്റ്, പടിഞ്ഞാറൻ കാരറ്റ് എന്നിങ്ങനെ രണ്ടു വിഭാഗമായി കാരറ്റുകളെ തരം തിരിച്ചിട്ടുണ്ട്. തുർക്കി, അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, ഇന്ത്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലെ കാരറ്റിനെയാണ് കിഴക്കൻ കാരറ്റുകളെന്ന് വിളിക്കുന്നത്. പർപ്പിൾ, മഞ്ഞ നിറങ്ങളിലുള്ളവയാണ് ഇതിൽ കൂടുതൽ. യൂറോപ്പിലുള്ളവയെയാണ് പടിഞ്ഞാറൻ കാരറ്റുകളെന്ന് വിളിക്കുന്നത്. ഓറഞ്ച്, ചുവപ്പ്, വെളുപ്പ് നിറങ്ങളിലുള്ളവയാണ് ഇവ. 

Carrots

8ാം നൂറ്റാണ്ടിൽ യൂറോപ്പിലെ ചക്രവർത്തിയായിരുന്ന ചാൾസ് ഒന്നാമൻ തന്റെ സാമ്രാജ്യത്തിൽ വളർത്തേണ്ട പച്ചക്കറികളുടെ കൂട്ടത്തിൽ കാരറ്റും ഉൾപ്പെടുത്തിയിരുന്നു. 13ാം നൂറ്റാണ്ടായപ്പോൾ കാരറ്റ് പടിഞ്ഞാറ്, മധ്യയൂറോപ്പിൽ വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങി. മഞ്ഞ നിറമുള്ള കാരറ്റായിരുന്നു കൂടുതലായി കൃഷി ചെയ്തത്. 17ാം നൂറ്റാണ്ടായപ്പോൾ ഡച്ചുകാർ ബ്രീഡിങ് പ്രോഗ്രാം തുടങ്ങി. കുറച്ചുകൂടി മധുരമുള്ളതും ഒരേപോലെയുള്ളതുമായ കാരറ്റ് ഉണ്ടാക്കാനായിരുന്നു ശ്രമം. ഇതിന്റെ ഫലമായി ഓറഞ്ച് നിറത്തിലുള്ള ഇന്നുകാണുന്ന പോലുള്ള കാരറ്റുകളുണ്ടായി. ഫ്രഞ്ച് ഹോർട്ടികൾച്ചറിസ്റ്റ് ലൂയിസ് ഡെ വിൽമൊറിൻ 19ാം നൂറ്റാണ്ടിൽ ബ്രീഡിങ് നടത്തിയാണ് നാന്റ്, ചാന്റിനെ എന്നീ ഇനങ്ങളുണ്ടാക്കിയത്. ഇന്ന് ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ കാരറ്റ് ഉൽപാദിപ്പിക്കുന്ന രാജ്യങ്ങൾ. വിവിധ നിറത്തിലും രൂപത്തിലും വലുപ്പത്തിലുള്ള ഒട്ടേറെതരം കാരറ്റുകൾ ഇന്ന് ലോകത്തിന്റെ പലഭാഗങ്ങളിലായുണ്ട്. എങ്കിലും ഓറഞ്ച് നിറത്തിലുള്ള കാരറ്റാണ് കൂടുതലായി കൃഷി ചെയ്യുന്നത്. 

carrot-ginger-smoothie

രണ്ടാം ലോക മഹായുദ്ധം : ഡി ഡെയും കാരറ്റും

രണ്ടാം ലോക മഹായുദ്ധം തുടങ്ങുന്ന കാലത്ത് ബ്രിട്ടൻ രാജ്യത്തിനാവശ്യമായ ഭക്ഷണത്തിന്റെ 70 ശതമാനവും ഇറക്കുമതി ചെയ്യുകയായിരുന്നു. യുദ്ധം തുടങ്ങിയതോടെ കപ്പലുകളിലൂടെയുള്ള ഈ ഭക്ഷ്യ വിതരണ സംവിധാനം നാസിപ്പട തടഞ്ഞു. ഇവിടെയാണ് കാരറ്റ് ബ്രിട്ടന്റെ രക്ഷകരായി മാറുന്നത്. അന്ന് റേഷൻ ഏർപ്പെടുത്തിയ ഭക്ഷ്യ വസ്തുക്കളുടെ കൂട്ടത്തിൽ കാരറ്റ് ഉണ്ടായിരുന്നില്ല. കാരറ്റ് കൃഷിയെ സർക്കാർ പ്രോത്സാഹിപ്പിച്ചു. ഡോക്ടർ കാരറ്റ് എന്ന പേരിൽ കാംപെയിനും നടത്തി. ഇതോടെ വേണ്ടത്ര കാരറ്റ് രാജ്യത്ത് ലഭ്യമായതോടെ യുദ്ധകാലത്തെ അതിജീവനത്തിന്റെ ഭക്ഷണമായി മാറി കാരറ്റ്. 

carrot

മറ്റൊന്ന് രണ്ടാംലോക മഹായുദ്ധവുമായി ബന്ധപ്പെട്ടു പ്രസിദ്ധമായ ഡി ഡേയുമായി കാരറ്റിനുള്ള ബന്ധമാണ്. ഫ്രാൻസിലേക്ക് അധിനിവേശം നടത്തിയ ജർമൻ സൈന്യത്തെ ഇംഗ്ലീഷ് ചാനൽ കടന്നെത്തിയ സഖ്യകക്ഷി സൈന്യം (അമേരിക്ക, ബ്രിട്ടൻ, കാനഡ) കീഴടക്കിയ ദിനമാണ് 1944ലെ ജൂൺ അഞ്ചിലെ ഡി ഡേ. ഇതിനു തലേ ദിവസം ബങ്കറുകളിലും മറ്റും ഒളിച്ചിരുന്ന ഫ്രാൻസിലെ ജനങ്ങളും പട്ടാളക്കാരും റേഡിയോ സന്ദേശമായി ‘ദ് കാരറ്റ് ആർ കുക്ക്ഡ്’ എന്ന വാചകം പലതവണ കേട്ടു. തങ്ങളുടെ വരവ് അറിയിക്കുന്നതിനുള്ള സഖ്യസൈന്യത്തിന്റെ കോഡ് വാക്കായിരുന്നു ഇത്. ഫ്രഞ്ച് സ്റ്റ്യൂയിൽ അവസാനമായി ഇടുന്ന പച്ചക്കറിയാണ് കാരറ്റ്. പിറ്റേന്ന് 24000 സഖ്യസൈനികരെത്തി നാസി അധിനിവേശത്തിൽ നിന്ന് ഫ്രാൻസിനെ മോചിപ്പിച്ചത് ചരിത്രം.

carrot