മഴ ചാറുന്നൊരു സന്ധ്യയിൽ മാവൂർറോഡിലൂടെ നടന്നിട്ടുണ്ടോ? സോഡിയം വേപ്പർലാമ്പിന്റെ വെളിച്ചം വീണുകിടക്കുന്ന മാവൂർ റോഡിലൂടെയുള്ള നടത്തം ഗൃഹാതുരതയാണ്.
പണ്ട് ചതുപ്പായി കിടന്നിരുന്ന പ്രദേശത്തുകൂടെ റോഡ് വന്നിട്ട് ഒരു നൂറ്റാണ്ട് തികഞ്ഞിട്ടില്ല. നഗരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് പ്രായം കുറവാണ് ഈ റോഡിന്. കൈരളി തീയറ്ററും കെഎസ്ആർടിസി സ്റ്റാൻഡുമൊക്കെ കണ്ട്് പതുക്കെയുള്ളൊരു നടത്തം. കോഴിക്കോടെന്ന നഗരത്തിന്റെ വികസനത്തിന്റെ കഥ അറിയണമെങ്കിൽ ഇതിലെയൊന്നു നടക്കണം. കല്ലായിയിൽ തുടങ്ങി പാളയവും മാനാഞ്ചിറയും നടക്കാവും വരെ നീളത്തിലായിരുന്നു ഒരിക്കൽ ഈ നഗരത്തിന്റെ കിടപ്പ്. മാവൂർ റോഡ് വന്നതോടെയാണ് ഈ നഗരം പരന്നു വളരാൻ തുടങ്ങിയത്. വേരുറപ്പിക്കാൻ തുടങ്ങിയത്.
നടന്നു നടന്നു നടന്ന് മാവൂർ റോഡിലെ കോഫീ ഹൗസിനുമുന്നിലെത്തുമ്പോൾ പണ്ടുതൊട്ട് ഇടത്തോട്ടു വലിവ് പതിവാണ്. ഈ വഴി പോവുമ്പോൾ കോഫിഹൗസിൽ കയറി ഒരു മസാലദോശയോ കട്‌ലറ്റോ കഴിക്കാതിരിക്കാൻ ആർക്കും കഴിയില്ല.
‘ഞാനെന്റെ ജീവിതം അളന്നുതീർത്തത് കോഫീ സ്പൂണുകൾ കൊണ്ടാണ്’ എന്ന് പണ്ടുപണ്ടൊരിക്കൽ ടി.എസ്. എലിയട്ട് പറഞ്ഞിട്ടുണ്ട്. ഓരോ യാത്രകളും വഴിയരികിലെ കാപ്പി കുടികൾക്കിടയിലുള്ള ഇടവേളകളിലാണ് സംഭവിക്കുന്നത് എന്നു തോന്നുന്നു.
കോഫിഹൗസിലെ ഉപ്പുപാത്രംപോലെയാണ് പ്രണയം എന്നൊക്കെ വാട്സാപ് മെസേജ് പ്രചരിക്കുന്നുണ്ട്. എത്ര കുടഞ്ഞാലും വീഴില്ല, വീണാൽ അടപ്പോടെ വീഴും. ഉള്ളു ചുവന്നുതുടുത്ത പ്രണയം പോലുള്ള മസാലദോശ. ബീറ്റ്റൂട്ടിന്റെ ഹൃദയം തൊട്ടുള്ള സോസ്. കിരീടം വച്ച വെയ്റ്റർമാർ. ‘കാതൽ എൻട്രതു കാപ്പിയൈ പോലെ, ആറിപ്പോനാൽ കശക്കും..’ എന്നു തമിഴൻ പാടിയതു കോഫിഹൗസിൽ വന്നിരുന്നിട്ടാവും.
ആ കാപ്പിക്കപ്പിലെ കൊടുങ്കാറ്റ്
കോഫിഹൗസിൽ ഇരുന്ന് കാപ്പി ഓർഡർചെയ്യുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിവരിക ആത്മാഭിമാനമുള്ള തൊഴിലാളിവർഗത്തിന്റെ വിജയകഥയാണ്. മൈസൂർ കോഫി ബോർഡിൽനിന്ന് ഇന്ത്യൻ കോഫീഹൗസെന്ന പ്രസ്ഥാനത്തിലേക്ക് തൊഴിലാളികളെ നയിച്ച ചരിത്രം എത്ര തവണ കേട്ടതാണ്!.
മാവൂർ റോഡിലെ കോഫീഹൗസ് പഴയ പ്രതാപവും പേറി ഇപ്പോഴും നിൽക്കുകയാണ്. മലബാറി രുചികളെന്ന പേരിൽ മറ്റു ഹോട്ടലുകളിൽ വന്ന പരിഷ്കാരമൊന്നും ഇവിടെയില്ല. അന്നും ഇന്നും ഒരേ മെനു. അത്രയ്ക്ക് അത്യാവശ്യമുള്ള കാലത്തു മാത്രമേ കോഫീബോർഡ് സഹകരണ സൊസൈറ്റിയുടെ ഭരണസമിതി യോഗം ചേർന്ന് ഭക്ഷണവില കൂട്ടുന്ന കാര്യം ചർച്ച ചെയ്യൂ. നഗരത്തിൽ നാലഞ്ച് കോഫിഹൗസുകളുണ്ട്. ആരാധന ടൂറിസ്റ്റ്ഹോമിനോടു ചേർന്ന കോഫിഹൗസിലും മാവൂർ റോഡ് കോഫിഹൗസിലുമായിരിക്കും ഏറ്റവുമധികം ആളുകൾ വന്നുപോവുന്നത്. മാവൂർറോഡിലെ കോഫീഹൗസിൽ മാത്രം ഉച്ചയ്ക്ക് ആയിരത്തിലധികം പേരാണ് ഊണുകഴിക്കാനെത്തുന്നത്.
കോഴിക്കോട്ട് ആദ്യം കടപ്പുറത്തൊരു കോഫിഹൗസുണ്ടായിരുന്നു. പിന്നീട് മാവൂർറോഡിലെ വെസ്റ്റേൺ ടൂറിസ്റ്റ്ഹോമിൽ തുടങ്ങി. ആ കോഫിഹൗസാണ് 1982ൽ ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറിയതെന്ന് ജീവനക്കാർ പറയുന്നു.
കഥ പറഞ്ഞു തീർന്നപ്പോഴേക്ക് കാപ്പി വന്നു. കുരു ഉണക്കിവറുത്ത് പൊടിച്ചു തയാറാക്കിയ കാപ്പിപ്പൊടിയുടെ ഗന്ധം. കൂടെ ചുവന്നുതുടുത്ത കട്‌ലറ്റ്. മധുരത്തിൽപൊതിഞ്ഞ സോസ്...ഈ രുചി, നമ്മുടെ ശീലമാണ്.