പൊട്ടിത്തെറിക്കുന്ന രുചിബോംബ് തേടി...

മാനാഞ്ചിറയില്ലാതെ ഈ നഗരത്തിന്റെ കാഴ്ചകൾ അപൂർണമാണ്, യാത്രകൾ അർഥരഹിതമാണ്. മാനാഞ്ചിറയിലെ അൻസാരി പാർക്കിൽ പോയിരുന്നാൽ മലയാള സാഹിത്യത്തിലെ ചില കഥാപാത്രങ്ങളെ കാണാം. ഓമഞ്ചിയും ഭീമനുമൊക്കെ എംടിയുടെയും പൊറ്റെക്കാന്റെയും പുസ്തകങ്ങളിൽനിന്നിറങ്ങി വന്ന് ശിൽപങ്ങളായി നിൽക്കുന്ന കാഴ്ച. അൻസാരി പാർക്കിന്റെ എതിർവശത്തായി ബ്രിട്ടീഷ് നിർമിതിയുടെ സകല സൗന്ദര്യവും ആവാഹിച്ച മോഡൽ സ്കൂൾ കെട്ടിടം. പഴമ നിലനിർത്തി സംരക്ഷിച്ചിരുന്നെങ്കിൽ എത്ര  നന്നായേനെ എന്നു തോന്നിപ്പോവുന്ന കെട്ടിടമാണിത്. പക്ഷേ നവീകരണത്തിന്റെ വഴിയിൽ പഴമയൊക്കെ തൂത്തെറിയാനല്ലേ നമുക്കിഷ്ടം. തൊട്ടപ്പുറത്ത് ഹെഡ്പോസ്റ്റോഫീസിന്റെ കെട്ടിടവും തലയുയർത്തി നിൽക്കുന്നുണ്ട്. പോയ കാലത്തിന്റെ പ്രതാപവും പേറി നിൽക്കുന്ന മറ്റൊരു കെട്ടിടം. കത്തെഴുതാൻ ആർക്കും താൽപര്യമില്ലാത്ത കാലത്ത് പോസ്റ്റോഫീസുകളിൽ വന്നുനിറയുന്നത് സർക്കാർ ഉത്തരവുകളും സ്പീഡ് പോസ്റ്റ് അപേക്ഷകളുമാണത്രേ. അതുകൊണ്ട്  പുതിയ കാലത്തിനൊത്ത് ബാങ്കിങ്ങിലേക്കുള്ള ചുവടുമാറ്റത്തിലാണ് പോസ്റ്റോഫീസും. മുന്നിൽ ചുവന്നയുടുപ്പിട്ടുനിൽക്കുന്ന എടിഎം കൗണ്ടർ കണ്ടില്ലേ!

കത്തുപോയ വഴിയേ

പണ്ടൊരുകാലത്ത് കത്തുകളായിരുന്നു പ്രധാന ആശയ വിനിമയമാർഗം. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കത്തുകളെത്തിക്കാൻ അഞ്ചലോട്ടക്കാർ എന്നൊരു വിഭാഗം 

ജീവനക്കാർതന്നെയുണ്ടായിരുന്നു. കത്തുകളടങ്ങിയ ബാഗും തോളിലേന്തി, മണി പിടിപ്പിച്ച വടി കുലുക്കി ദിവസവും കിലോമീറ്ററുകളോളം ഓടുന്ന അഞ്ചലോട്ടക്കാർ. 

1844ൽ മലബാർ പോസ്റ്റ്മാസ്റ്റർ കലക്്ടർക്കു നൽകിയ ഒരു റിപ്പോർട്ടുണ്ട്. അതിൽ പറയുന്നതുപ്രകാരം കോഴിക്കോടു നിന്ന് പൊന്നാനി വരെ  5 ഓട്ടക്കാരാണ് ഓടിയിരുന്നത്. തലശ്ശേരിയിലേക്ക് 7 പേരും എടയ്ക്കലേക്ക് 8 പേരും ഫറോക്കിലേക്ക് ഒരാളുമാണ് ഓടിയിരുന്നതത്രേ. ആർക്കെങ്കിലും ഇക്കാര്യം ഇന്നു സങ്കൽപ്പിക്കാൻ കഴിയുമോ?  ഓടിയോടി കുഴഞ്ഞുവീണിട്ടുണ്ടാവും, പാവങ്ങൾ!

നീളെ നീളെ, യാത്രകൾ

മോഡൽ സ്കൂളിനും പോസ്റ്റോഫീസിനുമിടയിലൂടെ ഒരു ചെറിയ ഇടവഴിയുണ്ട്.പടികൾ ഇറങ്ങി ഇടവഴിയിലൂടെ നടന്നാൽ റെയിൽവേ പാളത്തിനടുത്തെത്തും. മറുപുറത്ത് റോഡിലേക്കിറങ്ങിയാൽ ചെറൂട്ടി റോഡിലേക്ക് നീണ്ടു കിടക്കുന്ന ഒരു റോഡുണ്ട്. നളന്ദ ഓഡിറ്റോറിത്തിന്റെ മുന്നിലൂടെ അൽപം മുന്നോട്ടു ചെല്ലുമ്പോൾ ഇടതുവശത്തൊരു പുതിയ കട കണ്ണിലുടക്കി. കറുപ്പും മഞ്ഞയും കലർന്ന അന്തരീക്ഷം. മഞ്ഞ അക്ഷരങ്ങളിൽ ബെറി ബോംബ് എന്ന പേര് തലയുയർത്തി നിൽക്കുന്നു. ഇറ്റാലിയൻ റെസ്റ്റോറന്റ് എന്നൊരു വിശേഷണമാണ് ഫെയ്സ്ബുക്കിൽ കണ്ടത്.    

അകത്തേക്കു കയറുമ്പോൾ ഇടതുവശത്തേക്ക് കോണിപ്പടികൾ. ചുവരെഴുത്തുകളിൽ ഇത്തിരി കൗതുകം ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ‘നെവർ ട്രസ്റ്റ് എ സ്കിന്നി കുക്ക്’ എന്നൊക്കെ എഴുതിവച്ചാൽ ഭക്ഷണം കൊണ്ടുവരുന്നവൻ മെലിഞ്ഞിട്ടാണോ എന്ന് ആരായാലും ചിന്തിച്ചുപോവും.

∙മനംനിറയെ പെപ്പറും പീനട്ടും

അധികം പരീക്ഷണ നിരീക്ഷണങ്ങൾക്ക്് ഇടനൽകാതെ ‘ബീഫ് സ്പാഗെറ്റി വിത്ത് പെപ്പർ സോസി’നെയും ‘ചില്ലി ചീസ് ഫ്രൈസി’നെയും മാടിവിളിച്ചു. കുടിക്കാൻ ‘പീനട്ട് ബട്ടർ ആപ്പിൾ  സ്മൂത്തി’യെ കൈവീശി വിളിച്ചു.

മരത്തടി കൊണ്ടുള്ള താലത്തിൽ ആവി പറക്കുന്ന ‘ചില്ലി ചീസ് ഫ്രൈസ്’ വന്നു.  ചീസിൽ മുങ്ങി ലയിച്ചു കിടക്കുന്ന ഫ്രെഞ്ച് ഫ്രൈസ്. പരസ്പരം ഇണപിരിയാനാവാത്ത പ്രണയത്തിലാണ് രണ്ടും. 

ഉരുളുക്കിഴങ്ങും ചീസും ചേരുമ്പോഴുള്ള വശ്യത. മേമ്പൊടിക്ക് അൽപം മുളകുതരികൾ. 

തൊട്ടുപിറകെ  ബീഫ് സ്പാഗെറ്റിയെത്തി. പെപ്പർ സോസിൽ കുഴഞ്ഞു മറിഞ്ഞുകിടക്കുകയാണ് കക്ഷി. കുരുമുളകിന്റെ എരിവിൽ മിതത്വം. തത്വാധിഷ്ടിതമായയി പറഞ്ഞാൽ അധികം സ്പൈസിയല്ലാതെ ഒരു സമദൂര സിദ്ധാന്തത്തിലാണ് കക്ഷി.

വലിയൊരു ഗ്ലാസു നിറയെ വെളുത്തുകൊഴുത്ത സ്മൂത്തി തൊട്ടുപിറകെയെത്തി. ‘ഹൗ...ബല്ലാത്തജ്ജാതി കോമ്പിനേഷൻ!’ എന്നു മനസിലോർത്താണ് ഓർഡർ ചെയ്തത്. പേരുപോലെ കടലയുടെ  രുചിയാണ് ഇത്തിരി മുന്നിൽനിൽക്കുന്നത്. ഒപ്പത്തിനൊപ്പം പാലും ആപ്പിളും ലയിച്ചുചേർന്നിട്ടുണ്ട്. ഇനി ഇറ്റലിയിൽപോയാൽ രണ്ടുമൂന്ന് പരിചയക്കാരുണ്ടല്ലോ എന്ന സന്തോഷത്തിലാണ് പടികളിറങ്ങിയത്.